ADVERTISEMENT

തിരുവനന്തപുരം∙ 2025 നവംബർ ഒന്നോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതവിദ്യാഭ്യാസ മേഖലയെ ആകെ പരിഷ്‌കരിച്ച് വൈജ്‍ഞാനിക സമ്പദ് വ്യവസ്ഥയായി കേരളത്തെ മാറ്റും. കേരളത്തിന്റെ വ്യാവസായിക വളർച്ച യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2016 ൽ 12% ആയിരുന്നു. ഇപ്പോൾ അത് 17% ആയി. യുഡിഎഫിന്റെ കാലത്ത് 8 പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമാണ് ലാഭത്തിലായിരുന്നത്; അതു 17 ആയി. പുതുതലമുറ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രത്യേക സ്റ്റാർട്ടപ് നയം നടപ്പിലാക്കിയതിന്റെ കൂടി ഭാഗമായി അയ്യായിരത്തിലേറെ സ്റ്റാർട്ടപ്പുകൾ ഇന്നുണ്ട്.

ദേശീയ അടിസ്ഥാനത്തിൽ റൂസ ഫണ്ടിങ്ങിന് അർഹത നേടിയ ഏറ്റവും കൂടുതൽ കോളജുകൾ ഉള്ളത് കേരളത്തിലാണ്. കാർഷിക മേഖലയിൽ മൂല്യവർധനയ്ക്കു പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് ഏറ്റെടുക്കുന്നത്. തീരുവ ഇല്ലാതെയുള്ള സ്വാഭാവിക റബർ ഇറക്കുമതി അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉണക്ക റബറിന്റെ ഇറക്കുമതി തീരുവ ഗണ്യമായ തോതിൽ ഉയർത്തണമെന്നും മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ റബറിനെ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തിയത് കേരള സർക്കാരാണ്. ഓൺലൈൻ സേവനങ്ങളും വാതിൽപടി സേവനങ്ങളും കേരളം യാഥാർഥ്യമാക്കി. കെ സ്മാർട് പദ്ധതിക്ക് തുടക്കം കുറിച്ചു.

താറടിക്കാൻ ആസൂത്രിത ശ്രമങ്ങൾ ഉണ്ടായിട്ടും രണ്ടര ലക്ഷത്തോളം നിയമന ശുപാർശകളാണ് 2016 ജൂൺ തൊട്ടുള്ള കാലയളവിൽ കേരള പിഎസ്‌സി നൽകിയത്. ആഭ്യന്തര വരുമാനത്തിന്റെ 10 ശതമാനത്തിലധികം വിനോദസഞ്ചാര മേഖലയുടെ സംഭാവനയാണ്. കേരളത്തിന്റെ സാമ്പത്തിക അവകാശങ്ങൾ നിഷേധിച്ചു സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. തനതു വരുമാന സ്രോതസ്സുകൾ വഴിയാണ് കേരളം ഭൂരിഭാഗം ചെലവുകളും നിർവഹിച്ചത്. വികസന പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കും. ക്ഷേമ പദ്ധതികൾ അർഹരായവർക്കെല്ലാം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Kerala will be made as a state without extreme poverty says Chief Minister Pinarayi vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com