ജംഗിൾ സഫാരി വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന
Mail This Article
അതിരപ്പിള്ളി ∙ ആനക്കല്ല് ജംഗിൾ സഫാരി വാഹനത്തിനു നേരെ പാഞ്ഞടുത്ത കാട്ടാനയിൽ നിന്നും സഞ്ചാരികളെ വനം ജീവനക്കാർ രക്ഷപ്പെടുത്തി. ശനി രാവിലെ അതിരപ്പിള്ളി റേഞ്ചിൽ നിന്നു വനത്തിലൂടെ സഞ്ചാരികളുമായി പോയ ജീപ്പിനു നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വനപാതയുടെ അരികിൽ കുഞ്ഞുങ്ങളുമായി നിന്നിരുന്ന കൂട്ടത്തിലെ ആനയാണ് ആക്രമിക്കാൻ പാഞ്ഞടുത്തത്.
ഇതോടെ വാഹനം പിറകോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. കുറച്ച് ദൂരം ജീപ്പിനു നേരെ ഓടിയടുത്ത ആന പിന്നീട് കാട്ടിലേക്കു കയറിപ്പോയതോടെ വീണ്ടും യാത്ര തുടർന്നു. ഏറ്റവും അധികം ആനക്കൂട്ടങ്ങളെ കാണുന്ന ഭാഗമാണിതെന്നും പ്ലാന്റേഷൻ തോട്ടത്തിൽ 50ൽ അധികം ആനകളെ കൂട്ടത്തോടെ കാണാറുള്ളതായും തോട്ടം തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
വേനൽ ചൂടിൽ കാട്ടിലെ ചോലകൾ വറ്റിയതോടെ പുഴയുടെ തീരങ്ങളിൽ പകൽ സമയങ്ങളിലും ആനക്കൂട്ടം മേയുന്നത് പതിവു കാഴ്ചയാണ്. ജനവാസ കേന്ദ്രത്തിന്റെ പരിസരങ്ങളിലെ വനത്തിലൂടെ വാഹനം കടന്നുപോകുന്നത് വന്യമൃഗങ്ങളെ അക്രമാസക്തരാക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മാർച്ച് ആദ്യത്തിൽ യൂ ടൂബർമാരിലൂടെയാണ് ജംഗിൾ സഫാരി ആരംഭിച്ച വിവരം പുറത്തറിഞ്ഞത്.