കള്ളനാക്കിയ ലോകമേ, വിട: മോഷണക്കുറ്റം ആരോപിച്ച് പൊലീസ് പിടികൂടി, കോടതി മോചിപ്പിച്ചു; ഡ്രൈവർ ജീവനൊടുക്കി
Mail This Article
അഞ്ചൽ (കൊല്ലം) ∙ കള്ളനെന്നു മുദ്രകുത്തി അപമാനിച്ച ലോകത്ത് ഇനി രതീഷ് ഇല്ല. മോഷണക്കേസിൽ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വർഷങ്ങൾക്കു ശേഷം യഥാർഥ പ്രതി പിടിയിലായപ്പോൾ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത അഞ്ചൽ അഗസ്ത്യക്കോട് രതീഷ് ഭവനിൽ രതീഷ് (38) ജീവനൊടുക്കി.
പൊലീസിന്റെ ശാരീരിക പീഡനങ്ങളിൽ ആരോഗ്യവും കേസ് നടത്തി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും നഷ്ടമായതിന്റെ മനോവിഷമം രതീഷിനു താങ്ങാനായില്ലെന്നു കുടുംബാംഗങ്ങൾ പറയുന്നു. സംസ്കാരം നടത്തി. രശ്മിയാണ് രതീഷിന്റെ ഭാര്യ. മക്കൾ: കാർത്തിക്, വൈഗ.
അഞ്ചൽ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ പൊലീസ് വേട്ടയാടിയതു 2014 സെപ്റ്റംബറിലാണ്. ടൗണിലെ മെഡിക്കൽ സ്റ്റോറിൽ കവർച്ച നടത്തിയെന്നാരോപിച്ച്, പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയ മർദനം സഹിക്കാതെ രതീഷ് സെല്ലിൽ തളർന്നു വീണതായി അന്നു വിവരം പുറത്തു വന്നിരുന്നു. തട്ടിക്കൂട്ടിയ തെളിവുകൾ ഹാജരാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാസങ്ങളോളം ജയിലിൽ കഴിയേണ്ടിവന്നു.
കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്ന ഓട്ടോറിക്ഷ സ്റ്റേഷനിൽ കിടന്നു തുരുമ്പെടുത്തു. അപമാനഭാരം കുടുംബത്തെ തളർത്തി. ഭാര്യയും പറക്കമുറ്റാത്ത കുട്ടികളും അനുഭവിച്ചതിനൊന്നിനും കണക്കില്ല.
ഇതിനിടെ, 2020 ൽ കാര്യങ്ങൾ മാറിമറിഞ്ഞു. തിരുവനന്തപുരം കാരക്കോണം സ്വദേശിയായ ഒരാളെ മറ്റൊരു കേസിൽ പിടികൂടിയപ്പോൾ അഞ്ചൽ ടൗണിലെ മെഡിക്കൽ സ്റ്റോറിൽ നടത്തിയ മോഷണവും അയാൾ വെളിപ്പെടുത്തി. ഇതോടെ രതീഷിനെ കോടതി മോചിപ്പിച്ചു.
അപ്പോഴേക്കും കസ്റ്റഡി കാലത്തെ ശാരീരിക പീഡനങ്ങൾ രതീഷിനെ മാനസികവും ശാരീരികവുമായി തകർത്തിരുന്നു. മോഷണക്കേസിൽ പ്രതിയായ ശേഷം കൃത്യമായ ജോലിയും കിട്ടിയില്ല. സാമ്പത്തിക നില ആകെ തകർന്നു.
കള്ളക്കേസിൽ കുടുക്കിയ പൊലീസുകാർക്ക് എതിരെ വകുപ്പുതല അന്വേഷണവും മറ്റും ചടങ്ങു പോലെ തുടരുന്നുണ്ട്. രതീഷ് കോടതിയിൽ നൽകിയ കേസും തീർപ്പായിട്ടില്ല.
∙ ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സംഘർഷങ്ങളും ബുദ്ധിമുട്ടുകളും ഉള്ളപ്പോൾ ഈ നമ്പറുകളിൽ
വിദഗ്ധരുമായി സംസാരിക്കാം:
1056, 0471-2552056.