കൈവിട്ട് നാവിൽ ശസ്ത്രക്രിയ ഡോക്ടർക്കു വീഴ്ചയെന്ന് വകുപ്പുതല റിപ്പോർട്ട്
Mail This Article
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജിൽ 4 വയസ്സുകാരിയുടെ ഇടതു കയ്യിലെ ആറാം വിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടറുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് വകുപ്പുതല അന്വേഷണ സംഘം ഇന്നലെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ചു. ശസ്ത്രക്രിയ നടത്തിയ അസോഷ്യേറ്റ് പ്രഫസർ ഡോ. ബിജോൺ ജോൺസന്റെ മൊഴി സംഘം രേഖപ്പെടുത്തി.
കുഞ്ഞിനു ടങ് ടൈ ശസ്ത്രക്രിയയും ആവശ്യമായിരുന്നതായാണ് ഡോക്ടർ പൊലീസിനോടും വകുപ്പു തല അന്വഷണ സംഘത്തോടും പറഞ്ഞത്. കുഞ്ഞിന്റെ നാവിനു കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും മെഡിക്കൽ രേഖകൾ പരിശോധിച്ചപ്പോൾ പൊലീസും കണ്ടെത്തിയിട്ടുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ടി.പി.അഷ്റഫിന്റെ നേതൃത്വത്തിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. കെ.ജി.സജീത്ത് കുമാർ, ജനറൽ സർജറി വിഭാഗം മേധാവി ഡോ. പി.രാജൻ കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്.
ആശുപത്രി സൂപ്രണ്ട്, മറ്റു ഡോക്ടർമാർ, നഴ്സുമാർ, ശസ്ത്രക്രിയ തിയറ്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ തുടങ്ങിയവരിൽ നിന്നുൾപ്പെടെ മൊഴി എടുത്തും മെഡിക്കൽ രേഖകൾ, ആശുപത്രി രേഖകൾ തുടങ്ങിയവ പരിശോധിച്ചുമാണ് റിപ്പോർട്ട് തയാറാക്കിയത്.
മൊഴി എടുക്കുന്നതിന്റെ ഭാഗമായി കുഞ്ഞിന്റെ പിതാവിനോട് ഇന്നലെ രാവിലെ ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. പറയാനുള്ള കാര്യങ്ങളെല്ലാം പരാതിയായി നൽകിയതായും എസിപിക്കു മൊഴി നൽകിയതായും പിതാവ് അന്വേഷണ സംഘത്തോട് പറഞ്ഞു.
പൊലീസും മൊഴി എടുത്തു
∙ നാലു വയസ്സുകാരിയുടെ കൈവിരലിനു പകരും നാവിനു ശസ്ത്രക്രിയ നടത്തിയ കേസിൽ ഡോ. ബിജോൺ ജോൺസനിൽ നിന്ന് പൊലീസും മൊഴിയെടുത്തു. മെഡിക്കൽ കോളജ് എസിപി കെ.ഇ.പ്രേമചന്ദ്രനാണ് ഇന്നലെ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. മറ്റു ഡോക്ടർമാരുടെയും മൊഴി എടുത്തിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ചെറുവണ്ണൂർ സ്വദേശിയായ നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ നാവിൽ കെട്ട് കണ്ടപ്പോൾ ശസ്ത്രക്രിയ നടത്തി എന്നായിരുന്നു ആശുപത്രി അധികൃതർ ആദ്യം വിശദീകരിച്ചത്. പിന്നീട് ഡോക്ടർ കുറ്റം സമ്മതിക്കുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയ അസോഷ്യേറ്റ് പ്രഫസർ
ഡോ. ബിജോൺ ജോൺസൺ സസ്പെൻഷനിലാണ്.