അനുപമ യുട്യൂബ് താരം; വരുമാനം ലക്ഷങ്ങൾ
Mail This Article
കൊല്ലം ∙ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ അനുപമ സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യം. യുട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവ സ്ഥിരമായി ഉപയോഗിക്കുന്ന അനുപമയ്ക്ക് സ്വന്തം വെബ്സൈറ്റുമുണ്ട്. കൊല്ലത്തെ ഇംഗ്ലിഷ് മീഡിയം സ്കൂൾ, ചാത്തന്നൂർ ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. മുളങ്കാടകം യുഐടിയിൽ ബികോം കംപ്യൂട്ടർ സയൻസ് പഠിച്ചെങ്കിലും പൂർത്തിയാക്കിയില്ല.
നായ്ക്കളോട് പ്രിയമുള്ള അനുപമ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളെ സംരക്ഷിക്കുകയും തെരുവുനായ്ക്കൾക്ക് വീടിനു പുറത്ത് ഭക്ഷണം നൽകുകയും ചെയ്യുമായിരുന്നു. ഇതിനാൽ തെരുവുനായ്ക്കൾ പെരുകിയതോടെ നാട്ടുകാർ പത്മകുമാറിനോട് പരാതി പറയുകയും തർക്കമുണ്ടാവുകയും ചെയ്തു.
anupamapathman.com എന്ന വെബ്സൈറ്റ് സംഭാവനകൾ സ്വീകരിക്കുന്നതിനാണ് ആരംഭിച്ചത്. 27 നായ്ക്കളുണ്ടെന്ന് ഇതിൽ പറയുന്നു. നായ്ക്കളുടെ പേരും ചിത്രവും വിവരങ്ങളും അവയോടുള്ള അടുപ്പത്തിന്റെ കഥകളും ഇംഗ്ലിഷിൽ വിശദമായി സൈറ്റിലുണ്ട്. ഇത്രയധികം നായ്ക്കളുള്ളത് അയൽവാസികൾക്കു ബുദ്ധിമുട്ടായതിനാൽ വാടകയ്ക്ക് സ്ഥലമെടുത്ത് ഷെൽറ്റർ ഹോം തുടങ്ങാനൊരുങ്ങിയെങ്കിലും സ്ഥലം കിട്ടിയില്ല. തുടർന്ന് സ്വന്തം ഡോഗ് ഷെൽറ്ററിനായി സ്ഥലം വാങ്ങാനാണു സംഭാവന ആവശ്യപ്പെടുന്നതെന്നാണ് വിശദീകരണം. ഇതിനായി വിവിധ പേയ്മെന്റ് രീതികളും അക്കൗണ്ട് വിവരങ്ങളും നൽകിയിട്ടുണ്ട്.
‘അനുപമ പത്മൻ’ എന്ന പ്രധാന ചാനലിൽ 5 ലക്ഷത്തിലേറെ സബ്സ്ക്രൈബർമാരുണ്ട്. വിദേശ സെലിബ്രിറ്റികളുടെ വിഡിയോ റിയാക്‌ഷനുകൾ, ഷോർട്സ്, ഫാഷൻ, ഡാൻസ് വിഡിയോകൾ എന്നിവയാണ് പ്രധാനമായും ചെയ്തിരുന്നത്. ഇതിൽ 7 കോടിയിലേറെ പേർ കണ്ട ഷോർട് വിഡിയോ അടക്കമുണ്ട്. 87 കോടി കാഴ്ചക്കാരാണ് യുട്യൂബ് ചാനലിന് ഇതുവരെ ലഭിച്ചിട്ടുള്ളത്.
നായ്ക്കളുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ദ് പത്‌മൻ എന്ന രണ്ടാം യൂട്യൂബ് ചാനലിൽ 3 വിഡിയോയും 1400 സബ്സ്ക്രൈബേഴ്സും മാത്രമാണുള്ളത്. പ്രധാന യൂട്യൂബ് ചാനലിലേതിനു സമാനമായ വിഡിയോകളാണ് 17,000 ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിലെ റീലുകൾക്കും ലക്ഷക്കണക്കിനു കാഴ്ചക്കാരുണ്ട്.