ശുദ്ധവായുവും വെളിച്ചവുമില്ല; കുതിരാൻ യാത്ര ഭീഷണി
Mail This Article
കുതിരാൻ (തൃശൂർ) ∙ ദേശീയപാത 544 തൃശൂർ – പാലക്കാട് റൂട്ടിലെ കുതിരാൻ തുരങ്കം യാത്രക്കാർക്കു ഭീഷണിയാകുന്നു. പാലക്കാടു നിന്നു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കം അടയ്ക്കുകയും ഇരുവശത്തേക്കുമുള്ള യാത്ര ഒരേ തുരങ്കത്തിലൂടെയാക്കുകയും ചെയ്തതോടെ 4 മാസമായി ഇവിടെ ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും അടിയന്തര രക്ഷാമാർഗവുമില്ല. തുരങ്കത്തിനകത്തു മലിനവായു വലിച്ചെടുക്കുന്ന എക്സോസ്റ്റ് ഫാനുകൾ ഉണ്ടെങ്കിലും ഇരുവശത്തേക്കും ഗതാഗതമുള്ളതിനാൽ ഇതു ഗുണത്തെക്കാൾ ദോഷമായി. ഒരു ദിശയിലെ പൊടിപടലങ്ങൾ മാത്രം വലിച്ചെടുക്കുന്ന രീതിയിലാണിവ. തുരങ്കത്തിനുള്ളിൽ വാഹനങ്ങൾ ഏതാനും മിനിറ്റ് നിർത്തേണ്ടിവന്നാൽ യാത്രക്കാർക്കു ശ്വാസതടസ്സം അനുഭവപ്പെടുന്നു. ഇരുവശത്തേക്കും ഗതാഗതമുള്ളതിനാൽ സാവധാനമേ സഞ്ചരിക്കാനുമാകൂ.
അടുത്ത മാസം സ്കൂളുകൾ തുറക്കുന്നതോടെ സ്ഥിതി രൂക്ഷമാകും. വാഹനങ്ങൾ അപകടത്തിൽപെട്ട് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടാൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് ആരോഗ്യം തന്നെ അപകടത്തിലാകുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. അപകടങ്ങളുണ്ടാകുമ്പോൾ വാഹനങ്ങൾ നീക്കുന്നതിനും അഗ്നിരക്ഷാ സേനയുടെ വാഹനം എത്തിക്കുന്നതിനുമായി 2 ഇടനാഴി തുരങ്കങ്ങളുണ്ടെങ്കിലും പ്രധാന തുരങ്കം അടച്ചിട്ടിരിക്കുന്നതിനാൽ ഈ വഴി രക്ഷാപ്രവർത്തനം നടത്താനുമാവില്ല. കഴിഞ്ഞ ദിവസം വൈദ്യുതി തടസ്സത്തെത്തുടർന്നു തുരങ്കത്തിനുള്ളിൽ ഇരുട്ടു പരന്നതു വലിയ ആശങ്കയ്ക്കിടയാക്കി. വൈദ്യുതി ഇല്ലാതായാൽ തനിയെ ജനറേറ്റർ പ്രവർത്തിക്കുന്നതിനുള്ള സംവിധാനം തകരാറിലായതാണു കാരണം. വാഹനങ്ങൾ ഹെഡ് ലൈറ്റിട്ടു യാത്ര ചെയ്താലും തുരങ്കത്തിലെ വിളക്കുകളണഞ്ഞാൽ പകലും യാത്ര ദുസ്സഹമാണ്. ഇപ്പോൾ നിർമാണച്ചുമതലയുള്ള സെക്യൂറ എനർജി എന്ന കമ്പനിയോ ദേശീയ പാത അതോറിറ്റിയോ സംസ്ഥാന സർക്കാരോ കുതിരാനിലെ ദുഃസ്ഥിതി മാറ്റാൻ ഒരു നടപടിയുമെടുക്കുന്നില്ല.
2021 ജൂലൈ 31നു ഗതാഗതത്തിനു തുറന്നുകൊടുത്ത ആദ്യ തുരങ്കമാണ് ഇപ്പോൾ അടച്ചിട്ടിരിക്കുന്നത്. തുരങ്കത്തിനുള്ളിൽ 400 മീറ്റർ ഭാഗത്തു ഗാൻട്രി കോൺക്രീറ്റിങ് (ഉരുക്കുപാളി ഉപയോഗിച്ചു കമാനാകൃതിയിൽ നടത്തുന്ന കോൺക്രീറ്റിങ്) പൂർത്തിയായിരുന്നില്ല.
പാറകൾക്ക് ഉറപ്പുള്ള ഭാഗത്തു കോൺക്രീറ്റിങ് ആവശ്യമില്ലെന്ന നിലപാടിലായിരുന്നു നിർമാണക്കരാർ കമ്പനി. എന്നാൽ ദേശീയ പാത അതോറിറ്റിയും വിദഗ്ധ പരിശോധനാ സംഘങ്ങളും പൂർണമായും ഗാൻട്രി കോൺക്രീറ്റിങ് വേണമെന്നു റിപ്പോർട്ട് നൽകിയതോടെയാണ് ഈ ഭാഗത്ത് കോൺക്രീറ്റിങ് തുടങ്ങിയത്.