സർക്കാരിന്റെ വരുമാനത്തിൽ 10,302 കോടിയുടെ ഇടിവ്, കേന്ദ്ര ഗ്രാന്റും സ്റ്റാംപ്ഡ്യൂട്ടിയും കുറഞ്ഞു
Mail This Article
തിരുവനന്തപുരം ∙ കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ മുൻവർഷത്തെക്കാൾ 10,302 കോടി രൂപയുടെ ഇടിവെന്ന് അക്കൗണ്ടന്റ് ജനറലിന്റെ കണക്ക്.
ജിഎസ്ടി, വിൽപന നികുതി, ലോട്ടറി, മദ്യം തുടങ്ങിയവയിൽനിന്നുള്ള വരുമാനം വർധിച്ചെങ്കിലും കേന്ദ്ര ഗ്രാന്റുകളും സംസ്ഥാനസർക്കാർ പിരിക്കുന്ന സ്റ്റാംപ് ഡ്യൂട്ടിയും കുറഞ്ഞു. കേന്ദ്ര ഗ്രാന്റിൽ ഒറ്റയടിക്ക് 15,904 കോടിയുടെ കുറവാണുണ്ടായത്.
-
Also Read
നീറ്റ്–യുജി: 14,815 പേർ പരീക്ഷയെഴുതി
ജിഎസ്ടി വരുമാനം 2071 കോടി വർധിച്ചെങ്കിലും ലക്ഷ്യമിട്ടതിന്റെ 84% മാത്രമാണിത്. ലോട്ടറി അടക്കമുള്ള നികുതി ഇതര വരുമാന സ്രോതസ്സുകളിൽ 1197 കോടിയുടെ വർധനയുണ്ട്. എന്നാൽ, ഭൂമിയുടെ ന്യായവിലയിൽ 20% വർധന വരുത്തിയതുകാരണം സ്റ്റാംപ് ഡ്യൂട്ടിയിൽനിന്നും റജിസ്ട്രേഷൻ ഫീസിൽനിന്നുമുള്ള വരുമാനം 522 കോടി കുറഞ്ഞു.
ഓരോ വർഷവും വരുമാനം വർധിച്ചുവരുന്ന രീതിക്കാണു ന്യായവില വർധന തടസ്സമായത്. തിരിച്ചടി തിരിച്ചറിഞ്ഞ് ഇക്കൊല്ലം ബജറ്റിൽ സർക്കാർ ന്യായവില വർധന ഒഴിവാക്കിയിരുന്നു.
കേന്ദ്രം വൻതോതിൽ കടമെടുപ്പു വെട്ടിക്കുറച്ചെന്നു സർക്കാർ പരാതിപ്പെടുമ്പോഴും മുൻവർഷത്തെക്കാൾ 7389 കോടി രൂപ കൂടുതൽ കഴിഞ്ഞവർഷം കടമെടുത്തു. 2022–23ൽ 25,587 കോടിയും കഴിഞ്ഞ വർഷം 32,976 കോടിയുമാണു സംസ്ഥാന സർക്കാർ കടമെടുത്തത്. ചെലവ് മുൻവർഷത്തെക്കാൾ 3103 കോടി രൂപ കുറയ്ക്കാനായി. സർക്കാരിന്റെ വരവും ചെലവും തമ്മിലെ അന്തരം 32,976 കോടി രൂപയാണ്.