ADVERTISEMENT

‘നല്ലൊരു മുമെന്റ് സംഭവിക്കുന്നതിനു തൊട്ടുമുൻപുള്ള നിമിഷം, അത് നമ്മൾ തിരിച്ചറിയണം. ക്ലിക്ക് ചെയ്യാൻ റെഡിയായിരിക്കണം. അത്രേ ഉള്ളൂ കാര്യം’ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഈ ഫോട്ടോഗ്രഫി ഉപദേശം ആരും മറക്കാനിടയില്ല. മികച്ച കാമറകൾ ഉപയോഗിച്ച് ഓരോ ചിത്രവും എത്ര മികവുറ്റതാക്കാമോ അത്രയും മികവുറ്റതാക്കാൻ ശ്രമിക്കുകയാണ് ഫോട്ടോഗ്രാഫർമാർ. എന്നാൽ, ലോകത്തിൽ ഏറെ പ്രചാരമുള്ളതും കേരളത്തിൽ അത്ര ജനപ്രീതി കിട്ടാത്തതുമായ ഒരു ഫോട്ടോഗ്രഫി മേഖലയാണ് പെറ്റ് ഫോട്ടോഗ്രഫി. മനുഷ്യരുടെ ചിത്രങ്ങൾ എടുക്കാൻ ആവശ്യമായതിലേറെ ക്ഷമയും നിരീക്ഷണവും അറിവും വേണ്ട മേഖലയാണിത്.

കേരളത്തിലെ പെറ്റ് വിപണി വളർച്ചയുടെ പാതയിലാണ്. അതുകൊണ്ടുതന്നെ പെറ്റ് ഫോട്ടോഗ്രഫിക്ക് വിശാലമായ സാധ്യതകൾ തുറന്നുകിടക്കുകയാണ്. അരുമകളുടെ രൂപവും ഭംഗിയുമെല്ലാം വിപണിയിൽ പ്രദർശിപ്പിക്കണമെങ്കിൽ നല്ലൊരു പെറ്റ് ഫോട്ടോഗ്രാഫറുടെ സഹായം വേണം. അതുപോലെ അരുമകൾക്കൊപ്പം ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്ന ഉടമകൾക്കും ഇത്തരത്തിൽ ഒരു ഫോട്ടോഗ്രാഫറുടെ സഹായമുണ്ടെങ്കിൽ ഏറെ ശ്രദ്ധിക്കപ്പെടാം.

pet-dog-3
ഡെന്നി ‍ഡാനിയേൽ

കേരളത്തിൽ പെറ്റ് ഫോട്ടോഗ്രഫിക്കു തുടക്കമിട്ടത് ആലപ്പുഴ മുതുകുളം കൈപ്പുഴത്തറ പുതുവൽ ഡെന്നി ഡാനിയേലാണ്. വർഷങ്ങളായി അരുമ മേഖലയിൽ സജീവമായിരുന്നെങ്കിലും തികച്ചും അവിചാരിതമായാണ് ഡെന്നി ഈയൊരു പ്രഫഷൻ തിരഞ്ഞെടുത്ത്. 2012ൽ വിദേശത്ത് എൻജിനിയറായി ജോലി ചെയ്യുന്നതിനിടെ വാങ്ങിയ കാമറയിൽനിന്നാണ് ഫോട്ടോഗ്രഫിയോട് താൽപര്യം ജനിച്ചത്. വൈൽഡ്‌ലൈഫ് ഫോട്ടോഗ്രഫിയോടായിരുന്നു താൽപര്യം. അതുകൊണ്ടുതന്നെ അവധിക്കു നാട്ടിലെത്തുമ്പോൾ വന്യജീവികളെ കാണാനുള്ള യാത്രയ്ക്കായിരുന്നു പ്രാധാന്യം. അതിനൊപ്പംതന്നെ നായ്ക്കളെ വളർത്തി കുഞ്ഞുങ്ങളെ വിൽക്കുകയും ചെയ്തിരുന്നു. പിതാവ് ഡാനിയേലായിരുന്നു നായ്ക്കളെ സംരക്ഷിച്ചിരുന്നത്. ഡെന്നിക്ക് നായ്ക്കളോട് താൽപര്യമുണ്ടാകാനുള്ള കാരണവും അദ്ദേഹംതന്നെ.

