‘കൂരിരുട്ടിൽ കാറിനുള്ളിലേക്ക് വെള്ളം ഇരച്ചെത്തി; മരണം ഉറപ്പാക്കിയ നിമിഷങ്ങൾ...’
Mail This Article
കുറുപ്പന്തറ ∙ ‘‘എന്താണു സംഭവിക്കുന്നതെന്നു മനസ്സിലായില്ല. വലിയ ശബ്ദത്തോടെയാണു കാർ തോട്ടിൽ പതിച്ചത്. കാറിനു ചുറ്റും വെള്ളം നിറഞ്ഞു. കാർ ഒഴുകിപ്പോകുകയായിരുന്നു. കൂരിരുട്ടിൽ എന്തു ചെയ്യണം എന്നറിയാതെ എല്ലാവരും നിലവിളിക്കുകയായിരുന്നു’’– കാറിനുള്ളിൽ നിന്നു രക്ഷപ്പെട്ട സഞ്ചാരികളായ തൗസിഫും (21) യശ്വന്തും (23) ഞെട്ടലോടെ പറഞ്ഞു. പേടി ഇപ്പോഴും മാറിയിട്ടില്ല.
കാറിനുള്ളിലേക്കു വെള്ളം ഇരച്ചെത്തിയതോടെ എല്ലാവരും മരണം ഉറപ്പാക്കി. എങ്ങനെയോ കാറിന്റെ ചില്ലു താഴ്ത്താനായതാണു രക്ഷയായത്. ഇതിനിടയിൽ കാർ എവിടെയോ ഇടിച്ചുനിന്നു. ഇതോടെ തുറന്ന ചില്ലിലൂടെ അകത്തേക്ക് ഇരച്ചെത്തിയ വെള്ളത്തിലൂടെ എല്ലാവരും എങ്ങനെയോ പുറത്തെത്തി. ചുറ്റും ഇരുട്ടും നല്ല മഴയും.
പാടത്തിലൂടെ വീണും നീന്തിയും 4 പേരും ഒരുവിധം കരയ്ക്ക് എത്തി. കയ്യിലുണ്ടായിരുന്ന ഫോൺ നനഞ്ഞിരുന്നെങ്കിലും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇതുമൂലം പൊലീസിനെ വിവരം അറിയിക്കാൻ കഴിഞ്ഞു. സ്ഥലം കൃത്യമായി പറയാൻ കഴിഞ്ഞില്ലെങ്കിലും പൊലീസ് സംഘം സ്ഥലത്തെത്തി. മൂന്നാറിൽ നിന്നു ഗൂഗിൾ മാപ്പ് നോക്കിയാണു യാത്ര തുടങ്ങിയത്. ആലപ്പുഴയിൽ രാവിലെ എത്താനാണു തീരുമാനിച്ചിരുന്നത്. മഥൻ എംബിബിഎസ് പഠനം പൂർത്തിയാക്കിയിരുന്നു. 3 ദിവസം മുൻപാണു സുഹൃത്തുക്കളായ 4 പേരും കാറിൽ കേരളത്തിലേക്കു യാത്ര തിരിച്ചത്.
ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നു പറയുന്ന കേരളത്തിൽ ഈ യാത്രയിൽ എവിടെയും സഞ്ചാരികൾക്കു സുരക്ഷിതമായി സഞ്ചരിക്കാനുള്ള ദിശാബോർഡുകൾ കണ്ടില്ല. കുറുപ്പന്തറക്കടവ് ഭാഗത്ത് തോട് സൂചിപ്പിക്കുന്ന മുന്നറിയിപ്പു ബോർഡുകളൊന്നും ഇല്ല. ഇനി കേരളത്തിലേക്കു യാത്രയില്ലെന്നും ഇവർ പറഞ്ഞു. നാട്ടുകാരുടെ സഹകരണം ഒരിക്കലും മറക്കില്ല. എല്ലാവരോടും നന്ദിയുണ്ട്– തൗസിഫും യശ്വന്തും കൈകൂപ്പി പറഞ്ഞു.