ദിഗ്‌വേഷിന്റെ വിവാദ ‘നോട്ട്ബുക്ക്’ ബിസിസിഐ ‘കീറി’; വിവാദ വിക്കറ്റ് ആഘോഷത്തിന് പിഴശിക്ഷ, ഡീമെറിറ്റ് പോയിന്റ് – വിഡിയോ

Mail This Article
ലക്നൗ∙ വിരാട് കോലി പ്രശസ്തമാക്കിയ ‘നോട്ട്ബുക്ക് സെലബ്രേഷൻ’ ഇന്ത്യൻ പ്രിമിയർ ലീഗിലും (ഐപിഎൽ). ഇന്നലെ നടന്ന പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഇന്ത്യൻ താരം ദിഗ്‌വേഷ് രതിയാണ് ഈ ആഘോഷം അനുകരിച്ച് ശ്രദ്ധ നേടിയത്. ഡൽഹി ടീമിൽ തന്റെ സഹതാരം കൂടിയായ പഞ്ചാബ് കിങ്സ് ഓപ്പണർ പ്രിയാൻഷ് ആര്യയെ പുറത്താക്കിയ ശേഷമായിരുന്നു ദിഗ്‌വേഷ് രതിയുടെ നോട്ട്ബുക്ക് സെലബ്രേഷൻ. പുറത്തായി മടങ്ങുന്ന താരത്തിന്റെ സമീപത്തുചെന്ന് സാങ്കൽപിക നോട്ട്ബുക്കിൽ കുറിക്കുന്നതുപോലെ അഭിനയിക്കുന്ന രീതിയാണിത്.
ഡൽഹി പ്രിമിയർ ലീഗിൽ ഒരു ഓവറിലെ ആറു പന്തും സിക്സടിച്ച് ശ്രദ്ധ നേടിയിട്ടുള്ള താരമാണ് പ്രിയാൻഷ് ആര്യ. ലക്നൗവിനെതിരായ മത്സരത്തിൽ ദിഗ്‌വേഷിന്റെ പന്തിൽ പ്രിയാൻഷ് ബൗണ്ടറി നേടിയിരുന്നു. അതേ ഓവറിൽ പ്രിയാൻഷിനെ ഷാർദുൽ ഠാക്കൂറിന്റെ കൈകളിലെത്തിച്ച് ദിഗ്‌വേഷ് തിരിച്ചടിച്ചു. തുടർന്ന് താരം പവലിയനിലേക്ക് നടക്കുമ്പോഴാണ് ദിഗ്‌വേഷ് ‘നോട്ട്ബുക്കു’മായി എത്തിയത്. എന്നാൽ, ഉടൻതന്നെ ഇതിൽ ഇടപെട്ട അംപയർ അനാവശ്യ ആഘോഷത്തിൽനിന്ന് ദിഗ്‌വേഷിനെ വിലക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. മത്സരത്തിനു പിന്നാലെ ബിസിസിഐ ദിഗ്‌വേഷന് മാച്ച്ഫീയുടെ 25 ശതമാനം പിഴ ചുമത്തി. മാത്രമല്ല, ഒരു ഡീമെറ്റിറ്റ് പോയിന്റുമുണ്ട്.
ദിഗ്‌വേഷിന്റെ ആഘോഷരീതിക്കെതിരെ സമൂഹമാധ്യമങ്ങളിലും കടുത്ത വിമർശനവും ഉയർന്നിരുന്നു. പഞ്ചാബ് കിങ്സ് ബോളിങ്ങിലും ബാറ്റിങ്ങിലും വ്യക്തമായ മേധാവിത്തം പുലർത്തി അനായാസ വിജയത്തിലേക്ക് കുതിക്കുമ്പോഴായിരുന്നു ദിഗ്‌വേഷിന്റെ അനാവശ്യ ആഘോഷമെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. മത്സരത്തിൽ രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും ദിഗ്‌വേഷിന് കാര്യമായ ചലനമൊന്നും സൃഷ്ടിക്കാനായില്ലെന്നും ആഘോഷത്തെ വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മത്സരത്തിനു ശേഷം ദിഗ്‌വേഷിനെ പരിഹസിച്ച് പഞ്ചാബ് കിങ്സും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചു. ദിഗ്‌വേഷ് നോട്ട്ബുക്ക് സെലബ്രേഷൻ നടത്തുന്ന ചിത്രം പങ്കുവച്ച്, തൊട്ടുതാഴെ ‘പഞ്ചാബ് കിങ്സ് എട്ടു വിക്കറ്റിന് ജയിച്ചു’ എന്ന് എഴുതിയ നോട്ട്ബുക്കിലെഴുതിയ ചിത്രം സഹിതമാണ് പഞ്ചാബിന്റെ തിരിച്ചടി.
