ADVERTISEMENT

തിരുവനന്തപുരം ∙ വമ്പൻ ആക്രിക്കച്ചവടക്കാർ ആസൂത്രിതമായി നടത്തിയ 209 കോടി രൂപയുടെ ജിഎസ്ടി (ചരക്ക് സേവന നികുതി) വെട്ടിപ്പു പിടിച്ചു. ജി എസ്ടി ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ ചേർ‌ന്ന് സംസ്ഥാനത്ത് 7 ജില്ലകളിലെ 101 കേന്ദ്രങ്ങളിലാണു റെയ്ഡ് നടത്തിയത്. 1170 കോടിയുടെ വ്യാപാരം നടന്നതിന്റെ രേഖകൾ ലഭിച്ചു.

ആക്രിസാധനങ്ങൾ കൈമാറ്റം ചെയ്തെന്ന വ്യാജ ഇൻവോയ്സ് തയാറാക്കി ഇൻപുട് ടാക്സ് ക്രെഡിറ്റ് (ഐടിസി) നേടിയെടുത്തായിരുന്നു തട്ടിപ്പ്. വിവിധ ജില്ലകളിലായി 148 പേർ ഉൾപ്പെടുന്നതാണു തട്ടിപ്പു ശൃംഖല. ഇതിന്റെ ബുദ്ധികേന്ദ്രങ്ങളായ 4 പേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ മൊഴിയനുസരിച്ച് തട്ടിപ്പിന്റെ വ്യാപ്തി വർധിക്കുന്നതായാണ് അധികൃതർ പറയുന്നത്.

∙ ഒരുക്കം അതീവരഹസ്യം

പരിശോധനാവിവരം ചോരാതിരിക്കാൻ പരിശീലന പരിപാടിക്കെന്ന പേരിൽ 345 ഉദ്യോഗസ്ഥരെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയിരുന്നു. നാളെവരെ നീളേണ്ടതായിരുന്നു പരിശീലനം. എന്നാൽ, അപ്രതീക്ഷിതമായി ഇന്നലെ പുലർച്ചെ അഞ്ചിന് ‘ഓപ്പറേഷൻ പാം ട്രീ’ എന്നു പേരിട്ട റെയ്ഡിനായി ഈ ഉദ്യോഗസ്ഥരെ നിയോഗിച്ചു.

ജിഎസ്ടി കമ്മിഷണർ ഏബ്രഹാം റെന്നിന് ആയിരുന്നു ഏകോപനച്ചുമതല. ജിഎസ്ടി നടപ്പാക്കിയ ശേഷം ഒറ്റ റെയ്ഡിൽ ഇത്ര വലിയ തുകയുടെ തട്ടിപ്പു കണ്ടെത്തുന്നത് സംസ്ഥാനത്ത് ആദ്യമാണ്. 5 കോടി രൂപയിലേറെ നികുതി വെട്ടിക്കുന്നവർ‌ക്ക് 7 വർഷം വരെ തടവും തട്ടിപ്പിനു തുല്യമായ തുക പിഴയും ശിക്ഷയായി ലഭിക്കാം.

∙ തട്ടിപ്പ് ഇങ്ങനെ

ഡീലർ ഉൽപന്നമോ സേവനമോ വാങ്ങുമ്പോൾ അതിനു നികുതി അടയ്‌ക്കുന്നു. അതു വിൽക്കുമ്പോൾ നികുതി പിരിക്കുകയും ചെയ്യുന്നു. വാങ്ങുന്ന സമയത്ത് അടച്ച നികുതി, വിൽക്കുമ്പോൾ ലഭിച്ച നികുതിയിൽ കുറവു ചെയ്ത് ബാക്കിയാണ് സർക്കാരിലേക്ക് അടയ്ക്കേണ്ടത്. ഇൗ സംവിധാനമാണ് ജിഎസ്ടിയിലെ ഇൻപുട് ടാക്സ് ക്രെഡിറ്റ്.

വാങ്ങുകയോ വിൽക്കുകയോ ചെയ്യാതെ അവയുടെ ഇൻവോയ്സ് മാത്രം സൃഷ്ടിച്ച് ജി എസ്ടി വകുപ്പിൽനിന്ന് ഇൻപുട് ടാക്സ് ക്രെഡിറ്റ് റീഫണ്ടായി എടുക്കുന്നതാണു തട്ടിപ്പുകാരുടെ രീതി. ഇതിനായി പലരുടെ പേരിലായി സൃഷ്ടിച്ച 140 വ്യാജ ജിഎസ്ടി റജിസ്ട്രേഷനുകൾ കണ്ടെത്തിയിട്ടുണ്ട്. കണ്ണികളായ പലരെയും കബളിപ്പിച്ചാണ് ഫോൺ‌ നമ്പറും ഒടിപിയും മറ്റു രേഖകളും കരസ്ഥമാക്കിയത്.

English Summary:

Biggest GST evasion found in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com