റസ്റ്ററന്റുകളിൽ ബീയർ, ബാറിലെ തെങ്ങിൽനിന്ന് കള്ള് ചെത്താം; മദ്യനയത്തിന്റെ കരടുചട്ടങ്ങളായി
Mail This Article
തിരുവനന്തപുരം ∙ റസ്റ്ററന്റുകളിൽ ടൂറിസം സീസണിൽ ബീയർ വിളമ്പാനും ബാറുകളിലെ തെങ്ങുകളിൽനിന്നു കള്ള് ചെത്തി അതിഥികൾക്കു വിൽക്കാനുമുള്ള നിർദേശത്തോടെ മദ്യനയത്തിന്റെ കരടുചട്ടങ്ങൾ തയാറായി. ഒക്ടോബർ മുതൽ ഫെബ്രുവരി വരെ കേരളത്തിലെ ടൂറിസം സീസണായി കണക്കാക്കിയാണു റസ്റ്ററന്റുകൾക്കു ലൈസൻസ്. 3 മാസത്തെ ഒരു വാർഷികപാദത്തിന് ഒരു ലക്ഷം രൂപ ഫീസ് ഈടാക്കണമെന്നതാണു നിർദേശം. ടൂറിസം വകുപ്പ് നൽകുന്ന ടൂ സ്റ്റാർ ക്ലാസിഫിക്കേഷനു മുകളിലുള്ള റസ്റ്ററന്റുകളിൽ ബീയറും വൈനും വിളമ്പാം.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ത്രീ സ്റ്റാർ ക്ലാസിഫിക്കേഷനുള്ള ബാറുകളിലും വിനോദസഞ്ചാര മേഖലയിലെ റിസോർട്ടുകളിലുമാകും കള്ള് ചെത്തി വിൽക്കാനുള്ള ലൈസൻസ്. സ്വന്തം വളപ്പിലെ കള്ള് ചെത്തി അതിഥികൾക്കു നൽകാം. ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകൾക്കു ബാർ ലൈസൻസ് അനുവദിക്കുന്ന നയം തന്നെയാണ് ഇക്കാര്യത്തിലും.
കഴിഞ്ഞ മദ്യനയത്തിലായിരുന്നു രണ്ടു പ്രഖ്യാപനങ്ങളും. തിരഞ്ഞെടുപ്പു ഫലം വന്നാലുടൻ പുതിയ മദ്യനയം രൂപീകരിക്കാനുള്ള നടപടിയിലേക്കു സർക്കാർ കടക്കും.
മിക്കതും പാഴായി
കള്ളുഷാപ്പ് വിൽപന ഓൺലൈനാക്കിയെന്നതും മദ്യക്കുപ്പികളിൽ ക്യു ആർ കോഡ് ലേബൽ പതിപ്പിക്കാൻ നടപടി തുടങ്ങിയതും കൂടി ഒഴിച്ചുനിർത്തിയാൽ കഴിഞ്ഞ മദ്യനയത്തിലെ മറ്റു പലതും പാഴായി. വ്യവസായ പാർക്കുകളിൽ മദ്യ ലൈസൻസ് അനുവദിക്കുമെന്ന കഴിഞ്ഞ നയത്തിലെ പ്രഖ്യാപനം മാത്രമല്ല, ഐടി പാർക്കുകളിൽ ലൈസൻസ് നൽകുമെന്ന 2021 ലെ പ്രഖ്യാപനവും നടപ്പായില്ല. കള്ളുനീക്കം നടത്തുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ ട്രാക്കിങ് സംവിധാനം ഏർപ്പെടുത്താൻ ശ്രമം തുടങ്ങിയിട്ടു 3 വർഷമായി.
കഴിഞ്ഞ നയത്തിലെ പാഴായ പ്രഖ്യാപനങ്ങളിൽ ചിലത്: ∙ ആദിവാസി, തീരദേശ മേഖലകളിൽ ആരോഗ്യസംരക്ഷണ കേന്ദ്രങ്ങൾ ∙ യുവാക്കളെ ലഹരിയിൽനിന്നകറ്റാൻ സ്പോർട്സ് കാർണിവൽ ∙ ലഹരിവിരുദ്ധ ക്ലബ്ബുകളിലെ മിടുക്കർക്കു പരീക്ഷകളിൽ ഗ്രേസ് മാർക്ക് ∙ ലഹരിക്കെതിരെ സ്കൂളുകളിൽ സോഷ്യൽ ഓഡിറ്റിങ് ∙ നല്ല കള്ളും ശുചിത്വവും ഉറപ്പാക്കാൻ ഷാപ്പുകൾക്കു പൊതു ഡിസൈൻ ∙ ‘കേരള ടോഡി’ എന്ന പേരിൽ കള്ളിനു ബ്രാൻഡിങ് ∙ കള്ളിൽനിന്നു മൂല്യവർധിത ഉൽപന്നമുണ്ടാക്കാൻ കുടുംബശ്രീക്കു ചുമതല ∙ മദ്യ ഉൽപാദനത്തിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ഉൽപാദിപ്പിക്കും ∙ കാർഷികോൽപന്നങ്ങൾ ഉപയോഗിച്ച് വൈൻ നിർമിച്ചു ബവ്കോ വഴി വിൽക്കും ∙ മലബാർ ഡിസ്റ്റിലറി പ്രവർത്തനം തുടങ്ങും