കാർ തോട്ടിൽ വീണു മുങ്ങി; വിനോദസഞ്ചാരികൾ രക്ഷപ്പെട്ടു
Mail This Article
കുറുപ്പന്തറ ∙ ഹൈദരാബാദ് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിൽ വീണു. കുത്തൊഴുക്കിൽ 200 മീറ്ററോളം ഒഴുകി മുങ്ങിത്താഴ്ന്ന കാറിൽ നിന്നു യുവതിയടക്കം 4 വിനോദസഞ്ചാരികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഹൈദരാബാദ് സ്വദേശികളായ തൗസീഫ് ഹഫീസ്, (22), സുപ്രിയ (21), മഥൻ (21), യശ്വന്ത് (23) എന്നിവരാണു രക്ഷപ്പെട്ടത്.
ഇന്നലെ പുലർച്ചെ മൂന്നോടെ കുറുപ്പന്തറക്കടവ് തോട്ടിലാണ് അപകടം. സംഘം മൂന്നാർ സന്ദർശിച്ച ശേഷം ഗൂഗിൾ മാപ്പ് നോക്കി കമ്പം – ചേർത്തല മിനി ഹൈവേയിലൂടെ ആലപ്പുഴയിലേക്കു പോകുന്നതിനിടെയാണു ദിശ തെറ്റി കുറുപ്പന്തറക്കടവ് തോട്ടിലേക്കു കാർ പതിച്ചത്.
യശ്വന്ത് ആണു കാർ ഓടിച്ചിരുന്നത്. മറ്റുള്ളവർ മയക്കത്തിലായിരുന്നു. കുറുപ്പന്തറ ഭാഗത്തു നിന്ന് എത്തിയ കാർ കുറുപ്പന്തറക്കടവ് ഭാഗത്ത് എത്തിയപ്പോൾ വളവു തിരിയാതെ നേരെയുള്ള റോഡിലൂടെ 100 മീറ്റർ സഞ്ചരിച്ച് തോട്ടിൽ പതിക്കുകയായിരുന്നു.
തോട്ടിൽ ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നു. കാറിന്റെ ചില്ല് ഉയർത്തിയിരുന്നതിനാൽ സാവധാനമാണു കാറിനുള്ളിലേക്കു വെള്ളം എത്തിയത്. പകുതി മുങ്ങി ഒഴുകിപ്പോകുകയായിരുന്ന കാർ സമീപത്തെ തിട്ടയിലിടിച്ചതോടെ കാറിലുണ്ടായിരുന്നവർ കാറിന്റെ ചില്ലു താഴ്ത്തി സമീപത്തെ പാടത്തിന്റെ പുറംബണ്ടിൽ പിടിച്ചു കയറി. ഉടൻ തന്നെ കാർ പൂർണമായി വെള്ളത്തിൽ താഴുകയും കാണാതാകുകയും ചെയ്തു. രക്ഷപ്പെട്ട യാത്രക്കാർ അറിയിച്ചതിനെത്തുടർന്നു കടുത്തുരുത്തിയിൽ നിന്നു പൊലീസ് സംഘമെത്തി. പിന്നീട് പൊലീസ് ഇവരെ സമീപമുള്ള ലോഡ്ജിലെത്തിച്ചു.
രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണു കടവിൽ നിന്ന് 200 മീറ്റർ അകലെ പൂർണമായും മുങ്ങിയ കാർ കണ്ടെത്തിയത്. നാട്ടുകാരും പരിസരവാസികളും രണ്ടര മണിക്കൂറോളം പണിപ്പെട്ട് കയർ കെട്ടി വലിച്ച് കാർ കടവ് ഭാഗത്ത് എത്തിച്ചു. പിന്നീട് ക്രെയിൻ എത്തിച്ച് ഉയർത്തിയാണു കാർ കരയ്ക്കു കയറ്റിയത്. ഒഴുകിപ്പോയ സർട്ടിഫിക്കറ്റുകളും വിലപിടിച്ച രേഖകളുമടങ്ങിയ പെട്ടി കണ്ടെത്തി.
