ഗോൾമഴയ്ക്കൊടുവിൽ ‘സമനില തെറ്റാതെ’ റയൽ മഡ്രിഡ്; റയൽ സോസിദാദിനെ വീഴ്ത്തി കോപ്പ ദെൽ റേ ഫൈനലിൽ– വിഡിയോ

Mail This Article
മഡ്രിഡ്∙ കോപ്പ ദെൽ റേ ടൂർണമെന്റ് സെമിയുടെ രണ്ടാം പാദത്തിൽ പൊരുതിക്കളിച്ച റയൽ സോസിദാദിനെ സമനിലയിൽ കുരുക്കി, ആദ്യ പാദത്തിലെ ഒരു ഗോൾ വിജയത്തിന്റെ ബലത്തിൽ റയൽ മഡ്രിഡ് ഫൈനലിൽ. ആവേശകരമായ രണ്ടാം പാദ സെമിയിൽ റയൽ സോസിദാദിനെ 4–4ന് സമനിലയിൽ തളച്ചാണ് റയലിന്റെ മുന്നേറ്റം. എക്സ്ട്രാ ടൈമിൽ അന്റോണിഡോ റുഡിഗർ നേടിയ ഹെഡർ ഗോളാണ് റയലിന് ഫൈനലിലേക്ക് വഴികാട്ടിയത്. അവസാന നിമിഷങ്ങളിൽ വെറും 21 മിനിറ്റിനിടെ അഞ്ച് ഗോളുകൾ പിറന്നത് മത്സരം കൂടുതൽ നാടകീയമാക്കി.
നാളെ പുലർച്ചെ നടക്കുന്ന ബാർസിലോന – അത്‍ലറ്റിക്കോ മഡ്രിഡ് രണ്ടാം സെമി ഫൈനൽ വിജയികളാകും ഫൈനലിൽ റയൽ മഡ്രിഡിന്റെ എതിരാളികൾ. ബാർസയുടെ തട്ടകത്തിൽ നടന്ന ആദ്യപാദ സെമിയിൽ ഇരു ടീമുകളും നാലു ഗോളുകൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. കോപ്പ ദെൽ റേയിൽ ഇത്തവണ 21–ാം കിരീടമാണ് റയൽ മഡ്രിഡിന്റെ ലക്ഷ്യം.
റയലിനായി എൻഡ്രിക് (30–ാം മിനിറ്റ്), ജൂഡ് ബെലിങ്ങാം (82), ഒറേലിയൻ ചൗമേനി (86) എന്നിവരും ലക്ഷ്യം കണ്ടു. 115–ാം മിനിറ്റിലായിരുന്നു റുഡിഗറിന്റെ നിർണായക ഗോൾ. റയൽ സോസിദാദിനായി മൈക്കൽ ഒയാർസബാൾ ഇരട്ടഗോൾ നേടി. 80, 90+3 മിനിറ്റുകളിലായിരുന്നു ഒയാർസബാളിന്റെ ഗോളുകൾ. ആൻഡർ ബാരെനെറ്റ്ക്സിയ 16–ാം മിനിറ്റിൽ നേടിയ ഗോളിൽ റയൽ സോസിദാദാണ് ആദ്യം ലീഡു നേടിയത്. റയൽ മഡ്രിഡിന്റെ ഡേവിഡ് അലാബ 72–ാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളാണ് സോസിദാദിന്റെ പട്ടികയിലുള്ള മറ്റൊരു ഗോൾ.
ഈ വിജയത്തോടെ, സീസണിൽ മൂന്നു കിരീടങ്ങളെന്ന റയലിന്റെ സ്വപ്നവും സജീവമായി തുടരുന്നു. ലാ ലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാർസിലോനയേക്കാൾ മൂന്നു പോയിന്റ് മാത്രം പിന്നിലുള്ള റയലിന്റെ കിരീടമോഹങ്ങൾ സജീവമാണ്. ചാംപ്യൻസ് ലീഗിൽ ക്വാർട്ടറിൽ കടന്ന റയലിന് ആർസനലാണ് എതിരാളികൾ.