കൊച്ചി വിമാനത്താവളം മികച്ച മാതൃക; ഇന്ത്യ വളരുമ്പോൾ മാറിനിൽക്കാൻ കേരളത്തിനാകില്ലെന്ന് പീയുഷ് ഗോയൽ

Mail This Article
പൊതു സ്വകാര്യ പങ്കാളിത്തത്തിൽ 25 വർഷം മുമ്പ് 12,000ഓളം ഓഹരി ഉടമകൾ കൈകോർത്ത് പടുത്തുയർത്തിയ കൊച്ചി വിമാനത്താവളം (സിയാൽ) വികസന പദ്ധതികൾക്ക് എവിടെയും മികച്ച മാതൃകയാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ദ്വിദിന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഈ പാതയിൽ നിന്ന് മാറിനിൽക്കാൻ കേരളത്തിനാവില്ല. ടൂറിസവും ആയുർവേദവും ആരോഗ്യമേഖലയുമെടുത്താൽ രാജ്യത്ത് മുൻനിരയിൽ കേരളത്തെ കാണാം. അടിസ്ഥാനസൗകര്യ രംഗത്തടക്കം കേരളത്തിന്റെ അതിവേഗ വളർച്ച മാതൃകാപരം. 51 പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിലുണ്ട്. ഇത് ടൂറിസത്തിൽ കേരളം എത്ര മുന്നേറിയെന്ന് വ്യക്തമാക്കുന്നു.

വികസനത്തിൽ പുതുമകൾ കൊണ്ടുവരുന്നതിലും കേരളത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് കൊച്ചി വാട്ടർ മെട്രോയെ ഉദാഹരണമാക്കി ഗോയൽ പറഞ്ഞു. രാജ്യത്തുതന്നെ ആദ്യമാണ് ഇത്തരമൊന്ന്. ഏറെ പ്രത്യേകതകളുള്ളതാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയും. സെമി ഹൈസ്പീഡ് റെയിൽ പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡു നിന്ന് തിരുവനന്തപുരം വരെ 4 മണിക്കൂറിനുള്ളിൽ എത്താം.
പാലക്കാട് വിഭാവനം ചെയ്യുന്ന സ്മാർട്ട് ഇൻഡസ്ട്രി ക്ലസ്റ്റർ സംരംഭകർക്ക് പ്ലഗ് ആൻഡ് പ്ലേ സൗകര്യം ഒരുക്കും. 3,800 കോടി രൂപയാണ് ഇതിന്റെ മുതൽമുടക്ക്. പ്രകൃതിയെ ഹാനികരമായി ബാധിക്കാത്ത ടെക്നോളജി ഇലക്ട്രോണിക്സ് പോലെയുള്ള വ്യത്യസ്തങ്ങളായ പദ്ധതികളാണ് ഇവിടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സദസിനു മലയാളത്തില്‍ 'നമസ്‌കാരം' എന്നു പറഞ്ഞു പ്രസംഗം തുടങ്ങിയ മന്ത്രി പീയൂഷ് ഗോയല്‍ യുഎഇ, ബഹ്‌റൈന്‍ മന്ത്രിമാരെ സുഹൃത്തുക്കളായി അഭിസംബോധന ചെയ്തപ്പോള്‍ സംസ്ഥാന വ്യവസായ, കയര്‍ മന്ത്രിയെ സഹോദരന്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്. ഇതോടെ സദസില്‍ നിറഞ്ഞ കയ്യടിയാണു മുഴങ്ങിയത്. ഒപ്പം രാജ്യസഭയില്‍ രാജീവിനൊപ്പമുള്ള അനുഭവം എടുത്തു പറയാനും മന്ത്രി മറന്നില്ല.
കേരളത്തിന്റെ അപ്പവും ദോശയുമെല്ലാം പരാമര്‍ശിച്ച പ്രസംഗത്തില്‍ കഥകളിയുടെ താളവും ആയുര്‍വേദത്തിന്റെ പാരമ്പര്യവും എടുത്തു പറഞ്ഞു. സാങ്കേതിക വിദ്യ രംഗത്തും സേവന മേഖലകളിലുമുള്ള വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിനു വേണ്ടി നിക്ഷേപകരോടു മുന്നോട്ടു വരാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.