പട്ടയ വിതരണം: ജോലികൾ തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിഷൻ; പെരുമാറ്റച്ചട്ടം മഴക്കാല പൂർവ ശുചീകരണത്തെയും ബാധിച്ചു
Mail This Article
തിരുവനന്തപുരം ∙ പട്ടയ വിതരണത്തിനു മുന്നോടിയായുള്ള ജോലികൾ പൂർത്തിയാക്കാൻ ജില്ലാ, താലൂക്ക് ഉദ്യോഗസ്ഥർക്കു റവന്യു വകുപ്പ് നൽകിയ നിർദേശം പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു.
തിരഞ്ഞെടുപ്പുഫലം വന്നാലുടൻ പട്ടയമേളകൾ സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കലക്ടർമാർക്കും തഹസിൽദാർമാർക്കും റവന്യു ഉന്നതർ നിർദേശം നൽകിയത്. എന്നാൽ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ റവന്യു ഉദ്യോഗസ്ഥർ വ്യാപൃതരാണെന്നതു കണക്കിലെടുത്ത് ഇത് അനുവദിക്കാനാകില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂടിയായ കലക്ടർമാരെ അറിയിച്ചു.
ലോക്സഭാ മണ്ഡല അടിസ്ഥാനത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരുക്കങ്ങളുടെ പുരോഗതി തിരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി സംസ്ഥാനതല ഉദ്യോഗസ്ഥർ വിലയിരുത്തി വരികയാണ്. ഇതിന്റെ പ്രധാന ചുമതലകൾ റവന്യു ഉദ്യോഗസ്ഥർക്കാണ്. മഴക്കാല പൂർവ ശുചീകരണം സംബന്ധിച്ച യോഗങ്ങളിൽ മന്ത്രിമാരോ രാഷ്ട്രീയ നേതാക്കളോ പങ്കെടുക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ശുചീകരണം വൈകിയതിന് ഈ വിലക്കാണ് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ശുചീകരണം നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വോട്ടെടുപ്പിനു പിന്നാലെ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന വിഡിയോ കോൺഫറൻസ് യോഗങ്ങൾ പോലും കമ്മിഷൻ വിലക്കിയിരുന്നു.