ADVERTISEMENT

കൊച്ചി ∙ എക്സാലോജിക് കമ്പനിക്കു കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) ഇല്ലാത്ത സേവനത്തിനു പ്രതിഫലം നൽകിയെന്ന വിഷയത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. അതേസമയം, എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി നൽകിയ ഹർജി ജൂലൈ 15ന് പരിഗണിക്കാൻ മാറ്റി. 

എസ്എഫ്ഐഒ അന്വേഷണം നടക്കുന്നുണ്ടെന്നു കേന്ദ്ര സർക്കാർ അറിയിച്ചതു പരിഗണിച്ചാണു ജസ്റ്റിസ് ടി.ആർ. രവി ഷോണിന്റെ ഹർജിയിൽ തുടർനടപടികൾ അവസാനിപ്പിച്ചത്. വീണാ വിജയന്റെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനിക്ക് ഇത്തരത്തിൽ അധികമായി ലഭിച്ച തുക തിരികെപ്പിടിക്കണമെന്നുള്ള ഹർജിയിലെ ആവശ്യം അന്വേഷണത്തിനു ശേഷം തീരുമാനിക്കേണ്ട കാര്യമാണെന്നും കോടതി പറഞ്ഞു.

സിഎംആർഎൽ, മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് 1.72 കോടി രൂപ നൽകിയെന്നു കോട്ടയം ജില്ലാ പഞ്ചായത്തംഗവും സിഎംആർഎലിൽ മൈനോരിറ്റി ഷെയർ ഹോൾഡറുമായ ഷോൺ ജോർജ് നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. ഷോണിന്റെ ഹർജി പരിഗണനയിലിരിക്കെ ജനുവരി 31നു കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രധാന ഹർജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചതോടെ, വീണാ വിജയൻ വിദേശ ബാങ്കിലെ അക്കൗണ്ടിലൂടെ കള്ളപ്പണമിടപാടു നടത്തിയെന്ന് ആരോപിച്ച് ഷോൺ ജോർജ് കഴിഞ്ഞ ദിവസം ഫയൽ ചെയ്ത ഉപഹർജിയും കോടതി പരിഗണിച്ചില്ല. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ മറ്റു മുൻവിധികൾ ആവശ്യമില്ലെന്നു കോടതി പറഞ്ഞു. ആവശ്യമെങ്കിൽ ഹർജിക്കാരന് അനുയോജ്യ ഘട്ടത്തിൽ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. 

ഇതിനിടെ, ഷോൺ ജോർജിന്റെ ഓഫിസിലേക്കു ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി മാർച്ച്‌ നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങളുന്നയിച്ചുവെന്നാരോപിച്ചായിരുന്നു മാർച്ച്. അടഞ്ഞുകിടന്ന ഓഫിസിലേക്കു ഡിവൈഎഫ്‌ഐ പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. ഹൈക്കോടതി ജംക്‌ഷനിൽ നിന്നാരംഭിച്ച മാർച്ച്‌ ജില്ലാ സെക്രട്ടറി എ.ആർ. രഞ്ജിത്ത്‌ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം മീനു സുകുമാരൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി അമൽ സോഹൻ, ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗങ്ങളായ മനീഷ രാധാകൃഷ്‌ണൻ, കെ.സി. അരുൺകുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.എസ്‌. ഷഫാക്ക്‌, മനു ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു. ബിനീഷ് കോടിയേരിക്കും കൂടി പാർട്ണർഷിപ് ഉള്ള ഓഫിസ് ആണിത്.

English Summary:

Exalogic Shone George petition settled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com