‘ബ്രൊക്കോളി കട്ട്’ അതെന്താ? ‘90 കിഡ്സി’നെ അമ്പരപ്പിക്കുന്ന ജെൻസി ഹെയർ സ്റ്റൈലുകള്

Mail This Article
വസ്ത്രത്തിലായാലും മേക്കപ്പിലായാലും ആക്സസറികളിൽ ആയാലും ജെൻസിയുടെ സ്റ്റൈലിങ് എപ്പോഴും തൊട്ടുമുൻപുള്ള തലമുറകളെ അമ്പരപ്പിച്ചു കൊണ്ടേയിരിക്കും. ഇവരുടെ കൃത്യമായ ശൈലി എന്താണെന്ന് വിവരിക്കാൻ ആവില്ല എന്നതാണ് പ്രത്യേകത. പുതുപുത്തൻ ട്രെൻഡുകളും പണ്ടേ മറവിയിലാണ്ട സ്റ്റൈലുകളുമൊക്കെ സമന്വയിപ്പിച്ചുകൊണ്ട് വേറിട്ട പല പരീക്ഷണങ്ങളും ഇവർ സ്റ്റൈലിങ്ങിൽ നടത്തും. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒന്നാണ് ഹെയർ സ്റ്റൈലിങ് രീതി. മുൻപ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ഹെയർ സ്റ്റൈലുകൾ ഉണ്ടായിരുന്നെങ്കിൽ ഈ ലിംഗ ഭേദത്തെ എല്ലാം ജെൻ സി മറികടന്നിട്ടുണ്ട്.
ഫാഷനിലും സൗന്ദര്യത്തിലും ജെൻ സി അവരുടേതായ കയ്യൊപ്പ് ചാർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും 90 കളിലെയും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെയും സ്റ്റൈലുകളിൽ നിന്നും വിന്‍ഡേജ് ട്രെൻഡുകളിൽ നിന്നും അവർ പ്രചോദനം ഉൾക്കൊള്ളുന്നു. നിലവിൽ യുവതലമുറയ്ക്കിടയിൽ ട്രെൻഡിങ്ങായ ഹെയർസ്റ്റൈലിങ് രീതികൾ നോക്കാം.
വൂൾഫ് കട്ട്
അമേരിക്കൻ ഗായികയും നടിയുമായ മിലി സൈറസിലൂടെയാണ് വൂൾഫ് കട്ട് ഹെയർ സ്റ്റൈലിങ്ങിനു പ്രചാരമേറിയത്. യുവാക്കൾക്കും യുവതികൾക്കും ഒരേപോലെ അനുയോജ്യമാണ് എന്നതാണ് ഈ ഹെയർ കട്ടിന്റെ പ്രത്യേകത. അതേപോലെ ഏത് ടെക്സ്ച്ചറിലുള്ള മുടിയിലും വൂൾഫ് കട്ട് പരീക്ഷിക്കാം. മുടിക്ക് അധിക വോള്യം തോന്നിപ്പിക്കുന്ന സ്പ്രേയും മാറ്റ് വാക്സും ഉപയോഗിച്ചാൽ വൂൾഫ് കട്ട് ലുക്കിൽ അൽപം കൂടി സ്റ്റൈലിഷായി കാണപ്പെടും.
വെറ്റ് മോപ്പ് /ബ്രൊക്കോളി കട്ട്
കേൾക്കുമ്പോൾ യാതൊരു സാമ്യവും ഇല്ലെങ്കിലും അടിസ്ഥാനപരമായി ഇവ രണ്ടും ഒരേ സ്റ്റൈൽ തന്നെയാണ്. മുകൾഭാഗത്ത് നീളമുള്ള മുടി നിലനിർത്തിക്കൊണ്ട് വശങ്ങളിൽ നീളം കുറച്ച് ക്രോപ്പ് ചെയ്തതോ അല്ലെങ്കിൽ അധികം കട്ടിയില്ലാത്ത രീതിയിൽ തോന്നിപ്പിക്കുന്നതോ ആണ് ഈ സ്റ്റൈലിന്റെ പ്രത്യേകത. പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഈ ഹെയർ കട്ടിങ് രീതി പ്രചാരത്തിൽ ഉണ്ടെങ്കിലും ജെൻ സി എത്തിയപ്പോഴേയ്ക്കും അതിൽ പല പരിണാമങ്ങളും സംഭവിച്ചിട്ടുമുണ്ട്.
നാച്ചുറൽ ടെക്സ്ചർ
സ്വാഭാവിക ഭംഗി നിലനിർത്താനും അവയിൽ മാറ്റം വരുത്താതെ കൂടുതൽ മെച്ചപ്പെടുത്താനും ശ്രമിക്കുന്നതാണ് ജെൻ സിയുടെ പ്രത്യേകത. ചുരുണ്ട മുടിയുള്ളവർ സ്ട്രൈറ്റനിങ്ങും സ്മൂത്തനിങ്ങും ഒക്കെ ചെയ്തിരുന്ന കാലത്തിൽ നിന്നും അൽപം വ്യത്യാസം വന്നുതുടങ്ങി. സ്വാഭാവികമായി ചുരുണ്ട മുടിയാണ് ഉള്ളതെങ്കിൽ അത് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ എങ്ങനെ സ്റ്റൈൽ ചെയ്യാം എന്നാണ് ജെൻ സി തേടുന്നത്. ചുരുണ്ട മുടി നീളത്തിൽ തന്നെ നിലനിർത്തുന്നതിൽ നിന്ന് അൽപം വ്യത്യാസം വരുത്തി ഷോർട്ട് ഹെയർ കട്ട് അടക്കമുള്ള എല്ലാ സ്റ്റൈലുകളും ഇവർ സ്വാഭാവിക മുടിയിൽ തന്നെ പരീക്ഷിക്കുന്നുണ്ട്.
