'പെട്രോള്‍ കാര്‍ വിലയിലുള്ള ഇവി' സൂപ്പർഹിറ്റ്, തുടർച്ചയായി 4 മാസവും ഒന്നാമൻ

Mail This Article
'പെട്രോള്‍ കാര്‍ വിലയിലുള്ള ഇവി'യെ ഇന്ത്യക്കാര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ വിന്‍ഡ്സര്‍ ഇവി വില്പനയില് നാലാം മാസവും സൂപ്പര്‍ഹിറ്റ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ പുറത്തിറക്കിയ വിന്‍ഡ്സര്‍ തുടര്‍ച്ചയായി നാലാം മാസവും ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്പനയുള്ള വൈദ്യുത കാറായിരിക്കുകയാണ്. ഇതുവരെ 15,000ത്തിലേറെ വിന്‍ഡ്സര്‍ ഇവി നിര്‍മിച്ചെന്നാണ് എംജി അറിയിക്കുന്നത്. ഇതുവരെ 13,000ത്തിലേറെ വിന്‍ഡ്സറുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിയെന്ന് വാഹന്‍ പോര്‍ട്ടലും സ്ഥിരീകരിക്കുന്നു.
പുറത്തിറങ്ങിയതിനു ശേഷം എല്ലാ മാസവും 3000ത്തിലേറെ വിന്‍ഡ്സറുകള്‍ വില്ക്കാന് എംജിക്ക് സാധിച്ചിരുന്നു. ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയില്‍ ഇത് വലിയ കണക്കാണ്. പുറത്തിറങ്ങി 24 മണിക്കൂറില്‍ 15,176 ബുക്കിങുകള്‍ വിന്‍ഡ്സര്‍ ഇവിക്ക് ലഭിച്ചിരുന്നു. ഇപ്പോഴും വിന്ഡ്സറിന്റെ ആവശ്യകത കുറഞ്ഞിട്ടില്ലെന്നും പ്രതിദിനം 200ഓളം ബുക്കിങുകള്‍ ലഭിക്കുന്നുവെന്നുമാണ് എംജി അറിയിക്കുന്നത്.
സിഎസിനും കോമറ്റിനും ശേഷം ഇന്ത്യയില്‍ എംജി അവതരിപ്പിച്ച ഇവിയായിരുന്നു വിന്‍ഡ്സര്‍. 13.50 ലക്ഷം രൂപയുള്ള വിന്‍ഡ്സര്‍ ഇവിയെ ബാറ്ററി ആസ് എ സര്‍വീസ്(ബാസ്) പദ്ധതി വഴി 9.99 ലക്ഷം രൂപക്ക് സ്വന്തമാക്കാമെന്നു കൂടി എംജി അറിയിച്ചതോടെ ആവശ്യക്കാരുടെ എണ്ണം കുത്തനെ കൂടി. ബാസ് പദ്ധതി പ്രകാരം എംജി വിന്‍ഡ്സര്‍ വാങ്ങിയാല്‍ പ്രതിമാസം ഓടുന്ന കിലോമീറ്ററിന് മൂന്നര രൂപ വെച്ച് നല്‍കണം. അപ്പോഴും പെട്രോള്‍ കാറിനെ അപേക്ഷിച്ച് ചിലവു കുറവാണെന്നതും വിന്‍ഡ്സര്‍ ഇവിയിലേക്കുള്ള ആകര്‍ഷണമായി.
'എംജി വിന്‍ഡ്സറിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഉത്പാദനത്തില്‍ 15,000 എന്ന ലക്ഷ്യം നേടാന്‍ സഹായിച്ച ഉപഭോക്താക്കളോട് നന്ദി പറയുന്നു. ആഡംബര ബിസിനസ് ക്ലാസ് സൗകര്യങ്ങള്‍ മികച്ച വിലയില്‍ നല്കുന്ന സിയുവി(ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിള്‍)ക്ക് വലിയ പ്രചാരമാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ലഭിച്ചത്.' ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ബിജു ബാലേന്ദ്രന് പ്രതികരിച്ചു.
എക്സൈറ്റ്, എക്സ്ക്ലുസീവ്, എസെന്‍സ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ് എംജി വിന്‍ഡ്സര്‍ ഇവി ഇന്ത്യയിലെത്തുന്നത്. ബാസ് പദ്ധതി പ്രകാരം ബാറ്ററിക്ക് വാടക നല്‍കിയും ബാറ്ററിയുടെ വില പൂര്‍ണമായി നല്‍കിയും എംജി വിന്‍ഡ്സര്‍ ഇവി സ്വന്തമാക്കാനാവും. പ്രാഥമിക വകഭേദമായ എക്സൈറ്റിന് ബാറ്ററി സ്വന്തമായി വാങ്ങുകയാണെങ്കില്‍ 13.99 ലക്ഷവും ബാസ് പദ്ധതി പ്രകാരമാണെങ്കില്‍ 9.99 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. എക്സ്ക്ലുസീവിന് 14.99 ലക്ഷം, 10.99 ലക്ഷം രൂപയും എസെന്‍സിന് 15.99 ലക്ഷം 11.99 ലക്ഷം രൂപയുമാണ് വില.
38കിലോവാട്ട് ബാറ്ററിയുള്ള വാഹനം 331 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. 136എച്ച്പി കരുത്തും പരമാവധി 200 എന്‍എം ടോര്‍ക്കും വിന്‍ഡ്സര്‍ ഇവി പുറത്തെടുക്കും. മുഴുവന്‍ പണവും നല്കി വാങ്ങുന്നവര്‍ക്ക് ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ആകെ 1.15 രൂപ മാത്രമേ വരുന്നുള്ളൂവെന്നതും ആകര്‍ഷണമാണ്. പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന പ്രതിദിനം ശരാശരി 100 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരു കാറിന് 15 കിലോമീറ്ററാണ് ഇന്ധനക്ഷമതയെങ്കില് ഒരു ദിവസത്തെ ഇന്ധന ചിലവ് 632 രൂപ വരും. ഇത് മാസത്തേക്കാണെങ്കില്‍ 18,960 രൂപയും വര്‍ഷത്തേക്കാണെങ്കില്‍ 2,30,680 രൂപയും വരും. ഇതേ ദൂരം വിന്‍ഡ്സര്‍ ഇവിയിലാണ് സഞ്ചരിക്കുന്നതെങ്കില്‍ പ്രതിദിന ഇന്ധന ചിലവ് 115 രൂപ മാത്രം. മാസത്തേക്ക് വിന്‍ഡ്സര്‍ ഇവിക്ക് 3,450 രൂപയും വര്‍ഷത്തേക്ക് 41,400 രൂപയും മാത്രമാണ് വിന്‍ഡ്സര്‍ ഇവിക്ക് ചിലവു വരുക.
ഫീച്ചറുകളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല വിന്‍ഡ്സര്‍ ഇവി. ഫുള്‍ പനോരമിക് സണ്‍ റൂഫ്, 10.1 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ടച്ച്സ്ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, 135 ഡിഗ്രി വരെ മടക്കാവുന്ന പിന് സീറ്റുകള്‍, സുരക്ഷക്കായി ആറ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ്, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ നീളുന്നു ഫീച്ചറുകള്‍. ലൈഫ് ടൈം ബാറ്ററി വാറന്റിയോടു കൂടിയാണ് എംജി വിന്‍ഡ്സര്‍ ഇവി അവതരിപ്പിച്ചത്. കൂടാതെ എല്ലാ പൊതു ചാര്‍ജറുകളിലും ഒരു വര്‍ഷം വരെ സൗജന്യ ചാര്‍ജിങ്(ഇ-ഹബ് ആപ്പിലൂടെ) സൗകര്യവും ലഭിക്കും.