കടുത്തുരുത്തിയിൽ നിന്നു പൊലീസും അഗ്നിരക്ഷാസേനയും റവന്യു വകുപ്പ് അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. തോമസ് ചാഴികാടൻ എംപി സ്ഥലത്ത് എത്തിയിരുന്നു. കുറുപ്പന്തറക്കടവ് ഭാഗത്ത് ദിശ തെറ്റി വാഹനങ്ങൾ തോട്ടിൽ പതിക്കുന്നതു പതിവാണ്. ഇവിടെ സുരക്ഷാസംവിധാനങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല.
ഗൂഗിൾ മാപ്പ് - ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
∙ ഗൂഗിൾ മാപ്പിൽ വഴി തിരയുമ്പോൾ ടൂവീലറാണോ ത്രീവീലറാണോ അതോ കാൽനടയാണോ യാത്രാരീതിയെന്നു കൃത്യമായി തിരഞ്ഞെടുക്കുക.
∙ വഴി തെറ്റിപ്പോകാതിരിക്കാനായി ആഡ് സ്‌റ്റോപ് ഉപയോഗിക്കാം. ദീർഘദൂരയാത്രയിൽ നമുക്കറിയാവുന്ന സ്‌റ്റോപ്പുകൾ കൂടി ഉൾപ്പെടുത്തുക.
∙ രാത്രിയാത്രകളിൽ ഹൈവേയോ പ്രധാനവഴികളോ ഉപയോഗിക്കുക, പ്രത്യേകിച്ചും അപരിചിതമേഖലകളിൽ. വഴി തെറ്റുന്നതും ശ്രദ്ധിക്കുക. വഴി തെറ്റിയാൽ റീറൂട്ട് എന്ന ഓപ്ഷൻ വഴി ഗൂഗിൾ മറ്റൊരു വഴി സ്വയം തിരഞ്ഞെടുക്കും.
∙ ഗൂഗിൾ മാപ്പ് അപ്‌ഡേറ്റുകൾ കൃത്യമായി ചെയ്യുക.
∙ മികവുറ്റ നാവിഗേഷനു ലൊക്കേഷൻ ഹൈ ആക്യുറസിയിൽ വയ്ക്കാം. ഇതിനായി സെറ്റിങ്‌സിൽ പോയി ഗൂഗിൾ ലൊക്കേഷൻ സെറ്റിങ്‌സ് തിരഞ്ഞെടുത്ത ശേഷം അഡ്വാൻസ്ഡിൽ വിരലമർത്താം. ഇതിനു ശേഷം വരുന്ന മെനുവിൽ ഗൂഗിൾ ലൊക്കേഷൻ ആക്യുറസി എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഓൺ ആക്കി വയ്ക്കാം. കോംപസ് കാലിബ്രേറ്റ് ചെയ്യുക എന്ന ഓപ്ഷനും പരിഗണിക്കാം.
∙ വഴിയിൽ കാര്യമായ പ്രശ്‌നമോ സ്ഥിരമായ ഗതാഗതതടസ്സമോ ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പിന്റെ ആപ്പ് തുറന്നു ചുവടെയുള്ള കോൺട്രിബ്യൂട്ട് എന്ന ഓപ്ഷനിൽ വിരലമർത്താം. തുടർന്നു തുറക്കുന്ന വിൻഡോയിൽ നിന്ന് എഡിറ്റ് മാപ്പ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ആഡ് ഓർ ഫിക്‌സ് റോഡ് എന്ന പുതിയ ഓപ്ഷൻ കാണാം. ഇതു തിരഞ്ഞെടുത്ത് എന്താണു പ്രശ്‌നമെന്നു റിപ്പോർട്ട് ചെയ്യാം. ഗൂഗിൾ മാപ്‌സ് ഇക്കാര്യം പരിഗണിക്കും.