18 തികഞ്ഞാൽ ഇഷ്ടവിവാഹം; നിയമം മാറ്റി യുഎഇ

Mail This Article
അബുദാബി∙18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ജീവിത പങ്കാളിയെ സ്വയം തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന വ്യക്തി നിയമ ഭേദഗതി യുഎഇയിൽ ഏപ്രിൽ 15ന് നിലവിൽ വരും. പുതിയ നിയമപ്രകാരം മാതാപിതാക്കൾ എതിർത്താലും ഇനി പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ളവരെ കോടതി മുഖേന വിവാഹം കഴിക്കാം. പങ്കാളികൾ തമ്മിൽ 30 വയസ്സിലേറെ വ്യത്യാസമുണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം റജിസ്റ്റർ ചെയ്യാൻ കഴിയൂ. വിവാഹത്തിന് അന്തിമ രൂപം നൽകിയ ശേഷം പിൻമാറിയാൽ പരസ്പരം നൽകിയ സമ്മാനങ്ങൾ വീണ്ടെടുക്കാം. വിവാഹ മോചന കേസുകളിൽ കുട്ടികളുടെ കസ്റ്റഡി പ്രായം 18 വയസ്സായി ഉയർത്തി. നേരത്തേ ആൺകുട്ടികൾക്ക് 11ഉം പെൺകുട്ടികൾക്ക് 15ഉം വയസ്സായിരുന്നു. 15 വയസ്സ് തികഞ്ഞാൽ ആർക്കൊപ്പം ജീവിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം കുട്ടിക്ക് ആയിരിക്കും. 18 വയസ്സ് തികഞ്ഞവർക്ക് പാസ്പോർട്ടുകളും തിരിച്ചറിയൽ രേഖകളും കൈവശം വയ്ക്കാനും അധികാരമുണ്ട്. മാതാപിതാക്കളെ അവഗണിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും.