തിരഞ്ഞെടുപ്പുഫലം വന്നാലുടൻ കെപിസിസി, ഡിസിസി പുനഃസംഘടന
Mail This Article
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ കെപിസിസിയും ഡിസിസികളും പുനഃസംഘടിപ്പിക്കും. സ്ഥാനമൊഴിഞ്ഞ ബ്ലോക്ക് പ്രസിഡന്റുമാർ ഭാരവാഹിത്വം ലഭിക്കാത്തതിന്റെ അസ്വസ്ഥത നേതൃത്വത്തിനു മുൻപിൽ പ്രകടിപ്പിച്ചപ്പോൾ തിരഞ്ഞെടുപ്പു വരെ കാത്തിരിക്കാനായിരുന്നു നിർദേശം. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഇവർ ആവശ്യം ശക്തമാക്കി. തിരഞ്ഞെടുപ്പിൽ സംഘടനാപോരായ്മ നിഴലിച്ചെന്ന കുറ്റപ്പെടുത്തൽ കൂടി ഉയർന്ന സാഹചര്യത്തിലാണു പുനഃസംഘടന. പുതിയ കെപിസിസി സെക്രട്ടറിമാരെയും നിയമിക്കും.
കെ.സുധാകരൻ പ്രസിഡന്റായി മൂന്നു വർഷമാകാറായിട്ടും കെപിസിസി സെക്രട്ടറിമാരെ നിയമിക്കുകയോ, ഡിസിസി പുനഃസംഘടിപ്പിക്കുകയോ ചെയ്തിരുന്നില്ല. രണ്ടരവർഷത്തിലധികം സെക്രട്ടറിമാരുണ്ടായിരുന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രന്റെ കാലത്ത് നിയമിച്ച സെക്രട്ടറിമാർക്ക് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു 2 മാസം മുൻപു താൽക്കാലികമായി പുനർനിയമനം നൽകുകയായിരുന്നു. മുല്ലപ്പള്ളിയുടെ കാലത്തുണ്ടായിരുന്ന 95 പേരിൽ 76 പേരെയാണു തുടരാൻ അനുവദിച്ചത്. തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു നേതൃത്വം നൽകുന്നതിനുവേണ്ടിയായിരുന്നു ഇത്. ഇവരിൽ മികച്ച പ്രവർത്തനം നടത്തിയവരെ മാത്രമാകും തുടരാൻ അനുവദിക്കുക.
ഡിസിസികൾ പുനഃസംഘടിപ്പിക്കാൻ പലതവണ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല. ഏറെ ശ്രമഫലമായാണു മണ്ഡലം, ബ്ലോക്ക് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചത്. 2016ൽ വി.എം.സുധീരന്റെ സമയത്തു നിയമിക്കപ്പെട്ട ഡിസിസി ഭാരവാഹികളാണ് ഇപ്പോഴുമുള്ളത്. ഇതിനിടെ ചില കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നു മാത്രം. തിരഞ്ഞെടുപ്പുഫലം വന്നാലുടൻ ഡിസിസികൾ പുനഃസംഘടിപ്പിക്കാനുള്ള ആലോചന നേതൃത്വം കൈക്കൊണ്ടിട്ടുണ്ട്. എണ്ണം കുറയ്ക്കുക എന്നതാണു പ്രധാന വെല്ലുവിളി. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രവർത്തന മികവ് ഇവിടെയും മാനദണ്ഡമാക്കും.
സുധാകരന് ആശംസയുമായി ഡി.കെയുടെ പോസ്റ്റ്
കെപിസിസി പ്രസിഡന്റായി വീണ്ടും ചുമതലയേറ്റ കെ.സുധാകരന് ആശംസയുമായി സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ‘വീണ്ടും ചുമതലയേറ്റ പ്രിയ സുധാകരൻ അവറുകൾക്ക് എന്റെ ആശംസകൾ. താങ്കളുടെ നേതൃത്വത്തിൽ മുൻപെന്നപോലെ കേരളത്തിലെ കോൺഗ്രസ് ശക്തമായി മുന്നോട്ടുപോകും’– ഒരുമിച്ചുള്ള ചിത്രത്തിനൊപ്പം ഡി.കെ കുറിപ്പിൽ പറയുന്നു.