ഭക്ഷ്യവകുപ്പിലെ സ്ഥലംമാറ്റം: വീഴ്ച അന്വേഷിക്കാൻ ഉത്തരവ്
Mail This Article
തിരുവനന്തപുരം ∙ ഭക്ഷ്യപൊതുവിതരണ വകുപ്പിൽ ചട്ടംലംഘിച്ചുള്ള അന്തർജില്ലാ സ്ഥലംമാറ്റങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കാനും എത്ര പേർക്കു ക്രമവിരുദ്ധമായി സ്ഥലംമാറ്റം നൽകിയെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ഭക്ഷ്യപൊതുവിതരണ കമ്മിഷണറോട് ഭക്ഷ്യസെക്രട്ടറി ആവശ്യപ്പെട്ടു. സിപിഐ അനുകൂല സംഘടനയുടെ സംസ്ഥാന നേതാവിന്റെ അപേക്ഷ പരിഗണിച്ച്, അദ്ദേഹത്തിന് ചട്ടവിരുദ്ധമായി സ്ഥലംമാറ്റം നൽകിയെന്ന പരാതിയിലാണു നടപടി.
തൃശൂരിലേക്കു സ്ഥലംമാറ്റം നൽകിയ നേതാവിനെ ചുരുങ്ങിയ കാലത്തിനുള്ളിൽ തിരുവനന്തപുരത്ത് ഭക്ഷ്യപൊതുവിതരണ കമ്മിഷണറുടെ ഓഫിസിലേക്കു സീനിയർ ക്ലാർക്കായി മാറ്റിയതാണ് പരാതിക്കിടയാക്കിയത്. ശൂന്യവേതനാവധിയിൽ തുടരവെയാണ് മാറ്റം. ഒരു ജില്ലയിൽ എത്തിയ കാലം മുതലാണ് സ്ഥലംമാറ്റത്തിന് സീനിയോറിറ്റി പരിഗണിക്കേണ്ടത്. എന്നാൽ, ചട്ടം നോക്കാതെ ഇദ്ദേഹത്തെ സീനിയറായി പരിഗണിച്ച് അനുകൂല മാറ്റം നൽകി.
വിരമിക്കാൻ 6 മാസം ബാക്കി നിൽക്കുന്ന ഉദ്യോഗസ്ഥർക്കു മാത്രമുള്ള ഈ ഇളവ് ഇദ്ദേഹത്തിന് ഇതു ബാധകമല്ല. സ്ഥലംമാറ്റ നടപടി മരവിപ്പിക്കുന്നതിനു പകരം വകുപ്പിൽ മുഴുവൻ അന്വേഷണം നടത്തുന്നത് നടപടി വൈകിപ്പിക്കാനാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.