നാലു വയസ്സുകാരിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ; ഗുരുതര പിഴവ് വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജിൽ
Mail This Article
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ വീണ്ടും ഗുരുതര ചികിത്സപ്പിഴവ്. ശസ്ത്രക്രിയ ചെയ്യേണ്ട കൈയ്ക്കു പകരം 4 വയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി. ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ കുട്ടിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അടിയന്തര അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് അസോഷ്യേറ്റ് പ്രഫസർ ഡോ. ബിജോൺ ജോൺസണെ സസ്പെൻഡ് ചെയ്തു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തു.
ഇന്നലെ രാവിലെ ഒൻപതരയോടെയാണ് കുട്ടിയുടെ ഇടതു കയ്യിലെ ആറാം വിരൽ നീക്കം ചെയ്യാൻ കുടുംബം ഒ.പിയിലെത്തിയത്. ശസ്ത്രക്രിയ പൂർത്തിയാക്കി കുഞ്ഞിനെ വാർഡിലേക്കു കൊണ്ടുവന്നപ്പോൾ വായിൽ പഞ്ഞി തിരുകിയിരുന്നു. ഇതെന്തിനാണെന്നു ചോദിച്ചപ്പോഴാണു പിഴവു മനസ്സിലായത്. കൈവിരലിൽ ശസ്ത്രക്രിയ നടത്താനുള്ള എല്ലാ ടെസ്റ്റുകളും നടത്തി ഡോക്ടർ പറഞ്ഞ ദിവസമാണു വന്നതെന്നു രക്ഷിതാക്കൾ പറഞ്ഞു. സൂപ്രണ്ടിന് പരാതി നൽകി. പിന്നീട് കയ്യിലെ ആറാംവിരലും ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച വിവാദം കെട്ടടങ്ങാതെ നിൽക്കുമ്പോഴാണ് അതേ ആശുപത്രിയിൽ മറ്റൊരു പിഴവ്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 2017 നവംബർ 30നു നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ ഫോർസെപ്സ് കുടുങ്ങിയത്. എന്നാൽ, ഹർഷിനയുടെ പരാതിയും പ്രതിഷേധവും അവഗണിച്ച്, നെട്ടോട്ടമോടിക്കുകയാണ് സർക്കാർ ഇപ്പോഴും.
∙ പിതാവിന്റെ പരാതി: ഈ പിഴവുമായി ബന്ധപ്പെട്ടു ഭാവിയിൽ കുഞ്ഞിന് എന്തു പ്രശ്‌നം വന്നാലും പൂർണ ഉത്തരവാദിത്തം ഡോക്ടർക്കായിരിക്കും. ഇത്തരം തെറ്റുകൾ ഉണ്ടാകരുതെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും അഭ്യർഥിക്കുന്നു. കുഞ്ഞിന്റെ നാവിനു പ്രശ്നമുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ല. അതിനു ചികിത്സിച്ചിട്ടുമില്ല.
∙ ഡോ. ബിജോൺ ജോൺസൺ നൽകിയ വിശദീകരണം: കുട്ടിക്ക് നാവിലെ കെട്ടിന് (ടങ്ടൈ) ചെയ്ത ശസ്ത്രക്രിയയിലൂടെ ഒരു തരത്തിലുള്ള കുഴപ്പവുമുണ്ടാവില്ല. നാവിലുണ്ടായിരുന്ന ചെറിയ ടങ്ടൈയ്ക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് ശസ്ത്രക്രിയ ചെയ്തത്.
∙ ഡോ. എൻ.അശോകൻ (പ്രിൻസിപ്പൽ): കയ്യിലെ ശസ്ത്രക്രിയയ്ക്കു പകരം നാവിൽ ആണ് ചെയ്തത്. ടങ്ടൈ പ്രശ്നമുള്ള വേറെയും കുട്ടികൾ ശസ്ത്രക്രിയയ്ക്ക് ഉണ്ടായിരുന്നതിനാലും ഈ കുട്ടിക്കും ടങ്ടൈ ഉണ്ടായിരുന്നതിനാലും സംഭവിച്ചതാകാം. തെറ്റ് സംഭവിച്ചതായി ഡോക്ടർ സമ്മതിച്ചിട്ടുണ്ട്.
∙ ഡോ. അമൃത് പ്രീത് (സൂപ്രണ്ട്) കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നു. ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്നു വ്യക്തമല്ല. നാവിന്റെ അസുഖം സംബന്ധിച്ച് ബന്ധുക്കളുമായി ആശയവിനിമയം നടന്നിട്ടില്ല.
∙ വീണാ ജോർജ് (ആരോഗ്യ മന്ത്രി): അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകിയിട്ടുണ്ട്.
∙ വി.ഡി.സതീശൻ (പ്രതിപക്ഷ നേതാവ്): കൈവിരൽ ചികിത്സയ്ക്കു വന്ന കുഞ്ഞിന്റെ വിരലിനു പകരം നാവ് മുറിക്കുന്നതാണോ സർക്കാർ കൊട്ടിഘോഷിക്കുന്ന നമ്പർ വൺ കേരളം? കാലങ്ങൾകൊണ്ട് കേരളം ആരോഗ്യ മേഖലകളിൽ ആർജിച്ചെടുത്ത നേട്ടങ്ങൾ നിരന്തരം ഇല്ലാതാക്കുകയാണ് സർക്കാർ. അടിയന്തര റിപ്പോർട്ട് നൽകാൻ ഉത്തരവിടുന്നതല്ലാതെ റിപ്പോർട്ടിൽ എന്ത് തിരുത്തൽ നടപടിയാണ് ആരോഗ്യവകുപ്പും മന്ത്രിയും ഇതുവരെ സ്വീകരിച്ചിട്ടുള്ളത്? എല്ലാ പരാതികളിലും ജനങ്ങളെ പരിഹസിക്കുന്നതാണ് ആരോഗ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട്.