ഇന്ത്യയിലേക്ക് താലിബാൻ നയതന്ത്ര പ്രതിനിധി; ഖത്തർ അമീറിന്റെ സന്ദർശനത്തിനിടെ ചർച്ച നടന്നെന്നു സൂചന

Mail This Article
ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ അംബാസഡർ തലത്തിലുള്ള ഒരു പ്രതിനിധിയെ സ്വീകരിക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി സൂചന. ഔദ്യോഗികമായി അംബാസഡർ സ്ഥാനം അംഗീകരിക്കാൻ ഇന്ത്യയ്ക്കു പ്രയാസമുള്ളതിനാൽ അതേ തലത്തിലുള്ള പ്രതിനിധിയായാവും കണക്കാക്കുക. ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ സന്ദർശനത്തിനിടെ ഇക്കാര്യം ചർച്ച ചെയ്തതായാണ് വിവരം. ഇതു സംബന്ധിച്ച വാർത്തകളോടു വിദേശമന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഖത്തറിലെ താലിബാൻ അംബാസഡറുടെ പുത്രനായ നജിബ് ഷഹീന്റെ പേരാണ് പ്രധാനമായി കേൾക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം താലിബാൻ ഭരണകൂടവുമായുള്ള ഖത്തറിന്റെ ബന്ധം പ്രധാന്യമുള്ളതാണ്. താലിബാനും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ആദ്യഘട്ട കൂടിക്കാഴ്ചകൾക്ക് വേദിയൊരുക്കിയത് ഖത്തറായിരുന്നു. 2021 ൽ ആദ്യമായി ഒരു ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ (ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിട്ടൽ) താലിബാനുമായി കൂടിക്കാഴ്ച നടത്തിയതും ദോഹയിൽ വച്ചായിരുന്നു. കഴിഞ്ഞ ജൂണിൽ ഐക്യരാഷ്ട്രസംഘടനയുടെ ആഭിമുഖ്യത്തിൽ അഫ്ഗാൻ കാര്യങ്ങളെക്കുറിച്ച് നടത്തിയ 25 രാജ്യങ്ങളുടെ കൂടിക്കാഴ്ചക്ക് വേദിയൊരുക്കിയത് ഖത്തറായിരുന്നു. അതിൽ ഇന്ത്യയും പങ്കെടുത്തു.
ഇക്കാര്യങ്ങളിൽ മറ്റ് ഗൾഫ് രാജ്യങ്ങളുടേതിനെക്കാൾ പ്രാധാന്യം ഖത്തറിന്റെ വീക്ഷണങ്ങൾക്ക് നൽകിത്തുടങ്ങിയിരിക്കുകയാണ് ഇന്ത്യയെന്നല്ല, പാശ്ചാത്യശക്തികളും. ഖത്തറിന്റെ വിപുലമായ നയതന്ത്ര ശേഷി തന്നെ അതിനു കാരണം. അമേരിക്കയുടെ സെൻട്രൽ സൈനിക കമാൻഡ് ഖത്തർ ഭൂമിയിൽ താവളമടിച്ചിരിക്കേ, അമേരിക്കയോട് ശത്രുതയിലുള്ള ഇറാനുമായും ഖത്തറിന് നല്ല ബന്ധമാണ്. ഖത്തറിന്റെ പ്രകൃതിവാതക ഉൽപാദനം തന്നെ, ഇറാന്റെ വാതകഫീൽഡുകളോട് ചേർന്നുള്ള പ്രദേശത്തു നിന്നാണ്. എങ്കിലും ഇരുരാജ്യങ്ങളും പരസ്പരം പൂർണവിശ്വാസ്യതയോടെ വാതകം ഖനനം ചെയ്യുന്നു. സുന്നി മുസ്‌ലിം രാജ്യമെങ്കിലും ഷിയാ രാജ്യങ്ങളുമായും സംഘങ്ങളുമായും ഖത്തറിനു ബന്ധമുണ്ട്. ഹമാസിനും മുസ്‌ലിം ബ്രദർഹുഡിനും പിന്തുണ നൽകുന്നതോടൊപ്പം അവരുടെ മുഖ്യശത്രുവായ ഇസ്രയേലുമായും തരക്കേടില്ലാത്ത ബന്ധമാണ്. ഇസ്രയേലുമായി ചെറിയൊരു കച്ചവട ഉടമ്പടി വരെ ഖത്തർ ഒപ്പിട്ടിട്ടുണ്ട്. ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്കു പിന്നിലും ഖത്തറിന്റെ നയതന്ത്രം പ്രവർത്തിച്ചിട്ടുണ്ട്.