വടകരയിലെ വ്യാജ എഫ്ബി പോസ്റ്റ്: ഉറവിടം കണ്ടെത്താതെ പൊലീസ്
Mail This Article
കോഴിക്കോട്∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യുഡിഎഫിനെതിരെ കലാപാഹ്വാനത്തിനു വഴിമരുന്നിട്ട വ്യാജ ഫെയ്സ്ബുക് പോസ്റ്റിന്റെ ഉറവിടം കണ്ടെത്താതെ സൈബർ പൊലീസ്. കെ.കെ.ശൈലജയെ കാഫിർ എന്ന വിശേഷിപ്പിച്ച് തിരുവള്ളൂർ സ്വദേശിയും എംഎസ്എഫ് ജില്ലാ സെക്രട്ടറിയുമായ പി.കെ.മുഹമ്മദ് കാസിമിന്റെ പേരിലാണ് പോസ്റ്റ് പ്രചരിച്ചത്. യൂത്ത്‌ലീഗ് നിടുമ്പ്രമണ്ണ എന്ന പേരിൽ വ്യാജ വാട്സാപ് ഗ്രൂപ്പുണ്ടാക്കി അതിൽ പി.കെ.കാസിം എന്ന പേരിൽ വ്യാജനമ്പർ ചേർത്ത് കാസിം ചെയ്തത് എന്ന പോലെ പോസ്റ്റ് ചെയ്ത് സ്ക്രീൻഷോട്ടെടുത്ത് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫെയ്സ്ബുക് പേജ് വഴി പ്രചരിപ്പിക്കുകയായിരുന്നു.
മുഹമ്മദ് കാസിമും യൂത്ത് ലീഗ് ഭാരവാഹികളും പൊലീസിൽ പരാതി നൽകുകയും അന്വേഷണത്തിൽ കാസിമല്ല ഇതിനു പിന്നിലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പക്ഷേ, അതോടെ സൈബർ പൊലീസിന്റെ അന്വേഷണവും നിലച്ചു. കാസിമല്ലെങ്കിൽ പിന്നെയാരാണ് ഇതു തയാറാക്കി പ്രചരിപ്പിച്ചതെന്ന ചോദ്യത്തിന് സൈബർ പൊലീസ് ഉത്തരം നൽകുന്നില്ല. പൊലീസ് പുറത്തു പറയാൻ മടിക്കുന്ന ആ പേരാണ് യുഡിഎഫും ആർഎംപിയും ആവശ്യപ്പെടുന്നതും.
കോൺഗ്രസ്, ആർഎംപി നേതാക്കൾ പലതവണ വടകര റൂറൽ എസ്പി ഓഫിസിലെത്തി ഇതിനു പിന്നിലാരെന്നു കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അപ്പോഴെല്ലാം വ്യാജ ഐഡി നിർമിച്ച് കുപ്രചാരണം നടത്തിയതിനു പിന്നിൽ മുഹമ്മദ് കാസിമല്ലെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കില്ലെന്നും മാത്രമായിരുന്നു എസ്പിയുടെ മറുപടി.
സൈബർ പൊലീസിന് നിഷ്പ്രയാസം ഇതിനു പിന്നിലാരാണെന്ന് കണ്ടെത്താമെന്നിരിക്കെ തുടർനടപടി സ്വീകരിക്കാതിരിക്കുന്നത് കുറ്റക്കാരെ സംരക്ഷിക്കാനാണെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ കുറ്റപ്പെടുത്തി. യഥാർഥ പ്രതിയെ 3 ദിവസത്തിനകം കണ്ടെത്തിയില്ലെങ്കിൽ യുഡിഎഫ് നേതാക്കൾ റൂറൽ എസ്പിയുടെ ഓഫിസിനു മുന്നിൽ സത്യഗ്രഹം നടത്തുമെന്നും അറിയിച്ചു. വ്യാജ ഐഡിയുടെ ഉറവിടം കണ്ടെത്താൻ പൊലീസ് തയാറാകാത്ത സാഹചര്യത്തിൽ നിയമനടപടിയിലേക്കു നീങ്ങുകയാണെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണുവും വ്യക്തമാക്കി.