വൈ ടു കെ നൊസ്റ്റാൾജിയ
രണ്ടായിരത്തിന്റെ തുടക്കകാലം ജെൻ സിയുടെ ഓർമയിൽ തങ്ങിനിൽക്കുന്നില്ലെങ്കിലും അന്നത്തെ സ്റ്റൈലുകളോട് അവർ പ്രത്യേക ഇഷ്ടം കാത്തുസൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അക്കാലത്തെ ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കാനും ഇവർക്കു താൽപര്യം ഏറെയുണ്ട്. ലളിതമായ ഹെയർ സ്റ്റൈലുകളായിരുന്നു പൊതുവേ ഈ കാലഘട്ടത്തിന്റെ പ്രത്യേകത. തങ്ങളുടേതായ രീതിയിൽ ആ സ്റ്റൈലുകൾ മുടിയിൽ പരീക്ഷിക്കുന്ന ജെൻ സിയിൽപെട്ടവരെ ധാരാളം കാണാം. അതുമാത്രമല്ല ക്ലോ ക്ലിപ്പുകൾ അടക്കം രണ്ടായിരത്തിന്റെ തുടക്കത്തിൽ ട്രെൻഡിങ്ങായിരുന്ന പല ഹെയർ ആക്സസറികളും ഇപ്പോൾ പുതുതലമുറ തിരഞ്ഞെടുക്കുന്നുമുണ്ട്.
നടുവിൽ നിന്നും വകഞ്ഞ മുടി
വശങ്ങളിൽ നിന്നും മുടി വകഞ്ഞെടുന്ന രീതി ജെൻ സിക്ക് തീരെ താൽപര്യമില്ല. മുകൾഭാഗത്തുനിന്നും നേരെ നടുവിലൂടെ രണ്ടായി വകഞ്ഞിട്ട മുടിയാണ് ഇപ്പോഴത്തെ ട്രെൻഡ്. രണ്ടു പതിറ്റാണ്ടുകളായി പൊതുവേ ആർക്കും താൽപര്യം ഇല്ലാതിരുന്ന ഈ ഹെയർ സ്റ്റൈലിങ് പുതുതലമുറയിലെ ആൺകുട്ടികൾക്കു പോലും ഏറെ പ്രിയപ്പെട്ടതാണെന്നാതാണ് പ്രത്യേകത. മുകൾഭാഗത്തെ മുടി നീട്ടി വളർത്തി മധ്യത്തിൽ നിന്നും രണ്ടായി വകഞ്ഞിടുന്ന ‘ബട്ട് കട്ട്’ ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിലുണ്ട്.
ബേബി ബ്രെയ്ഡ്സ്
മുടിയിൽ സാധ്യമായ പരീക്ഷണങ്ങളൊക്കെ ചെയ്ത് ലുക്ക് മാറ്റാൻ പ്രത്യേക താൽപര്യമാണ് പുതിയതലമുറയ്ക്ക്. അല്പാല്പമായി മുടിയെടുത്ത് ധാരാളം പിന്നലുകൾ ഉൾപ്പെടുത്തി ശിരോചർമം ദൃശ്യമാകുന്ന രീതിയിൽ സ്റ്റൈലങ് ചെയ്യാൻ താൽപര്യപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. മുഖത്തിന് സ്കിന്നി ലുക്ക് കിട്ടാൻ ഇത് സഹായിക്കുന്നു.
ഷോർട്ട് ഹെയർ
പെൺകുട്ടികൾക്കിടയിലും ആൺകുട്ടികൾക്കിടയിലും ഒരേപോലെ പ്രചാരമുള്ളവയാണ് ഇന്ന് ഷോർട്ട് ഹെയർ കട്ടുകൾ. പ്രത്യേകിച്ചും ജെൻ സി പെൺകുട്ടികൾ തങ്ങളുടെ ആത്മവിശ്വാസം എടുത്തു കാട്ടാനായി ഈ ഹെയർ സ്റ്റൈൽ ഉപയോഗിക്കുന്നുണ്ട്. സ്ത്രീത്വം നിലനിർത്താൻ ഇടതൂർന്ന നീണ്ട മുടിയുടെ ആവശ്യമില്ല എന്ന പരസ്യ പ്രസ്താവന കൂടിയാണ് ഈ ഹെയർ കട്ടിങ്.
ഹെയർ ആക്സസറീസ്
മുൻപ് മുടി ഒതുക്കി വയ്ക്കാനും ഹെയർ സ്റ്റൈലിങ് അതേരീതിയിൽ നിലനിർത്താനും സഹായിക്കുന്ന വസ്തുക്കൾ എന്ന നിലയിലാണ് ഹെയർ ആക്സസറികൾ ആളുകൾ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് അത് ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റാണ്. വ്യത്യസ്ത പാറ്റേണുകളിലും നിറങ്ങളിലുമുള്ള ഹെയർ ആക്സസറീസ് തിരഞ്ഞെടുക്കാൻ ജെൻ സി താൽപര്യപ്പെടുന്നു.