ADVERTISEMENT

അടൂർ ∙ കെപി റോഡിൽ, ഏഴംകുളം പട്ടാഴിമുക്കിൽ അധ്യാപികയും സുഹൃത്തും മരിച്ച അപകടത്തിൽ വിട്ടൊഴിയാതെ ദുരൂഹത. അപകടം മനഃപൂർവം സൃഷ്ടിച്ചതാണോയെന്ന സംശയത്തിൽ പൊലീസ്. തുമ്പമൺ നോർത്ത് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്ര‌ം വീട്ടിൽ അനുജ രവീന്ദ്രൻ(37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം വില്ലയിൽ ഹാഷിം(31) എന്നിവരാണു വെള്ളി പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. 

കാറിൽ പിടിവലി നടന്നിരിക്കാമെന്നും അതിനു ശേഷമാകാം ലോറിയിലേക്ക് ഇടിച്ചുകയറ്റിയതെന്നുമാണു പൊലീസ് സംശയിക്കുന്നത്. അനുജ ഉൾപ്പെടെ അധ്യാപകർ സ്കൂളിൽനിന്നു തിരുവനന്തപുരത്തേക്കു വിനോദയാത്രയ്ക്കു പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി 10.15നു മിനി ബസ് കുളക്കടയിൽ എത്തിയപ്പോൾ ഹാഷിം കാർ ബസിനു മുന്നിൽ കയറ്റിനിർത്തി. അനുജയെ വിളിച്ചെങ്കിലും ആദ്യം അവർ ഇറങ്ങിയില്ല. 

അവർ ഇരുന്ന സീറ്റിന്റെ ഭാഗത്തേക്കു വന്നപ്പോൾ സഹോദരൻ വിഷ്ണു ആണെന്നു പറഞ്ഞാണ് അനുജ ഹാഷിമിനൊപ്പം പോയതെന്ന് സഹഅധ്യാപകർ പൊലീസിനു മൊഴി നൽകി. അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ പോയ കാർ അടൂരിൽനിന്നു പത്തനാപുരം ഭാഗത്തേക്കു പോയ ലോറിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു.   ഇരുവരുടെയും സംസ്കാരം നടത്തി.

വാതിൽ തുറന്നു,മൂന്ന് തവണ

മങ്ങാട് ആലേപ്പടിയിൽ വച്ചു കാറിന്റെ ഇടതുവശത്തെ വാതിൽ 3 തവണ തുറന്നെന്നും ഒരു കാൽ വെളിയിലേക്കു കണ്ടതായും ഏനാദിമംഗലം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ മാരൂർ ശങ്കർ വെളിപ്പെടുത്തി. ശങ്കർ അടൂരിൽനിന്നു രാത്രിയിൽ മാരൂരിലേക്കു പോകുമ്പോഴാണ് ഇതു കണ്ടത്. രക്ഷപ്പെടുന്നതിനു വേണ്ടിയാകാം വാതിൽ തുറന്നതെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

അങ്ങനെ ഒരു അനുജൻ ഇല്ല; പിന്നാലെ ദുരന്തവാർത്ത

അനുജയെ കയറ്റി ഹാഷിം അമിതവേഗത്തിൽ കാറോടിച്ചു പോയപ്പോൾ സഹഅധ്യാപകർക്കു സംശയം തോന്നിയിരുന്നു. അവർ കാറിനു പിന്നാലെ പോയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അധ്യാപകർ അനുജയെ ഫോണിൽ വിളിച്ചപ്പോൾ അവർ കരയുകയായിരുന്നു. ഇതിനിടെ അനുജ തിരികെ അധ്യാപകരെ വിളിച്ചു സുരക്ഷിതയാണെന്നും പറഞ്ഞു. സഹഅധ്യാപകർ അനുജയുടെ ബന്ധുക്കളെ വിളിച്ച് അനുജൻ വിഷ്ണു കൂട്ടിക്കൊണ്ടു പോയതായി അറിയിച്ചു.

എന്നാൽ, അങ്ങനെ ഒരു അനുജൻ ഇല്ലെന്നാണു ബന്ധുക്കൾ പറഞ്ഞത്. സംശയം തോന്നി അധ്യാപകർ പരാതി നൽകാൻ അടൂർ പൊലീസ് സ്റ്റേഷനിൽ എത്തി. ഈ സമയത്താണു പട്ടാഴിമുക്കിൽ അപകടം നടന്നിട്ടുണ്ടെന്നും 2 പേർ മരിച്ചതായുമുള്ള വിവരം സ്റ്റേഷനിൽ ലഭിച്ചത്. പെട്ടെന്ന് അധ്യാപകർ അടൂർ ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണു മരിച്ചതിൽ ഒരാൾ അനുജയാണെന്നു തിരിച്ചറി‌ഞ്ഞത്. പിന്നീട് ബന്ധുക്കൾ എത്തിയാണു ഹാഷിമിനെ തിരിച്ചറിഞ്ഞത്.

English Summary:

Anuja and Hashim died in a Car accident in Adoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com