കേരളത്തിലെ പ്രളയത്തിലും മരണത്തിലും ‘അനുശോചിച്ച്’ മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സമൂഹമാധ്യമ പോസ്റ്റ്; ട്രോൾ‘പ്രളയം’
Mail This Article
തിരുവനന്തപുരം ∙ ‘കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അപകടത്തിൽപെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാർഥിക്കുന്നു’ – ഇന്നലെ ഉച്ചയ്ക്കു പങ്കുവച്ച ഈ സമൂഹമാധ്യമ പോസ്റ്റോടെ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ട്രോൾപ്രളയത്തിൽ മുങ്ങി. അബദ്ധമറിഞ്ഞു പോസ്റ്റ് പിൻവലിക്കുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോകുകയും ചെയ്തു.
രാജീവ് കണ്ടത് ‘2018’ സിനിമയാണെന്നായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ പരിഹാസം. ‘തിരഞ്ഞെടുപ്പുകാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ടു വന്നാൽ പൂർണബോധം പോകാതെ രക്ഷപ്പെടാനാകും’ എന്നും പറഞ്ഞു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സിനിമയിലെ പ്രളയദൃശ്യം പോസ്റ്റ് ചെയ്ത് ഏറ്റുപിടിച്ചു. രാജീവ് ചന്ദ്രശേഖർ ഇപ്പോഴും 2018ൽ ജീവിക്കുകയാണെന്നും കളമശേരിയിൽ ചത്തുപൊങ്ങിയ മീനുകളെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും അവസരത്തിനൊത്ത് എടുത്തുവീശാൻ പോസ്റ്റ് തയാറാക്കി വച്ചിരുന്നതാണെന്നും കമന്റുകളൊഴുകി.
അതേസമയം, തിരുവനന്തപുരത്തെയും മറ്റും വെള്ളക്കെട്ടിനെക്കുറിച്ചു പറയാനാണു രാജീവ് ചന്ദ്രശേഖർ ശ്രമിച്ചതെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു. അദ്ദേഹം മലയാളം പറയുമെങ്കിലും എഴുതുമ്പോൾ വാക്കുകൾ മാറാനിടയുണ്ട്. മഴക്കെടുതിയും പ്രളയവും തമ്മിൽ മാറിയതാണ്. കനത്ത മഴയിൽ ഇതിനകം മരിച്ച 4 പേരുടെ കുടുംബങ്ങളെയാണ് മന്ത്രി ആശ്വസിപ്പിച്ചതെന്നും നേതാക്കൾ പറഞ്ഞു.