ചൂടാറാപ്പെട്ടി പോലെ വീട്: ഇനി മലയാളി വിയർത്തുകുളിക്കാൻ പോകുന്ന മാസങ്ങൾ: എസിയില്ലാതെ വീട് തണുപ്പിക്കാൻ 6 വഴികൾ

Mail This Article
വേനൽക്കാലം പിടിമുറുക്കുകയാണ്. വരുന്ന ഏതാനും മാസങ്ങളിൽ ഫാനോ എസിയോ പ്രവർത്തിപ്പിക്കാതെ ഒരു മിനിറ്റ് പോലും വീടിനുള്ളിൽ ഇരിക്കാനാവാത്ത അവസ്ഥ ഉണ്ടായെന്ന് വരാം. ഓരോ വർഷം ചെല്ലുന്തോറും വേനൽക്കാലത്തിന്റെ കാഠിന്യം അധികരിച്ച് വരികയാണെന്നാണ് റിപ്പോർട്ടുകൾ. 2027 ആകുമ്പോഴേക്കും വീട് തണുപ്പിക്കാനുള്ള ഊർജ്ജ ഉപഭോഗം ഇന്നത്തേതിനേക്കാൾ 2.2 മടങ്ങ് അധികമായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ അൽപമൊന്ന് ശ്രദ്ധ ചെലുത്തിയാൽ അധിക വൈദ്യുതി ഉപഭോഗം ഇല്ലാതെ പ്രകൃതിദത്തമായി വേനൽക്കാലത്തെ പ്രതിരോധിച്ച് വീട് തണുപ്പിക്കാനാവും. അവ ഏതൊക്കെയെന്ന് നോക്കാം.
1. വായു സഞ്ചാരം ഉറപ്പാക്കുക
പുറത്തുനിന്നുള്ള വായു വീടിനുള്ളിൽ കൂടി കടന്ന് മറുഭാഗത്തേക്ക് പോകുന്ന വിധത്തിൽ ജനാലകൾ തുറന്നിടുക എന്നതാണ് ഒന്നാമത്തെ മാർഗം. ചൂടുവായു വീടിനുള്ളിൽ തങ്ങിനിൽക്കുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. ചൂടുകാലത്ത് രാത്രി സമയങ്ങളിൽ താപനില കുറവായിരിക്കും. പ്രാണികൾ ഉള്ളിലേക്ക് കടന്നുകൂടാതിരിക്കാൻ പെസ്റ്റ് നെറ്റുകൾ ജനാലകളിൽ സ്ഥാപിച്ച ശേഷം രാത്രി സമയത്തും അവ പരമാവധി തുറന്നിടുക.
2. ബ്ലൈൻഡുകൾ ഉപയോഗിക്കാം
ജനാലകളിൽ ഉപയോഗിക്കുന്ന ഗ്ലാസ് വെയിലിന്റെ ചൂട് അധികമായി ആഗിരണം ചെയ്തു വയ്ക്കുന്നതാണ് വീടിനുള്ളിൽ ചൂട് വർധിക്കുന്നതിനുള്ള ഒരു കാരണം. ജനാലകൾ തുറന്നിടാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ ഗ്ലാസിൽ ചൂട് തട്ടാത്ത വിധത്തിൽ ബ്ലൈൻഡുകൾ സ്ഥാപിക്കാം. ഉള്ളിൽ അധികം ഇരുട്ട് പരക്കാതിരിക്കുന്നതിനുവേണ്ടി ജൂട്ടിലോ മുളയിലോ നിർമിച്ച ബ്ലൈൻഡുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. രാവിലെ 11 മുതൽ വൈകിട്ട് 4 വരെയുള്ള സമയത്ത് ബ്ലൈൻഡുകൾ താഴ്ത്തിയിടാം. വീടിനുള്ളിൽ അധിക ചൂട് അനുഭവപ്പെടാതിരിക്കാൻ ഇത് സഹായിക്കും.
