വാർഡ് വിഭജന ഓർഡിനൻസ് ഇനി ബിൽ ആയി സഭയിലേക്ക്
Mail This Article
തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി നേരത്തേ അംഗീകരിച്ച 2 ഓർഡിനൻസുകളും ബില്ലുകളായി ജൂണിലെ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓർഡിനൻസുകൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ഇനിയും അനുമതി നൽകാത്ത സാഹചര്യത്തിലാണ് ഇവ ബില്ലുകളായി മാറ്റുന്നത്.
ഇപ്പോഴത്തെ നിലയിൽ ബില്ലുകൾ പാസായി ഓഗസ്റ്റിൽ മാത്രമേ വാർഡ് വിഭജന നടപടികളിലേക്കു കടക്കാനാകൂ. എങ്കിലും ഡീലിമിറ്റേഷൻ കമ്മിഷൻ രൂപീകരണം സർക്കാർ നേരത്തേ നടത്തിയേക്കും. കമ്മിഷൻ പ്രവർത്തനം തുടങ്ങുന്നത് ബിൽ പാസായി നിയമമായ ശേഷം മാത്രമായിരിക്കും.
തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗം അംഗീകരിച്ച 2 ഓർഡിനൻസുകൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടണമെന്നാവശ്യപ്പെട്ട് ഗവർണർ മടക്കി അയച്ചതോടെയാണു സർക്കാർ പ്രതിസന്ധിയിലായത്. ഓർഡിനൻസുകൾ ഗവർണർ അംഗീകരിച്ച ശേഷം നിയമസഭാ സമ്മേളന തീയതി തീരുമാനിക്കാമെന്ന ആലോചനയിൽ മന്ത്രിസഭായോഗം പതിവുള്ള ബുധനാഴ്ചയിൽ നിന്നു വെള്ളിയാഴ്ചത്തേക്കു മാറ്റിയിരുന്നു.
ഗവർണർ മറിച്ചു തീരുമാനമെടുത്തതോടെ സർക്കാർ വെട്ടിലായി. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനിൽ നിന്ന് ഇനിയും അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് ബില്ലുകൾ അവതരിപ്പിക്കാനുള്ള തീരുമാനത്തിലേക്കു നീങ്ങിയത്. സഭാ സമ്മേളനം തീരുമാനിച്ചാൽ പിന്നെ ഓർഡിനൻസുകൾക്ക് പ്രസക്തിയില്ല.
ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും വാർഡ് വിഭജനത്തിനായി 1994ലെ കേരള പഞ്ചായത്തിരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള 2 ഓർഡിനൻസുകളാണ് ബില്ലുകളായി മാറ്റുന്നത്. സഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ ബില്ലുകൾ അവതരിപ്പിച്ച ശേഷം സബ്ജക്ട് കമ്മിറ്റിക്കു വിടുകയും സമ്മേളനം പൂർത്തിയാക്കും മുൻപ് ഇവ പാസാക്കിയെടുക്കുകയുമാണു സർക്കാരിന്റെ ലക്ഷ്യം. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഫെബ്രുവരിയിൽ വാർഡ് വിഭജനത്തിനായി ഇങ്ങനെ ബില്ലുകൾ പാസാക്കിയെങ്കിലും കോവിഡ് സാഹചര്യത്തിൽ ഇവ റദ്ദാക്കിയിരുന്നു. അതേ ബില്ലുകളാണ് വീണ്ടും സഭയിലേക്ക് എത്തുന്നത്.