ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു; ഒഴിവായത് വൻദുരന്തം
Mail This Article
കടുത്തുരുത്തി ∙ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിക്കു തീപിടിച്ച് അപകടം. ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു. ഒഴിവായത് വൻദുരന്തം. ഡ്രൈവർ കായംകുളം സ്വദേശി രാഹുൽ (40) ആണു തീപിടിച്ച ടാങ്കർ ലോറിയിൽ നിന്നു പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. കോട്ടയം– എറണാകുളം റോഡിൽ മുട്ടുചിറ ആറാംമൈലിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ഇരുമ്പനത്തു നിന്ന് 12,000 ലീറ്റർ ഇന്ധനവുമായി ചെങ്ങന്നൂരിലേക്കു പോയ ടാങ്കർ ലോറിക്കാണു തീപിടിച്ചത്.
ആറാംമൈൽ കയറ്റം കയറുന്നതിനിടെ ടാങ്കർ ലോറിയുടെ മുൻഭാഗത്തു നിന്നു തീ ആളിപ്പടരുകയായിരുന്നു. ഡ്രൈവർ രാഹുൽ ആത്മസംയമനത്തോടെ ലോറി ബ്രേക്കിട്ടു നിർത്തിയ ശേഷം ചാടിയിറങ്ങി. ലോറിക്കു പിന്നിലുണ്ടായിരുന്ന കടുത്തുരുത്തി സ്റ്റേഷനിലെ പൊലീസ് സംഘം അറിയിച്ചതിനെത്തുടർന്നു കടുത്തുരുത്തി അഗ്നിരക്ഷാസേനയുടെ 3 യൂണിറ്റ് ഉടൻ സ്ഥലത്തെത്തി തീയണയ്ക്കാൻ ആരംഭിച്ചു.
പൊലീസ് ഇതുവഴിയുള്ള ഗതാഗതം തടഞ്ഞ് വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. ഒന്നര മണിക്കൂറോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ടാങ്കർ ലോറിയിലുണ്ടായ ഷോർട്ട് സർക്കീറ്റാണു തീപിടിത്തത്തിനു കാരണമെന്നു കരുതുന്നു. ലോറിയുടെ മുൻഭാഗം പൂർണമായി കത്തിനശിച്ചു. ടാങ്കർ ഭാഗത്തേക്കു തീ പടരാതിരുന്നതു മൂലം വൻദുരന്തം ഒഴിവായി.