ഭൂമി തരംമാറ്റൽ കേസിൽ ഹൈക്കോടതി; അധിക ഭൂമിക്ക് മാത്രം ഫീസ്
Mail This Article
കൊച്ചി ∙ തരംമാറ്റാനുള്ള ഭൂമി 25 സെന്റിൽ കൂടുതലാണെങ്കിൽ അധികമുള്ള സ്ഥലത്തിന്റെ മാത്രം ന്യായവിലയുടെ 10% ഫീസ് അടച്ചാൽ മതിയെന്നു ഹൈക്കോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയാണു ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
തൊടുപുഴ സ്വദേശി മൗഷ്‌മി ആൻ ജേക്കബ് നൽകിയ ഹർജിയിലാണ് അധിക ഭൂമിക്കു മാത്രം ഫീസ് വാങ്ങിയാൽ മതിയെന്നു സിംഗിൾ ബെഞ്ച് ഫെബ്രുവരിയിൽ ഉത്തരവിട്ടത്. ഈ ഉത്തരവാണു ഡിവിഷൻ ബെഞ്ച് ശരിവച്ചത്. വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയേക്കും
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 27 എ വകുപ്പ് പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നും അതിൽ കൂടുതലുള്ള ഭൂമി തരം മാറ്റുകയാണെങ്കിൽ ആകെയുള്ള ഭൂമിയുടെ 10% ന്യായവില അനുസരിച്ച് ഫീസീടാക്കാമെന്നുമായിരുന്നു സർക്കാർ വാദം. ചെറിയ അളവിൽ ഭൂമി തരം മാറ്റുന്നവരെ സഹായിക്കാനാണ് 25 സെന്റ് വരെയുള്ള ഭൂമിയുടെ തരംമാറ്റത്തിനു ഫീസിളവു നൽകിയിരിക്കുന്നത്. വലിയ അളവിൽ ഭൂമി തരം മാറ്റുന്നവർക്ക് ഈ ആനുകൂല്യം നൽകാനാവില്ല. ഇതു വ്യക്തമാക്കി 2021 ഫെബ്രുവരി 25 ന് ഉത്തരവു പുറപ്പെടുവിച്ചിരുന്നുവെന്നും സർക്കാർ വിശദീകരിച്ചു.
എന്നാൽ, സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ കാരണം കാണുന്നില്ലെന്നും നിയമ വ്യവസ്ഥകളും നിശ്ചയിച്ച ഫീസും അനുസരിച്ചാണു സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 36.65 സെന്റ് ഭൂമി തരം മാറ്റുന്നതിന് 1.74 ലക്ഷം രൂപ ഫീസായി അടയ്ക്കണമെന്ന റവന്യു നോട്ടിസ് ചോദ്യം ചെയ്താണ് മൗഷ്മി ആൻ ജേക്കബ് ഹൈക്കോടതിയെ സമീപിച്ചത്. പതിറ്റാണ്ടുകളായി തരിശുകിടക്കുന്ന ഭൂമി റവന്യു രേഖകളിൽ ‘നിലം' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഈ ഭൂമി ഡേറ്റ ബാങ്കിൽ നിന്നൊഴിവാക്കാൻ മുഴുവൻ ഭൂമിയും കണക്കിലെടുത്ത് ഫീസടയ്ക്കണമെന്നു സർക്കാർ പറഞ്ഞു. കോടതിയെ സമീപിച്ചപ്പോൾ 25 സെന്റിൽ അധികമുള്ള ഭൂമിയായ 11.65 സെന്റിന്റെ ന്യായവിലയുടെ 10% അടച്ചാൽ മതിയെന്നു സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതാണു സർക്കാർ ചോദ്യം ചെയ്തത്.
English Summary: Kerala High Court in land reclassification case; Fee is for additional land only