ഇടുക്കി മെഡിക്കൽ കോളജിന് കാരണം കാണിക്കൽ നോട്ടിസ്
Mail This Article
ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിനു ദേശീയ മെഡിക്കൽ കമ്മിഷന്റെ കാരണം കാണിക്കൽ നോട്ടിസ്. മെഡിക്കൽ കോളജിൽ വിദഗ്ധ സമിതി നടത്തിയ പരിശോധനകളിലും വിഡിയോ റിക്കോർഡിങ്ങിലും കണ്ടെത്തിയ ഗുരുതരമായ പോരായ്മകളുടെ അടിസ്ഥാനത്തിലാണു നോട്ടിസ്.
സമിതി സമർപ്പിച്ച വാർഷിക റിപ്പോർട്ടിൽ വിവിധ അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 20 ഡിപ്പാർട്മെന്റുകളിലും ആവശ്യത്തിനു ഫാക്കൽറ്റികളും സീനിയർ റസിഡന്റുമാരും ട്യൂട്ടർമാരും ഇല്ലെന്ന കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ കിടക്കകൾ കുറവാണെന്നും മേജർ ശസ്ത്രക്രിയകൾ കുറച്ചു മാത്രമേ ചെയ്യുന്നുള്ളൂവെന്നും പറയുന്നു. കണ്ണ്, ഇഎൻടി വിഭാഗങ്ങളിലെ കുറവുകളും എക്സ് റേ, അൾട്രാസൗണ്ട് സ്കാൻ, സിടി സ്കാൻ, എംആർഐ സ്കാൻ എന്നിവയിലെ പോരായ്മകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മെഡിക്കൽ എജ്യുക്കേഷൻ റഗുലേഷൻ ആക്ട് പ്രകാരം ഒരു കോടി രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണിതെന്നും നോട്ടിസിൽ വ്യക്തമാക്കുന്നു. 3 ദിവസത്തിനുള്ളിൽ മതിയായ വിശദീകരണം നൽകിയില്ലെങ്കിൽ എംബിബിഎസ് സീറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്നും 19ന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. നാളെ രാവിലെ 10നു ഹിയറിങ്ങിനു സമയം അനുവദിച്ചിട്ടുണ്ട്.