ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക്കും ദുബായിലെ എക്സാലോജിക്കും രണ്ടാണെന്നു സിപിഎം കേന്ദ്രകമ്മിറ്റിയംഗം ടി.എം.തോമസ് ഐസക്. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കൺസൽറ്റിങ് കമ്പനിയുടെ അബുദാബി കമേഴ്സ്യൽ ബാങ്കിലെ അക്കൗണ്ടിലേക്കു വിദേശ കമ്പനികളിൽനിന്നു പണം വന്നുവെന്ന ഷോൺ ജോർജിന്റെ ആരോപണത്തിനാണ് ഐസക് ഫെയ്സ്ബുക്കിൽ മറുപടി നൽകിയത്.

ദുബായിലെ കമ്പനിയുടെ പേര് എക്സാലോജിക് കൺസൽറ്റിങ് എന്നും വീണയുടെ കമ്പനിയുടെ പേര് എക്സാലോജിക് സൊലൂഷൻസ് എന്നുമാണ്. ഷോൺ ജോർജിന്റെ ആരോപണം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ ഗൂഗിൾ ചെയ്ത് ദുബായിലെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റ് പരിശോധിച്ചിരുന്നെങ്കിൽ ഇതു വ്യക്തമാകുമായിരുന്നു. ദുബായ് കമ്പനിക്ക് അഞ്ചു കോർപറേറ്റ് ഓഫിസുകളാണുള്ളത്. മൂന്നെണ്ണം യുഎഇയിലും ഒരെണ്ണം ലണ്ടനിലും മറ്റൊന്നു ബംഗളൂരുവിലുമാണ്. ബെംഗളൂരുവിലെ കമ്പനിയുടെ പേര് എക്സാലോജികോ സിസ്റ്റംസ് ആൻഡ് സർവീസസ് എന്നാണ്. ഇവയല്ലാതെ മറ്റൊരു സ്ഥാപനവുമായി തങ്ങൾക്കു ബന്ധമില്ലെന്നും ഉടമസ്ഥർക്കു രാഷ്ട്രീയബന്ധമില്ലെന്നും കമ്പനി വിശദീകരിച്ചിട്ടുണ്ട്. ആരോപണം തെറ്റെങ്കിൽ തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കട്ടെയെന്നാണു ഷോൺ ജോർജിന്റെ വെല്ലുവിളി. ഇദ്ദേഹത്തെപ്പോലൊരു ശല്യക്കാരനായ വ്യവഹാരി നൽകിയിരിക്കുന്ന ഉപഹർജി പിൻവലിക്കാൻ കോടതി അനുവദിക്കരുതെന്ന് അഭ്യർഥനയുണ്ട്. കുഴൽനാടൻ കേസിലെന്നപോലെ ഒരു തീർപ്പുണ്ടാകണമെന്നും ഐസക്കിന്റെ പോസ്റ്റിൽ പറയുന്നു.

അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ ടി.വീണ, എം.സുനീഷ് എന്നിവർ സിഗ്നേറ്ററീസ് ആയിട്ടുള്ള ഒരു ബാങ്ക് അക്കൗണ്ട് എക്സാലോജിക് കമ്പനിക്ക് ഇല്ല എന്നു പറയാൻ തോമസ് ഐസക്കിനു തന്റേടമുണ്ടോയെന്ന് ഇതിനു ഫെയ്സ്ബുക്കിൽ നൽകിയ മറുപടിയിൽ ഷോൺ ജോർജ് വെല്ലുവിളിച്ചു. വീണയുടെ കമ്പനിയുടെ പേരിലെ കുത്തും കോമയും നോക്കി വിഷയം വഴി തിരിച്ചുവിടാനുള്ള കുരുട്ടുബുദ്ധിയാണ് ഐസക്കിന്റേത്. മുഖ്യമന്ത്രിയുടെ മകൾക്കു ലോകമെമ്പാടും എവിടെയൊക്കെ അക്കൗണ്ടുകൾ ഉണ്ടെന്നും എന്തൊക്കെ സാമ്പത്തിക ഇടപാടുകളുണ്ടെന്നും തോമസ് ഐസക്കിന് അറിയുമോയെന്നും ഷോൺ ചോദിച്ചു. കേസ് കൊടുക്കാനും വെല്ലുവിളിച്ചു.

എക്സാലോജിക്: ആദായനികുതി വകുപ്പിന് 3 ആഴ്ച

ന്യൂഡൽഹി ∙ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടു സംബന്ധിച്ച അന്വേഷണങ്ങൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി നൽകിയ ഹർജിയിൽ മറുപടി നൽകാൻ ഡൽഹി ഹൈക്കോടതി ആദായനികുതി വകുപ്പിനു മൂന്നാഴ്ച കൂടി സമയം അനുവദിച്ചു. ഹർജിയിൽ നേരത്തെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ), ആദായ നികുതി വകുപ്പ് എന്നിവർക്കു കോടതി നോട്ടിസ് അയച്ചിരുന്നു. മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന ആദായനികുതി വകുപ്പിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഹർജി ജൂലൈ 29നു വീണ്ടും പരിഗണിക്കും.

English Summary:

Clash between Shone George and Thomas Isaac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com