മെഴുകുതിരി വെട്ടത്തിനു ചുറ്റും ആശ്വാസത്തോടെ അവർ ഇരുന്നു; പ്രിയപ്പെട്ടവളുടെ കഥ കേൾക്കാൻ

Mail This Article
ഒൻപതു മാസങ്ങൾക്കു ശേഷം പ്രിയപ്പെട്ടവരെ കണ്ട എല്ലാ സന്തോഷവും ആനിന്റെ മുഖത്ത് ഉണ്ടായിരുന്നു. ഒപ്പം ആദ്യമായി കോട്ടയത്തെ വീട്ടിൽ എത്തിയതിന്റെ ആശ്വാസം. തൃശൂർ വെളുത്തൂർ സ്വദേശിയായ ആൻ ടെസ്സ ജോസഫ് ട്രെയിനിങ്ങിന്റെ ഭാഗമായി ഇസ്രയേൽ കപ്പലിൽ ജോലി ചെയ്തു വരികയായിരുന്നു. തൃശൂരിൽ താമസമാക്കിയിരുന്ന ആനിന്റെ കുടുംബം കോട്ടയത്തേക്ക് മാറുന്നത് കപ്പലിനു നേരെ ആക്രമണമുണ്ടായ അന്നാണ്. അതുകൊണ്ടു തന്നെ നെടുമ്പാശേരിയിൽനിന്ന് കോട്ടയത്തെ പുതിയ വീട്ടിൽ എത്തുമ്പോൾ ആകാംക്ഷയും ആശ്വാസവും ഒരുപോലെ അവളുടെ മുഖത്ത് നിഴലിച്ചു. ആൻ ടെസ ജോലി ചെയ്തിരുന്ന ചരക്കുകപ്പൽ ശനിയാഴ്ചയാണ് ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തത്. തുടർന്ന് സർക്കാരുകളുടെ നിരന്തര ഇടപെടലുകളുടെ ഭാഗമായാണ് മോചനം സാധ്യമായത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം കാറിൽവന്നിറങ്ങിയ ആനിനെ സ്വീകരിക്കാൻ നാട്ടുകാരും രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ഒരു വൻനിര തന്നെ ഉണ്ടായിരുന്നു. എല്ലാവരോടും പുഞ്ചിരിച്ച് നേരെ വീൽചെയറിൽ ഇരുന്ന പിതാവിന്റെ അമ്മയ്ക്കരികിൽ എത്തി അവരെ കെട്ടിപ്പുണർന്നു മുത്തം കൊടുത്തു. പിന്നീട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കൊക്കെ മറുപടി നൽകി. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്ത് മറ്റു കുടുംബാംഗങ്ങളുടെ അടുത്തേക്ക്...

കുറച്ചു നേരത്തേക്ക് വൈദ്യുതി നിലച്ചു. അപ്പോൾ അരണ്ട മെഴുകുതിരി വെളിച്ചത്തിനു ചുറ്റും കുടുംബാംഗങ്ങൾ ഇരുന്നു, തങ്ങളുടെ പ്രിയപ്പെട്ടവളുടെ കഥ കേൾക്കാൻ. അവരുടെ സ്നേഹത്തണലിൽ അവളും പറഞ്ഞു തുടങ്ങി. പ്രിയപ്പെട്ടവരുടെ അരികിലെത്തിയതിന്റെ സന്തോഷത്തിലാണ് ആൻ. എന്നാൽ തന്റെ സഹപ്രവർത്തകരെ മോചിപ്പിക്കാത്തതിലുള്ള വിഷമവും അവൾ പങ്കുവയ്ക്കുന്നുണ്ട്.

‘എല്ലാം പായ്ക്ക് ചെയ്തോ പോകാം എന്ന് ഒരു മണിക്കൂർ മുൻപാണ് അവർ പറയുന്നത്. ഒരു പെൺകുട്ടി ആയതിനാലാകും എന്നെ ആദ്യം വിട്ടത്’ എന്നാണ് ആൻ പറയുന്നത്. മകൾ തിരിച്ചുവന്നതിലുള്ള ആശ്വാസമുള്ളപ്പോഴും ഇത്രയും ദിവസം തങ്ങൾ അനുഭവിച്ച വേദനയും മാനസികസംഘർഷങ്ങളും ആ മാതാപിതാക്കളുടെ മുഖത്തുനിന്ന് വിട്ടുപോയിട്ടില്ല. ‘സമാധാനിപ്പിക്കാൻ ഒരുപാടു പേരുണ്ടായി എന്നാൽ ഞങ്ങൾ അനുഭവിച്ചത് എന്താണെന്ന് ഞങ്ങൾക്കല്ലേ അറിയൂ’ എന്ന ആനിന്റെ മാതാപിതാക്കളുടെ വാക്കുകളിലുണ്ട് അവർ അനുഭവിച്ചതെല്ലാം.