ജലത്തിന്റെ മീറ്റർ റീഡിങ്ങിന് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’
Mail This Article
തിരുവനന്തപുരം ∙ ജല അതോറിറ്റിയിൽ മീറ്റർ റീഡിങ്ങിനൊപ്പം പണമടയ്ക്കാനും വഴികാട്ടാനും കഴിയുന്ന ആൻഡ്രോയ്ഡ് യന്ത്രം വരുന്നു. കയ്യിലൊതുങ്ങുന്ന (പാംഹെൽഡ്) 2000 യന്ത്രങ്ങളാണ് വേണ്ടത്. പരീക്ഷണാടിസ്ഥാനത്തിൽ 1000 എണ്ണം വാങ്ങാൻ സർക്കാരിനോടും തിരഞ്ഞെടുപ്പു കമ്മിഷനോടും അനുമതി തേടി.
ഏകദേശം 8 കോടി രൂപ ചെലവുള്ള പദ്ധതിക്ക് 4 കമ്പനികൾ ടെൻഡർ നൽകിയതിൽ ഉപകരണം നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനിയെതിരഞ്ഞെടുത്തു. മെഷീനിലെ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) ഉപയോഗിച്ച് മീറ്റർ റീഡർക്ക് ഓരോ വാട്ടർ മീറ്ററും മാപ്പിൽ കൂട്ടിച്ചേർക്കാം. ഒരു മീറ്ററിൽ നിന്ന് അടുത്തതിലേക്കുള്ള വഴിയും ഇതിൽ രേഖപ്പെടുത്തും.
സ്ഥിരം ജീവനക്കാരനു പകരം മറ്റൊരാൾ ഈ റൂട്ടിൽ പോയാലും എല്ലാ ഉപഭോക്താക്കളെയും കൃത്യമായി കണ്ടെത്തി റീഡിങ് എടുക്കാൻ ഉപകരണം സഹായിക്കും. റീഡിങ് എടുക്കുമ്പോൾ തന്നെ കേന്ദ്ര സെർവറിൽ രേഖപ്പെടുത്തും.
ബില്ല് തയാറാകും. ഉപഭോക്താവിന് തൽസമയം തന്നെ ഇതേ യന്ത്രത്തിൽ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ യുപിഐ ആപ്പ് ഉപയോഗിച്ചോ ബിൽ തുക അടയ്ക്കാം. ഓരോ ജീവനക്കാരനും ഒരു ദിവസം എത്ര മീറ്റർ റീഡ് ചെയ്തു, എത്ര ദൂരം സഞ്ചരിച്ചു, ഒരു മാസം എത്ര മീറ്റർ റീഡ് ചെയ്തു എന്നിങ്ങനെ കൃത്യമായി കണക്കു ലഭിക്കുന്നതിനാൽ ഭാവിയിൽ ജീവനക്കാരുടെ എണ്ണത്തിലും ക്രമീകരണം വരുത്താനാകും.