ആരോഗ്യപ്രവർത്തകർക്കു നേരെ ആക്രമണം: 7 വർഷം വരെ തടവ്, 5 ലക്ഷം വരെ പിഴ
Mail This Article
തിരുവനന്തപുരം ∙ ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്ക് 7 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിൽ നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പാരാമെഡിക്കൽ വിദ്യാർഥികൾക്കും സെക്യൂരിറ്റി ജീവനക്കാർക്കും കൂടി നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കിയാണു 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസ് ഇറക്കുക. ഗവർണർ ഒപ്പു വയ്ക്കുന്നതോടെ ഇതു നിലവിൽ വരും.
ആരോഗ്യപ്രവർത്തകരെ കഠിനമായി ദേഹോപദ്രവം ഏൽപിച്ചാൽ ഒരു വർഷം മുതൽ 7 വർഷം വരെ തടവു ലഭിക്കും. ഒന്നു മുതൽ 5 ലക്ഷം രൂപ വരെ പിഴയുമുണ്ട്. അക്രമം നടത്തുകയോ നടത്താൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ അക്രമത്തിനു പ്രോത്സാഹനം നൽകുകയോ ചെയ്താൽ 6 മാസം മുതൽ 5 വർഷം വരെ തടവുശിക്ഷയും 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
ആരോഗ്യപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള അക്രമം സംബന്ധിച്ച കേസിന്റെ വിചാരണ വേഗത്തിലാക്കാൻ എല്ലാ ജില്ലയിലും ഹൈക്കോടതി അനുമതിയോടെ പ്രത്യേക കോടതികൾ സ്ഥാപിക്കും. ഇതിനായി സ്പെഷൽ പ്രോസിക്യൂട്ടർമാരെ നിയോഗിക്കും. എഫ്‌ഐആർ റജിസ്റ്റർ ചെയ്തു 2 മാസത്തിനുള്ളിൽ കേസ് അന്വേഷണവും ഒരു വർഷത്തിനുള്ളിൽ വിചാരണയും പൂർത്തിയാക്കും.
ആംബുലൻസ് ഡ്രൈവർമാർക്കും മെഡിക്കൽ, പാരാമെഡിക്കൽ വിദ്യാർഥികൾക്കും ആശുപത്രിയിലെ സുരക്ഷാജീവനക്കാർക്കും നിയമത്തിന്റെ സംരക്ഷണം ലഭിക്കും. ആരോഗ്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന റജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷനർമാർ, റജിസ്റ്റർ ചെയ്ത നഴ്സുമാർ, മെഡിക്കൽ വിദ്യാർഥികൾ, നഴ്സിങ് വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്കാണ് ഇതുവരെ നിയമത്തിന്റെ സംരക്ഷണം ലഭിച്ചിരുന്നത്.
ഡോ. വന്ദന: കുടുംബത്തിനുള്ള നഷ്ടപരിഹാരം തീരുമാനിച്ചില്ല
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമത്തിന് ഇരയായി മരിച്ച ഹൗസ് സർജൻ ഡോ. വന്ദന ദാസിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം മന്ത്രിസഭ തീരുമാനിച്ചില്ല. കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെടാത്ത സാഹചര്യത്തിലാണു തീരുമാനം നീട്ടിയത്. സാധാരണ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ മരിക്കുന്നവരുടെ കുടുംബത്തിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ പരമാവധി 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം അനുവദിക്കാറുണ്ട്.
English Summary: Kerala Cabinet Meeting, Healthcare Professionals Safety Ordinance