3. പ്രകൃതിദത്ത തുണിത്തരങ്ങൾ ഉപയോഗിക്കുക
സോഫയിലും മറ്റു ഫർണിച്ചറുകളിലും ഉപയോഗിച്ചിരിക്കുന്ന തുണിത്തരങ്ങളും അധികമായി ചൂട് അനുഭവപ്പെടുന്നതിനു കാരണമായേക്കാം. സിൽക്ക്, സാറ്റിൻ, ലെതർ, പോളിസ്റ്റർ എന്നിവ ചൂട് എളുപ്പത്തിൽ ആഗിരണം ചെയ്യും. അതിനാൽ കിടക്കയിലും സോഫയിലും ലിനൻ, കോട്ടൺ അപ്ഹോൾസ്റ്ററി തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ഭാരം കുറഞ്ഞതും വായു കടന്നുപോകുന്ന തരത്തിലുമുള്ള തുണിത്തരങ്ങൾ ഉപയോഗിക്കുക.
4. മേൽക്കൂരയ്ക്ക് വേണം പ്രത്യേക പരിചരണം
അൾട്രാ വയലറ്റ് രശ്മികളെ പ്രതിരോധിക്കാൻ സാധിക്കുന്ന പെയിന്റോ കോട്ടിങ്ങോ ടെറസിൽ ഉപയോഗിക്കുന്നത് വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. ഹീറ്റ് റിഫ്ലക്റ്റൻസ് ടെക്നോളജി അടങ്ങിയ പെയിന്റുകൾ വിപണിയിൽ ലഭ്യമാണ്. ടെറസ്സ്, പാരപ്പറ്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇവ ഉപയോഗിക്കുക. ടെറസിലേക്ക് ചൂട് ആഗിരണം ചെയ്യപ്പെടാതെ തടയുന്നതിന് ഇത് സഹായിക്കും.
5. പെയിന്റിങ്ങിൽ ശ്രദ്ധിക്കാം
വേനൽക്കാലത്തിന്റെ ആരംഭം വീട് പെയിന്റ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. വരാൻ പോകുന്ന മൺസൂൺ കാലത്തിനു മുന്നോടിയായി ഭിത്തിയിലെ കേടുപാടുകൾ പരിഹരിക്കാനും ഇത് ഉപകരിക്കും. എന്നാൽ പെയിന്റിങ്ങിനായി ഇളംനിറങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഇളംനിറങ്ങൾ ചൂടിനെ പ്രതിഫലിപ്പിക്കുകയും ഇരുണ്ട നിറങ്ങൾ ചൂട് ആഗിരണം ചെയ്യുകയും ചെയ്യും. വെളുത്ത പെയിന്റോ പേസ്റ്റൽ നിറങ്ങളോ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. പുറംഭിത്തികളിലും അൾട്രാ വയലറ്റ് രശ്മികളെ ചെറുക്കുന്ന പെയിന്റുകൾ ഉപയോഗിക്കാം.
6. പച്ചപ്പിനെ വീട്ടിലേക്ക് കൊണ്ടുവരാം
അരിക്ക പാം ട്രീ, കറ്റാർവാഴ, ഫേൺ എന്നിവ ഇൻഡോർ പ്ലാന്റുകളായി ഉൾപ്പെടുത്തുന്നത് വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. ഇതിനുപുറമേ വായുവിലെ വിഷാംശങ്ങൾ വലിച്ചെടുക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. അകത്തളം കൂടുതൽ മനോഹരമാക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ബാൽക്കണി ഗ്രില്ലുകളിലും ഇൻഡോർ സ്‌ക്രീനുകളിലും ഡിവൈഡറുകളിലും വള്ളിച്ചെടികൾ വച്ചു പിടിപ്പിക്കാം. ഇതിനുപുറമേ വീടിന്റെ കിഴക്ക്, പടിഞ്ഞാറ് വശങ്ങളിൽ തണൽ മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും.