നിശ്ചലനായി രാജേഷെത്തി, ഉറ്റവർക്ക് അവസാനമായി കാണാൻ
Mail This Article
തിരുവനന്തപുരം ∙ ജീവനോടെ കാണാൻ കൊതിച്ചവരുടെ സങ്കടക്കടലിനു നടുവിലേക്ക് നമ്പി രാജേഷ് നിശ്ചലനായെത്തി. മസ്കത്തിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ രാജേഷിനടുത്തെത്താൻ ടിക്കറ്റെടുത്തിട്ടും എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം 2 തവണ യാത്ര മുടങ്ങിയ ഭാര്യ അമൃതയും 2 കുഞ്ഞുമക്കളും ഒന്നുറക്കെ കരയാൻ പോലും ശേഷിയില്ലാതെ അരികിൽ തളർന്നിരുന്നു. കരമന നെടുങ്കാട്ടെ വാടക വീട്ടിലും സംസ്കാരം നടന്ന തൈക്കാട് പുത്തൻചന്ത വിശ്വകർമ സമുദായ ശ്മശാനത്തിലും നൂറുകണക്കിനു പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
മൃതദേഹവുമായി എയർ ഇന്ത്യ ഓഫിസിനു മുന്നിൽ പ്രതിഷേധവും നടന്നു. രാവിലെ 7ന് ഒമാൻ എയർവേയ്സിൽ എത്തിച്ച മൃതദേഹം ഫ്രീസറിലേക്കു മാറ്റി വീട്ടിലേക്കു കൊണ്ടുവരും വഴി ഈഞ്ചയ്ക്കലിലെ എയർ ഇന്ത്യ ഓഫിസിനു മുന്നിൽ ഇറക്കിവച്ചായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം. സംസ്കാരത്തിനു ശേഷം ചർച്ച നടത്താമെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം വീട്ടിലെത്തിച്ചത്.