‘എന്നെ പഞ്ചാബെങ്ങാനും വാങ്ങുമോ എന്നായിരുന്നു ടെൻഷൻ’: ഒടുവിൽ പന്തിന്റെ ലക്നൗ അതേ പഞ്ചാബിനോടു തോറ്റു, വൻ ട്രോൾ– വിഡിയോ

Mail This Article
ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന, ലീഗ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം ഋഷഭ് പന്തിന് പഞ്ചാബ് കിങ്സിന്റെ വക രൂക്ഷ പരിഹാസം. ഐപിഎൽ മെഗാതാരലേലത്തിനു തൊട്ടുപിന്നാലെ, ‘പഞ്ചാബ് കിങ്സ് തന്നെ വാങ്ങുമോയെന്ന് ടെൻഷനുണ്ടായിരുന്നു’ എന്ന് പന്ത് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ്, അതേ പന്ത് ക്യാപ്റ്റനായ ലക്നൗ സൂപ്പർ ജയന്റ്സിനെ തകർത്തുവിട്ടതിനു പിന്നാലെ രൂക്ഷ പരിഹാസവുമായി പഞ്ചാബ് കിങ്സ് രംഗത്തെത്തിയത്. ‘എല്ലാ ടെൻഷനും ലേലത്തോടെ തീർന്നു’ എന്നായിരുന്നു, ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ വിഡിയോ പങ്കുവച്ച് പഞ്ചാബ് കിങ്സ് കുറിച്ചത്.
മത്സരത്തിൽ തകർപ്പൻ അർധസെഞ്ചറിയുമായി ടീമിനെ വിജയത്തിലേക്കു നയിച്ച ശ്രേയസ് അയ്യരെ പുകഴ്ത്തിക്കൊണ്ടുള്ള വിഡിയോയ്ക്കു നൽകിയ ക്യാപ്ഷനിലാണ്, പന്തിന്റെ പഴയ ‘ടെൻഷൻ പരാമർശം’ പഞ്ചാബ് കിങ്സ് ഓർമിപ്പിച്ചത്. മത്സരത്തിൽ ശ്രേയസ് അയ്യർ 30 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം പുറത്താകാതെ 52 റൺസെടുത്ത് പഞ്ചാബിനെ വിജയത്തിലെത്തിച്ചപ്പോൾ, അഞ്ച് പന്തിൽ രണ്ടു റൺസ് മാത്രമെടുത്ത ഋഷഭ് പന്ത് തീർത്തും നിറംമങ്ങിയിരുന്നു.
ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം മത്സരവും ജയിച്ച പഞ്ചാബ് കിങ്സ് നാലു പോയിന്റുമായി ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ആർസിബിക്കും 4 പോയിന്റാണെങ്കിലും, റൺറേറ്റിലെ മേധാവിത്തമാണ് അവരെ ഒന്നാമത് നിർത്തുന്നത്. ലക്നൗ ആകട്ടെ, മൂന്നു മത്സരങ്ങളിൽനിന്ന് രണ്ടാം തോൽവി വഴങ്ങി ആറാം സ്ഥാനത്തേക്ക് പതിച്ചു.
ഐപിഎൽ 18–ാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിൽ 27 കോടി രൂപയുടെ റെക്കോർഡ് തുകയ്ക്കാണ് ലക്നൗ സൂപ്പർ ജയന്റ്സ് ഋഷഭ് പന്തിനെ സ്വന്തമാക്കിയത്. ലേലത്തിനു പിന്നാലെ, പഞ്ചാബ് ടീം എങ്ങാനും തന്നെ വാങ്ങുമോയെന്ന് ടെൻഷനുണ്ടായിരുന്നുവെന്ന് പന്ത് പ്രതികരിച്ചിരുന്നു. രണ്ടു പേരെ മാത്രം ടീമിൽ നിലനിർത്തി ഏറ്റവും ഉയർന്ന തുകയുമായി ലേലത്തിന് എത്തിയ ടീം പഞ്ചാബായിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചാബ് തന്നെ വാങ്ങുമോയെന്ന് ടെൻഷനുണ്ടായിരുന്നുവെന്ന പന്തിന്റെ പരാമർശം.
‘‘എനിക്ക് ഒറ്റ ടെൻഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് പഞ്ചാബ് എങ്ങാനും വാങ്ങുമോ എന്നായിരുന്നു. അവരുടെ കയ്യിലായിരുന്നല്ലോ കൂടുതൽ പണമുണ്ടായിരുന്നത്. ശ്രേയസ് അയ്യരെ പഞ്ചാബ് വാങ്ങിയതോടെ, ഞാൻ മിക്കവാറും ലക്നൗവിലേക്കായിരിക്കുമെന്ന് തോന്നി. അതിനായിരുന്നു സാധ്യത കൂടുതൽ. പക്ഷേ, നമുക്ക് ഉറപ്പൊന്നുമില്ലല്ലോ. അതുകൊണ്ട് ലേലം തുടർന്നും കാണാൻ തീരുമാനിച്ചു’ – ഇതായിരുന്നു പന്തിന്റെ പരാമർശം.
110.5 കോടി രൂപയുമായി താരലേലത്തിന് എത്തിയ പഞ്ചാബ് ടീം, 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ ടീമിലെത്തിച്ചത്. ഇത് റെക്കോർഡ് തുകയായിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ 27 കോടി രൂപയ്ക്ക് പന്തിനെ വാങ്ങി ലക്നൗ ആ റെക്കോർഡ് തകർത്തു.