ഇനി മണിക്കൂറുകൾ മാത്രം; ‘ട്രംപുരാന്റെ’ ബദൽത്തീരുവ ഇന്ത്യയെ ഉലയ്ക്കുമോ? സാധ്യതകൾ ഇങ്ങനെ

Mail This Article
ഇന്ത്യയുടെ വെല്ലുവിളികൾ
കൃഷി: യുഎസ് കാർഷിക ഉൽപന്നങ്ങൾക്കാണ് ഇന്ത്യ ഏറ്റവും കൂടുതൽ തീരുവ (37.66%) ചുമത്തുന്നത്. ഇറക്കുമതി നിയന്ത്രിച്ച് ആഭ്യന്തര വിപണിയെയും കർഷകരെയും സംരക്ഷിക്കാനാണ് ഇത്. എന്നാൽ, കാർഷിക വിപണി തുറന്നുകൊടുക്കണമെന്നാണ് യുഎസിന്റെ ആവശ്യം.
ഇന്ത്യൻ കാർഷിക ഉൽപന്നങ്ങൾക്ക് യുഎസിൽ ചുമത്തുന്ന ശരാശരി തീരുവ ശരാശരി 3.3 ശതമാനമാണെങ്കിൽ ഇന്ത്യയിലെത്തുന്ന യുഎസ് കാർഷിക ഉൽപന്നങ്ങൾക്ക് ഇത് 37.7 ശതമാനമാണ്. ‘പകരത്തിനു പകരം’ എന്ന തത്വം അനുസരിച്ചാണെങ്കിൽ ഇന്ത്യൻ കാർഷിക ഉൽപന്നങ്ങൾക്കു മേൽ 32.4% കൂടി അധിക തീരുവ യുഎസിന് ചുമത്താം.
മത്സ്യം, മാംസം: കടൽ വിഭവങ്ങളും മാംസ ഉൽപന്നങ്ങളുമാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതികളിലൊന്ന്. 258 കോടി ഡോളറിന്റേതാണ് പ്രതിവർഷ കയറ്റുമതി. ഇവയ്ക്കു യുഎസിനെക്കാൾ 27.83% കൂടുതൽ തീരുവ നിലവിൽ ഇന്ത്യ ചുമത്തുന്നുണ്ട്. ഇതിൽ തുല്യത കൊണ്ടുവരാൻ യുഎസ് ശ്രമിക്കുന്നത് ചെമ്മീൻ കയറ്റുമതിയെ അടക്കം ബാധിക്കാം.
മറ്റ് മേഖലകൾ: തീരുവയിൽ ഉയർന്ന അന്തരം നിലനിൽക്കുന്ന ചില മേഖലകൾ ഇവ: കാർഷിക–മാംസ ഉൽപന്നങ്ങൾ: 32.37%, ഓട്ടമൊബീൽ: 23.10%, വജ്രം, സ്വർണം: 13.32%, ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ: 8.63%, ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ: 7.24%, മെഡിക്കൽ, ലെതർ, പേപ്പർ, ഗ്ലാസ്: 6.91%. ഈ മേഖലകളിൽ പകരത്തിനു പകരം തീരുവ ചുമത്തുന്നത് ഇന്ത്യയ്ക്കു തിരിച്ചടിയായേക്കാം. ഇപ്പോൾ തന്നെ യുഎസ് ഭേദപ്പെട്ട തീരുവ ചുമത്തുന്ന ടെക്സ്റ്റൈൽസ്, പെട്രോളിയം, ധാതുക്കൾ തുടങ്ങിയവയ്ക്ക് റെസിപ്രോക്കൽ താരിഫ് പുതിയ ഭീഷണിയായേക്കില്ല.
ട്രംപ് വിവിധ രാജ്യങ്ങൾക്ക് എതിരെ എടുത്ത നിലപാടും അവരുടെ പ്രതികരണവും
ചൈന
നടപടി: ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരിയിൽ 10% തീരുവ ചുമത്തി. മാർച്ചിൽ ഇത് 20 ശതമാനമായി വർധിപ്പിച്ചു.
പ്രതികരണം:
1. കൽക്കരി, എൽഎൻജിക്കും 15% വരെ തീരുവ.