ഫോട്ടോ: ഡെന്നി ഡാനിയൽ
ഡെന്നി പകർത്തിയ ചിത്രം

അങ്ങനെ ഫോട്ടോഗ്രഫിയും ജോലിയുമായി പോകുന്നതിനിടെയായിരുന്നു ജീവിതം കീഴ്‌മേൽ മറിഞ്ഞത്. 2018 ജൂലൈയിൽ ഡെന്നിയും പിതാവ് ഡാനിയേലും സഞ്ചരിച്ച ഇരുചക്രവാഹനത്തെ തെറ്റായ ദിശയിൽ വന്ന മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിച്ചു. ആ അപകടത്തിൽ ഡാനിയേൽ മരിച്ചു. സാരമായി പരിക്കേറ്റ ഡെന്നിക്ക് ഒരു വർഷം പൂർണമായും ബെഡ് റെസ്റ്റ്. അപകടം ശരീരത്തിനേൽപ്പിച്ച ആഘാതത്തിൽനിന്ന് ആരോഗ്യം വീണ്ടെടുത്തതോടെ നായ പ്രേമംതന്നെ വരുമാനമാർഗമാക്കുകയായിരുന്നു ഡെന്നി. ലാബ്രഡോർ, ഡോബർമാൻ, ഡാഷ്ഹണ്ട് തുടങ്ങിയ ഇനങ്ങളായിരുന്നു ആദ്യമുണ്ടായിരുന്നത്. നായ്ക്കളെ വളർത്തുന്നതിനൊപ്പം സ്വന്തം കാമറയിൽ തന്റെ അരുമകളുടെ ചിത്രങ്ങൾ പകർത്താറുമുണ്ടായിരുന്നു. ഇത്തരം ചിത്രങ്ങൾ കണ്ടു സുഹൃത്തുക്കളും അരുമപരിപാലകരുമൊക്കെ ചിത്രമെടുക്കാൻ ആവശ്യപ്പെട്ടു സമീപിച്ചതോടെ പെറ്റ് ഫോട്ടോഗ്രഫി ഒരു പ്രഫഷനായി സ്വീകരിക്കുകയായിരുന്നു.

pet-dog-4

മനുഷ്യരുടെ ചിത്രം പകർത്തുന്നതിനേക്കാൾ ഏറെ ശ്രമകരമാണ് അരുമ മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ പകർത്തുന്നതെന്ന് ഡെന്നി. അവർ എപ്പോഴും അ‌ടങ്ങിയിരിക്കുന്നവരല്ല. അതുകൊണ്ടുതന്നെ ഏറെ ക്ഷമയോടും നിരീക്ഷണത്തോടുംകൂടി കാത്തിരിക്കുമ്പോൾ മാത്രമാണ് ഒരു നല്ല നിമിഷം ഒത്തുകിട്ടുക. ചുരുക്കത്തിൽ ഒരു നായയുടെ നല്ല ഫോട്ടോ ലഭിക്കാൻ നായതന്നെ വിചാരിക്കണം. 100 ചിത്രങ്ങളെടുത്താലായിരിക്കും ഒരു നല്ല ചിത്രം ലഭിക്കുക.

pet-dog-5
ഡെന്നി പകർത്തിയ ചിത്രങ്ങൾ

നായ്ക്കളുടെ ചിത്രങ്ങളെടുക്കാനാണ് ആവശ്യക്കാർ കൂടുതലുള്ളത്. അവയുടെ സൗന്ദര്യം മാത്രം പകർത്തേണ്ടവരും അവരുടെ ശരീരഘടനയും ആകൃതിയുമെല്ലാം ആവശ്യമുള്ളവരുമുണ്ട്. കുഞ്ഞുങ്ങളു‌ടെ വിൽപന ലക്ഷ്യമിടുന്നവർക്ക് അവയുടെ സൗന്ദര്യവും രൂപവുമെല്ലാം വ്യക്തമാകുന്ന വിധത്തിൽ വേണം ചിത്രങ്ങൾ. അതുകൊണ്ടുതന്നെ നായ്ക്കളെക്കുറിച്ച് അറിവുള്ള ഫോട്ടോഗ്രാഫർക്ക് കസ്റ്റമർക്ക് ആവശ്യമായ രീതിയിൽ ചിത്രമെടുത്തു നൽകാൻ കഴിയുമെന്നും ഡെന്നി പറയുന്നു. ബിസിനസ് താൽപര്യം ലക്ഷ്യമിട്ടല്ലാതെ നായ്ക്കൾക്കൊപ്പം മോഡലിങ് രീതിയിൽ ഫോട്ടോഷൂട്ട് ചെയ്യാൻ താൽപര്യമുള്ളവരും ഡെന്നിയുടെ സഹായം തേടാറുണ്ട്.

