മാലിന്യത്തിൽ നിന്നു വൈദ്യുതി: സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കാൻ തീരുമാനം
Mail This Article
കോഴിക്കോട് ∙ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയിൽ നിന്നു വിവാദ കമ്പനി സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കാൻ സർക്കാർ തീരുമാനം. പദ്ധതിയിൽ നിന്ന് ഒഴിവാക്കുകയാണെന്നു കാണിച്ചു സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) കമ്പനിക്കു നോട്ടിസ് നൽകി. പദ്ധതി പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയാക്കാൻ കമ്പനിക്കു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടിസ്. കോഴിക്കോട് ഞെളിയൻപറമ്പിലെ പദ്ധതിയിൽ നിന്നു സോണ്ടയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് കോർപറേഷൻ സർക്കാരിനു കത്തു നൽകിയിരുന്നു. കോഴിക്കോടിനു പുറമേ കൊല്ലത്തും പദ്ധതി നടപ്പാക്കാൻ സോണ്ടയെയാണു തിരഞ്ഞെടുത്തിരുന്നത്. അതിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
-
Also Read
കാലവർഷം മേയ് 31ന് എത്തും
വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്നതായിരുന്നു പദ്ധതി. കെഎസ്ഐഡിസി ടെൻഡർ ക്ഷണിച്ചാണ് ഏജൻസികളെ തിരഞ്ഞെടുത്തത്. അതിൽ കോഴിക്കോട്, കൊല്ലം ജില്ലകളിലെ പദ്ധതി ചുമതല സോണ്ട ഇൻഫ്രാടെക്കിനായിരുന്നു. സിപിഎം നേതാവ് വൈക്കം വിശ്വന്റെ മരുമകൻ രാജ്കുമാർ ചെല്ലപ്പൻപിള്ളയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണു സോണ്ട. കൊച്ചി ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിൽ തീപിടിത്തമുണ്ടായതോടെ കമ്പനി വിവാദത്തിൽ പെട്ടിരുന്നു.
കോഴിക്കോട്ടെ പ്ലാന്റിനുള്ള കരാർ നടപടികളാണു പൂർത്തിയായിരുന്നത്. അതിനായി കോർപറേഷന്റെ 12 ഏക്കർ ഭൂമി കെഎസ്ഐഡിസിക്കു കൈമാറുകയും ചെയ്തു. 2019ൽ കരാറിന്റെ ഭാഗമായി, ഞെളിയൻപറമ്പിൽ നിലവിൽ കെട്ടിക്കിടക്കുന്ന മാലിന്യം സംസ്കരിക്കാൻ മറ്റൊരു കരാറും ഉണ്ടായിരുന്നു. എന്നാൽ 5 തവണ കരാർ നീട്ടി നൽകിയിട്ടും മാലിന്യ നീക്കം പോലും പൂർത്തിയാക്കാൻ അവർക്കു കഴിഞ്ഞില്ല. വിവാദമായതോടെയാണു സോണ്ടയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് കോർപറേഷൻ സർക്കാരിനു കത്തു നൽകിയത്.