മത്സരത്തിൽ ദിഗ്‌വേഷ് രതി നാല് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും, മത്സരം പഞ്ചാബ് കിങ്സ് എട്ടു വിക്കറ്റിന് ജയിച്ചിരുന്നു. മത്സരത്തിൽ പഞ്ചാബിന് നഷ്ടമായ രണ്ടു വിക്കറ്റുകളും ദിഗ്‌വേഷാണ് വീഴ്ത്തിയത്. ഒൻപതു പന്തിൽ ഒരു ഫോർ സഹിതം എട്ടു റൺസെടുത്ത ഓപ്പണർ പ്രിയാൻഷ് ആര്യ, 34 പന്തിൽ ഒൻപതു ഫോറും മൂന്നു സിക്സും സഹിതം 69 റൺസുമായി പഞ്ചാബിന്റെ ടോപ് സ്കോററായ പ്രഭ്സിമ്രാൻ സിങ് എന്നിവരാണ് ദിഗ‌്‌വേഷിനു മുന്നിൽ വീണത്.
ബോളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ മികവു പുലർത്തിയാണ് രണ്ടാം മത്സരത്തിലും പഞ്ചാബ് ആധികാരിക ജയം സ്വന്തമാക്കിയത്. കരുത്തരായ ലക്നൗ സൂപ്പർ ജയന്റ്സിനെ അവരുടെ തട്ടകത്തിൽ മറികടന്നത് 8 വിക്കറ്റ് ബാക്കിനിൽക്കെ. അർധ സെഞ്ചറി നേടിയ ഓപ്പണർ പ്രഭ്സിമ്രൻ സിങ് (34 പന്തിൽ 69) തന്നെ പ്ലെയർ ഓഫ് ദ് മാച്ച്.
∙ കോലി പ്രശസ്തമാക്കിയ ആഘോഷം
ഇന്ത്യൻ സൂപ്പർതാരം വിരാട് കോലിയും വെസ്റ്റിൻഡീസ് താരം കെസ്രിക് വില്യംസും തമ്മിലുള്ള നേർക്കുനേർ പോരാട്ടങ്ങളിലൂടെയാണ് നോട്ട്ബുക് സെലബ്രേഷൻ രാജ്യാന്തര ക്രിക്കറ്റിൽ പ്രശസ്തമായത്. 2017 ജൂലൈ 7നു ജമൈക്കയിൽ നടന്ന ഇന്ത്യ–വെസ്റ്റിൻഡീസ് ട്വന്റി20 മത്സരത്തിൽ വില്യംസിന്റെ പന്തിലായിരുന്നു കോലി ഔട്ടായത്. വിക്കറ്റ് നേട്ടം വില്യംസ് തന്റെ സ്വതസിദ്ധമായ നോട്ട്ബുക്ക് സ്റ്റൈലിൽ (ഒരു ബാറ്റ്സ്മാന്റെ വിക്കറ്റ് ആദ്യമായി നേടുമ്പോൾ വില്യംസ് അതു തന്റെ സാങ്കൽപിക നോട്ടുബുക്കിൽ കുറിച്ചിടും) ആഘോഷിച്ചു.
രണ്ടുവർഷത്തിനുശേഷം 2019 ഡിസംബറിലായിരുന്നു വില്യംസിന് വിരാട് കോലിയുടെ തിരിച്ചടി. ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ റെക്കോർഡ് റൺ ചെയ്സിനു സാക്ഷ്യം വഹിച്ച ഹൈദരാബാദിൽ, വില്യംസ് എറിഞ്ഞ 16–ാം ഓവറിലെ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയ കോലി സ്വന്തം നോട്ട്ബുക്കിൽ വില്യംസിന്റെ പേരും എഴുതിച്ചേർത്തു. വില്യംസിന്റെ ‘നോട്ട് ബുക്ക്’ വിരാട് കോലി കാറ്റിൽ പറത്തിയപ്പോൾ, വീട്ടിയത് രണ്ടു വർഷം മുൻപു ബാക്കി വച്ച കണക്ക്. വില്യംസിന്റെ നോട്ട്ബുക്ക് ‘കീറുന്നത്’ ആദ്യ സംഭവമായിരുന്നില്ല. മുൻപു സിപിഎല്ലിൽ (കരീബിയൻ പ്രീമിയർ ലീഗ്) ചാഡ്വിക് വാൽട്ടൻ എന്ന ബാറ്റ്സ്മാനും വില്യംസിനെ കീറിയൊട്ടിച്ചിരുന്നു.