ന്യൂനമർദം ദുർബലമായി കനത്ത മഴയ്ക്ക് സാധ്യതയില്ല; ഇന്നലെ 3 മരണം
Mail This Article
തിരുവനന്തപുരം∙ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചക്രവാതച്ചുഴിയായി മാറി ദുർബലമായതോടെ സംസ്ഥാനത്ത് മഴ കനക്കാനിടയില്ലെന്ന് കാലാവസ്ഥാ വകുപ്പ്. മിതമായ മഴ 5 ദിവസം തുടരും. മധ്യകേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. റെഡ്, ഓറഞ്ച് അലർട്ടുകൾ എവിടെയും ഇല്ല. ഇന്ന് രാത്രി വരെ കേരള തീരത്ത് കടലേറ്റത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്നലെ 3 മരണം
കോട്ടയം പാലാ പയ്യപ്പാറിൽ ചെക്‌ഡാം തുറന്നു വിടുന്നതിനിടെ കൈകൾ പലകകൾക്കിടയിൽ കുടുങ്ങി കരൂർ ഉറുമ്പിൽ വീട്ടിൽ രാജു (53) മരിച്ചു. മലപ്പുറം ചേലേമ്പ്ര പടിഞ്ഞാറ്റിൻപൈ തച്ചമ്പലം തട്ടാൻകുളങ്ങര വീട്ടിൽ പ്രണവാനന്ദൻ (71) തോട്ടിൽ വീണു മരിച്ചു. കോഴിക്കോട് ബേപ്പൂർ മാത്തോട്ടം കുത്തുകല്ല് റോഡിലെ മുണ്ടകൻ കനാലിൽ വീണ് ചാളച്ചിറ്റ വയൽ പരേതനായ മേനത്ത് ഗോപാലന്റെ ഭാര്യ രാധ (84) മരിച്ചു.