കേരളത്തിൽ 30,000 കോടി നിക്ഷേപിക്കുമെന്ന് കരൺ അദാനി; കൊച്ചിയിൽ ലോജിസ്റ്റിക്സ് പാർക്ക്, വിഴിഞ്ഞം മുന്നോട്ട്

Mail This Article
കേരളത്തിൽ അദാനി ഗ്രൂപ്പ് 30,000 കോടി രൂപയുടെ കൂടി നിക്ഷേപം നടത്തുമെന്ന് അദാനി പോർട്സ് ആൻഡ് സെസ് മാനേജിങ് ഡയറക്ടർ കരൺ അദാനി. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്താണ് അദാനി ഗ്രൂപ്പ് വിഴിഞ്ഞം പദ്ധതിക്കായി കേരളത്തിൽ വന്നത്. ഇപ്പോൾ പിണറായി വിജയൻ സർക്കാരും മികച്ച പിന്തുണ നൽകുന്നു. വിഴിഞ്ഞത്തിനായി 5,000 കോടി രൂപ നിക്ഷേപിച്ചതിന് പുറമേ തുടർ വികസനത്തിനായി 20,000 കോടി രൂപ കൂടി നിക്ഷേപിക്കും. രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റും. കമ്മിഷൻ ചെയ്യുംമുമ്പേ 24,000 കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ കപ്പലും വിഴിഞ്ഞത്തെത്തി എന്നത് നേട്ടമാണ്.
5,200 കോടി രൂപ നിക്ഷേപത്തോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ അടുത്തഘട്ട വിപുലീകരണവും ആസൂത്രണം ചെയ്തിട്ടുണ്ട്. കൊച്ചി കളമശേരിയിൽ ലോജിസ്റ്റിക്സ് പാർക്കും സജ്ജമാക്കും. സിമന്റ് മേഖലയുടെ വികസനത്തിനും നിക്ഷേപം നടത്തുമെന്നും കരൺ അദാനി പറഞ്ഞു. മാതൃകയാക്കാവുന്ന വികസനത്തിലാണ് കേരളം. സംസ്ഥാനത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business