വിദേശത്തുള്ള 4 പേരടക്കം 18 പേരാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച പേജിന്റെ അഡ്മിന്മാരെന്നും ഇവരെ ചോദ്യം ചെയ്താൽ പിന്നിൽ പ്രവർത്തിച്ചവരെ കിട്ടാവുന്നതേയുള്ളു എന്നും മുഹമ്മദ് കാസിം പറഞ്ഞു.
ഹരിഹരന്റെ വീട് ആക്രമിച്ചതിൽ 2 പേർക്കെതിരെ കേസ്; കാറിലെത്തി അസഭ്യം പറഞ്ഞവർക്കെതിരെയും കേസ്
തേഞ്ഞിപ്പലം ∙ ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരന്റെ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന 2 പേർക്ക് എതിരെ പൊലീസ് കേസെടുത്തു. കാറിലെത്തി ഹരിഹരനെ അസഭ്യം പറഞ്ഞതിന് 5 പേർക്ക് എതിരെയും കേസുണ്ട്.
ഞായർ രാത്രി 8.15ന് ആണ് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. മതിലിന് മുകളിൽ വീണ് വലിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു. സംഭവം സമയം ഹരിഹരനും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നു. ഉഗ്ര ശേഷിയുള്ള ഗുണ്ട് ആണ് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. അവശിഷ്ടങ്ങൾ ബോംബ് സ്ക്വാഡ് ശേഖരിച്ചിട്ടുണ്ട്.സ്ഫോടക വസ്തു നിരോധന നിയമം അനുസരിച്ചാണ് കേസെടുത്തത്. ബൈക്കിൽ എത്തിയ 2 പേരാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. സ്ഥലത്ത് പൊലീസ് കാവൽ തുടരുകയാണ്. ഞായർ ഉച്ചയ്ക്ക് കാറിലെത്തിയവരാണ് ഹരിഹരനെ അസഭ്യം പറഞ്ഞത്.
അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് ഹരിഹരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവ ദിവസം പകൽ പ്രദേശത്ത് സിപിഎം നടത്തിയ പ്രകടനത്തിൽ തനിക്കെതിരെ മുദ്രാവാക്യം മുഴക്കിയതും വടകര പ്രസംഗം മാപ്പ് പറഞ്ഞാൽ തീരുന്ന വിഷയമല്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ നടത്തിയ പ്രസ്താവനയും അക്രമത്തിനുള്ള ആഹ്വാനമായാണ് കാണുന്നതെന്നും ഹരിഹരൻ പറഞ്ഞു.
അതേസമയം കോട്ടപ്പറമ്പിലെ പൊതുയോഗത്തിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി നൽകിയ പരാതിയിൽ ഹരിഹരന് എതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒന്നാം പ്രതി പി.മോഹനൻ: സതീശൻ
തിരുവനന്തപുരം∙ ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഹരിഹരന്റെ പരാമർശം തെറ്റാണെന്നു യുഡിഎഫും ആർഎംപിയും വ്യക്തമാക്കിയതാണ്. ഹരിഹരൻ പരാമർശം പിൻവലിച്ചു ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ ‘മാപ്പ് പറയലിൽ തീരില്ല’ എന്ന മുന്നറിയിപ്പാണു സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ നൽകിയത്. ഇത് അക്രമത്തിനുള്ള ആഹ്വാനമാണ്. തെങ്ങിൻ പൂക്കുല പോലെ ടി.പി.ചന്ദ്രശേഖരന്റെ തലച്ചോറു ചിതറിക്കുമെന്നു പറയുകയും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പാർട്ടിയാണു സിപിഎം. ടിപിയെപ്പോലെ ആർഎംപിയെയും ഇല്ലാതാക്കാനുള്ള നീക്കത്തെ യുഡിഎഫ് പ്രതിരോധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.