എം.എ. ലത്തീഫിന്റെ സസ്പെൻഷൻ: ഹസൻ റദ്ദാക്കി; പുനഃസ്ഥാപിച്ച് സുധാകരൻ !
Mail This Article
തിരുവനന്തപുരം∙ കെപിസിസി ആക്ടിങ് പ്രസിഡന്റായിരിക്കെ എം.എം.ഹസൻ റദ്ദാക്കിയ സസ്പെൻഷൻ ഒരാഴ്ചയ്ക്കകം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പുനഃസ്ഥാപിച്ചു. തിരുവനന്തപുരത്തു നിന്നുള്ള കെപിസിസി സെക്രട്ടറി എം.എ.ലത്തീഫാണ് വീണ്ടും സസ്പെൻഷനിലായത്. 2022 നവംബറിൽ ലത്തീഫിനെ അച്ചടക്കലംഘനത്തിന്റെ പേരിൽ പ്രാഥമികാംഗത്വത്തിൽ നിന്നു സുധാകരൻ സസ്പെൻഡ് ചെയ്തിരുന്നു.
തിരഞ്ഞെടുപ്പു കാലത്ത് ആക്ടിങ് പ്രസിഡന്റായ ഹസൻ, വോട്ടെടുപ്പിന്റെ പിറ്റേന്നു ലത്തീഫിന്റെ സസ്പെൻഷൻ റദ്ദാക്കി. ഈ തീരുമാനമാണു ചുമതലയേറ്റതിനു പിന്നാലെ സുധാകരൻ തിരുത്തിയത്. സസ്പെൻഷൻ പിൻവലിച്ചു നൽകിയ അറിയിപ്പ് സാങ്കേതികമായും വസ്തുതാപരമായും ശരിയല്ലെന്നു ലത്തീഫിനുള്ള കത്തിൽ പറയുന്നു.
ബൂത്ത് തലം മുതൽ ഡിസിസി വരെയുള്ള നേതാക്കൾ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ പരാതിപ്പെട്ടതായും കത്തിലുണ്ട്. ആക്ടിങ് പ്രസിഡന്റായിരിക്കെ ഹസനെടുത്ത തീരുമാനങ്ങളിൽ പരാതിയുള്ളതു പുനഃപരിശോധിക്കുമെന്നു സുധാകരൻ വ്യക്തമാക്കിയിരുന്നു.