2. യുഎസ് ചിക്കൻ, ഗോതമ്പ്, ചോളം, പരുത്തി, സോയാബീൻ, പോർക്ക്, ബീഫ്, മത്സ്യ ഉൽപന്നങ്ങൾ, പച്ചക്കറി, പഴങ്ങൾ, ക്ഷീര ഉൽപന്നങ്ങൾ അടക്കമുള്ളവയ്ക്ക് 10% തീരുവ
3. ടെസ്‍ലയുടെ ഇലക്ട്രിക് ട്രക്ക് അടക്കമുള്ളവയ്ക്ക് 10% തീരുവ.
4. ഗൂഗിൾ അടക്കമുള്ള യുഎസ് കമ്പനികൾക്കെതിരെ വിപണി മര്യാദ ലംഘിച്ചതിന് അന്വേഷണം.
5. ഫാഷൻ ബ്രാൻഡായ കാൽവിൻ ക്ലെയ്ൻ, ബയോടെക് കമ്പനി ഇലുമിന തുടങ്ങിയ കമ്പനികൾക്കെതിരെ ഉപരോധ ഭീഷണി.
6. ടങ്സ്റ്റൺ അടക്കം 5 ലോഹങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണം.
7. ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) ചൈനയുടെ പ്രതിഷേധം.
8. ട്രംപിനു മറുപടിയായി ദക്ഷിണകൊറിയയും ജപ്പാനുമായി വ്യാപാര സഹകരണം.
കാനഡ, മെക്സിക്കോ
നടപടി: കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ ഇറക്കുമതിക്കും 25% തീരുവ. ഒരു മാസത്തെ സാവകാശം നൽകിയ ശേഷം മാർച്ച് 4 മുതൽ നടപ്പാക്കി. യുഎസ്–മെക്സിക്കോ–കാനഡ സ്വതന്ത്ര വ്യാപാര കരാറിലെ (യുഎസ്എംസിഎ) വ്യവസ്ഥകൾ പാലിക്കുന്ന ഉൽപന്നങ്ങൾക്ക് ഇന്നു വരെ സാവകാശം. കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും 50% തീരുവ.
പ്രതികരണം: 2,000 കോടി രൂപയുടെ യുഎസ് ഇറക്കുമതിക്ക് കാനഡ 25% തീരുവ ചുമത്തി. കനേഡിയൻ ഉൽപന്നങ്ങൾ വാങ്ങാൻ ജനങ്ങളോട് സർക്കാരിന്റെ ആഹ്വാനം. യുഎസിലേക്കുള്ള വൈദ്യുതിക്ക് 25% സർചാർജ് ഏർപ്പെടുത്തിയ കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയുടെ തീരുമാനം ട്രംപിന്റെ ഉയർന്ന തീരുവ ഭീഷണിക്കു മുന്നിൽ പിൻവലിച്ചു. പകരം തീരുവ ചുമത്തുമെന്ന് മെക്സിക്കോ.
യൂറോപ്യൻ യൂണിയൻ
നടപടി: കാറുകൾ അടക്കം യൂറോപ്യൻ യൂണിയൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 25% തീരുവ. സ്റ്റീൽ, അലുമിനിയം ഉൽപന്നങ്ങൾക്കുള്ള 25% തീരുവയും യൂറോപ്പിനു തിരിച്ചടി.
പ്രതികരണം: യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 26 ബില്യൻ യൂറോ (2800 കോടി ഡോളർ) മൂല്യം വരുന്ന ഉൽപന്നങ്ങൾക്കു പകരം തീരുവ. സ്റ്റീൽ, ബീഫ്, ബർബൻ വിസ്കി, മോട്ടർസൈക്കിൾ, പീനട്ട് ബട്ടർ തുടങ്ങിയവയ്ക്ക് തീരുവ ബാധകം.
മറ്റുള്ളവ
∙ ഏതു രാജ്യത്തു നിന്നും യുഎസിലേക്കുള്ള സ്റ്റീലിനും അലുമിനിയത്തിനും 25% തീരുവ.
∙ വെനസ്വേലയിൽ നിന്ന് ഇന്ധനം വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 25% തീരുവ.
∙ എല്ലാ രാജ്യങ്ങൾക്കുമെതിരെ ‘പകരത്തിനു പകരം’ തീരുവ.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business