സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്: പ്രഖ്യാപനം ഉടൻ
Mail This Article
കൊച്ചി ∙ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ സഭാ സിനഡിൽ പൂർത്തിയായതായി സൂചന. തിരഞ്ഞെടുക്കപ്പെട്ടയാൾ ചുമതലയേൽക്കാൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ ഇന്നോ നാളെയോ പുതിയ മേജർ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പു പൂർത്തിയായ വിവരം മാർപാപ്പയെ ഇന്നലെ വൈകിട്ടുതന്നെ അറിയിച്ചുവെന്നാണ് അറിയുന്നത്. മേജർ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിക്കുന്നതോടെ സിനഡ് സമ്മേളനം അവസാനിക്കും.
സ്ഥാനാരോഹണം എന്ന് ഉണ്ടാകുമെന്നതിൽ വ്യക്തതയില്ല. സഭാ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണു സ്ഥാനാരോഹണം നടക്കേണ്ടത്. ബസിലിക്ക അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കീഴ്‌വഴക്കം പാലിക്കുമോ അതോ പുതിയ തീരുമാനങ്ങൾ ഉണ്ടാവുമോ എന്നും വിശ്വാസികൾ ഉറ്റുനോക്കുന്നു.
ഇതിനിടെ, വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽനിന്നുള്ള ഒരു മലയാളി വൈദികൻ ഇന്നലെ സഭാ ആസ്ഥാനത്തെത്തി സഭാ അഡ്മിനിസ്ട്രേറ്റർക്ക് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയുടെ സന്ദേശം കൈമാറിയതായി സൂചനയുണ്ട്. ബസിലിക്ക തുറക്കുന്ന കാര്യവും സഭാവൃത്തങ്ങൾ ചർച്ച ചെയ്തതായി അറിയുന്നു.