സിദ്ധാർഥൻ സംഭവം: നടപടിയുമായി പുതിയ വിസി; സസ്പെൻഷൻ ഒഴിവാക്കിയെടുത്ത പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി
Mail This Article
കൽപറ്റ ∙ പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ ജെ.എസ്. സിദ്ധാർഥന് അതിക്രൂര റാഗിങ് നേരിടേണ്ടിവന്ന സംഭവത്തെത്തുടർന്ന് മകനും സുഹൃത്തും ഉൾപ്പെടെ 33 പേരെ തിരിച്ചെടുത്ത സംഭവത്തിൽ വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറി കെ. ഷീബയെ തൽസ്ഥാനത്തുനിന്നു മാറ്റി. സ്ഥാനമേറ്റെടുത്തയുടൻ പുതിയ വൈസ് ചാൻസലർ ഡോ. കെ.എസ്. അനിൽ ആണ് നടപടി കൈക്കൊണ്ടത്.
ഭരണസൗകര്യാർഥമാണു പ്രൈവറ്റ് സെക്രട്ടറിയടക്കം ഓഫിസ് സ്റ്റാഫിനെ പുതുതായി നിശ്ചയിച്ചതെന്നാണു വിശദീകരണം. എന്നാൽ, ചട്ടവിരുദ്ധമായും നിയമോപദേശം തേടാതെയും സ്വന്തക്കാരെയടക്കം ആന്റി റാഗിങ് കമ്മിറ്റിയുടെ ശിക്ഷയിൽനിന്നു രക്ഷിച്ചെടുത്തയാളെ വകുപ്പുതല നടപടിയിൽ നിന്നൊഴിവാക്കാൻ ചുമതലയിൽനിന്നു മാറ്റിനിർത്തലിൽ നടപടി ഒതുക്കിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
നേരത്തേ, വിസിയുടെ ഓഫിസ് സ്റ്റാഫ് ആയിരുന്ന ക്ലാർക്കും അറ്റൻഡറും അടക്കം 5 പേരെയും മാറ്റി പുതിയ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് വിങ്ങിന്റെ ചുമതലയുള്ള അസി. റജിസ്ട്രാർ ഇ.ബി. രാഹുലാണു വിസിയുടെ പുതിയ പിഎസ്. സ്വജനപക്ഷപാതം നടത്തിയ പ്രൈവറ്റ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്ന് സിദ്ധാർഥന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു.
-
Also Read
സിപ്ലൈനിൽ യാത്ര ചെയ്ത് രാഹുൽ ഗാന്ധി
കോളജ് ഹോസ്റ്റലിൽ താമസക്കാരല്ലാത്ത ഒന്നാം വർഷക്കാരായ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ വിസി നൽകിയ കുറിപ്പിന്റെ മറവിൽ നാലാം വർഷക്കാരായ മകനെയും സുഹൃത്തിനെയും പട്ടികയിൽ ഉൾപ്പെടുത്തിയതാണു വിവാദമായത്. വിസിയുടെ കുറിപ്പോടെ ഉത്തരവിടാൻ നിർദേശം ഡീനിന് അയച്ചതും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
സസ്പെൻഷൻ നേരിടേണ്ടിവന്ന 90 പേരിൽ സീനിയർ ബാച്ചുകാരായ 57 പേർ വേറെയുമുണ്ടായിട്ടും ഇവരെയാരെയും തിരിച്ചെടുത്തുമില്ല. സസ്പെൻഷൻ റദ്ദാക്കിയത് ചാൻസലർ ഇടപെട്ടതു വഴി പിൻവലിച്ചു. ഏപ്രിൽ 4 വരെ സസ്പെൻഷനു പ്രാബല്യമായി.
സസ്പെൻഷനിലായ വിസിക്കെതിരെ ഗവർണർക്ക് പരാതി
തിരുവനന്തപുരം ∙ പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പീഡനത്തെ തുടർന്നു വിദ്യാർഥി സിദ്ധാർഥ് മരിച്ചതുമായി ബന്ധപ്പെട്ടു സസ്‌പെൻഷിലായ വൈസ് ചാൻസലർ ഡോ.എം.ആർ.ശശീന്ദ്രനാഥിന്റെ നിയമനത്തിനെതിരെ ഗവർണർക്ക് പരാതി. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി രൂപീകരിച്ച സേർച് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലുള്ള വിസി നിയമനം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് ചാൻസലർക്ക് നിവേദനം നൽകിയത്.