യൂറോപ്യൻ ഡോബർമാൻ

pet-dog-2
എഡ്ജ് എന്ന ഡോബർമാൻ നായയ്‌ക്കൊപ്പം ‍ഡെന്നിയുടെ ഭാര്യ ലിജി

അ‍ഞ്ചു വർഷമായി യൂറോപ്യൻ ഡോബർമാനിലാണു ഡെന്നിയുടെ ശ്രദ്ധ. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തവയുൾപ്പെടെ ഡോബർമാൻ നായ്ക്കളുടെ മികച്ച ശേഖരം ഡെന്നിയുടെ ഇസ ഡെൻസ് കെന്നലിലുണ്ട്. ഡോബർമാൻ എന്ന് ഒറ്റ ബ്രീഡ് മാത്രമേ ലോകത്തുള്ളൂവെങ്കിലും അവയിൽത്തന്നെ യൂറോപ്യനെന്നും അമേരിക്കനെന്നും രണ്ടു വകഭേതങ്ങളുണ്ട്. ഈ ഇനത്തെ എന്തിനു വികസിപ്പിച്ചോ അതേ രീതിയിൽത്തന്നെ നിലനിർത്തിയിരിക്കുന്നവയാണ് യൂറോപ്യൻ ഡോബർമാൻ. എന്നാൽ, ഭംഗിക്കു പ്രധാന്യം നൽകി അൽപംകൂടി ഒതുങ്ങിയ ശരീരമാക്കി മാറ്റിയെടുത്തവയാണ് അമേരിക്കൻ ഡോബർമാൻ.

ഡോബർമാൻ നായ്ക്കുട്ടികൾക്ക് ആവശ്യക്കാരേറെയെന്നു ഡെന്നി. ലക്ഷണമൊത്ത നായ്ക്കുട്ടിയെ തിരിച്ചറിയാൻ മൂന്നു മാസം വേണ്ടിവരും. അതുകൊണ്ടുതന്നെ ഈ ഇനത്തെ ബ്രീഡ് ചെയ്യുന്നതും കുട്ടികളെ പരിപാലിക്കുന്നതും വലിയ ചെലവുള്ള കാര്യമാണ്. ഈ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടുതന്നെ ഡോബർമാൻ ബ്രീഡിങ്ങിലേക്ക് തിരിഞ്ഞവരും അപൂർവം. ഡോഗ് ഫുഡിനൊപ്പം പ്രധാനമായും മൂന്നു ദിവസം ഡീപ് ഫ്രീസ് ചെയ്ത, വേവിക്കാത്ത മാംസമാണ് നായ്ക്കൾക്ക് ഭക്ഷണമായി നൽകുന്നത്. കുട്ടികൾക്ക് 25 ദിവസം പ്രായമെത്തുന്നതോടെ വേവിച്ച ഇറച്ചി നൽകിത്തുടങ്ങും. ക്രമേണ അത് പാതി വേവിച്ച രീതിയിലേക്ക് മാറ്റും. 3 മാസം പിന്നിട്ട് വിൽക്കാറാകുമ്പോഴേക്ക് വേവിക്കാത്ത ഇറച്ചി കഴിച്ച് ശീലിച്ചിട്ടുണ്ടാകും. ഈ പ്രായത്തിലുള്ള നായ്ക്കുട്ടികൾക്ക് ഒരു ലക്ഷത്തിനുമുകളിലാണ് വില.

ഫോൺ: 7907952621

English Summary:

Kerala pet photography is booming, and Denny Daniel is leading the charge. His expertise in capturing the essence of pets, particularly Dobermans, makes him a sought-after photographer in Alappuzha and beyond.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com