വീണയുടെ കമ്പനിയും ദുബായ് കമ്പനിയും ഒന്നല്ല: ഷോണിന് മറുപടിയുമായി ഐസക്
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയുടെ പേര് എക്സാലോജിക് സൊല്യൂഷൻസ് ആണെന്നും ദുബായ് കമ്പനിയുടെ പേര് എക്സാലോജിക് കൺസൾട്ടിങ് എന്നുമാണെന്നു സിപിഎം നേതാവ് ടി.എം.തോമസ് ഐസക്. സിഎംആർഎൽ –എക്സാലോജിക് ഇടപാടിൽ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്ന അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്കു 2 വിദേശ കമ്പനികൾ വൻതുക നിക്ഷേപിച്ചെന്ന ബിജെപി നേതാവ് ഷോൺ ജോർജിന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു തോമസ് ഐസക്.
ഗൂഗിൾ ചെയ്ത് ദുബായിയിലെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റ് പരിശോധിച്ചിരുന്നെങ്കിൽ വീണയുടെ കമ്പനിയുടെ പേര് എക്സാലോജിക് സൊല്യൂഷൻസ് എന്നാണെന്നും ദുബായ് കമ്പനിയുടെ പേര് എക്സാലോജിക് കൺസൾട്ടിങ് എന്നാണെന്നും വ്യക്തമാകുമായിരുന്നെന്നു തോമസ് ഐസക് ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. ദുബായ് കമ്പനിക്ക് വിശദീകരണം ആവശ്യപ്പെട്ട് ഒരു മെയിൽ അയച്ചിരുന്നെങ്കിൽ അവർ വിശദീകരണം മാധ്യമ പ്രവർത്തകർക്ക് അയച്ചുകൊടുക്കുമായിരുന്നു.
ദുബായ് കമ്പനിക്ക് 5 കോർപറേറ്റ് ഓഫിസുകളാണുള്ളത്. മൂന്നെണ്ണം യുഎഇയിലും ഒരെണ്ണം ലണ്ടനിലും മറ്റൊന്ന് ബെംഗളൂരുവിലുമാണ്. ബെംഗളൂരുവിലെ കമ്പനിയുടെ പേര് എക്സാലോജികോ സിസ്റ്റംസ് ആൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. ഇവയുമായല്ലാതെ മറ്റൊരു സ്ഥാപനവുമായി ബന്ധമില്ലെന്നും, ഷോൺ പറയുന്ന മലയാളികളായ ഉടമസ്ഥർക്ക് ഒരു രാഷ്ട്രീയ ബന്ധവുമില്ലെന്നും യുഎഇ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
മസാലബോണ്ട് വിഷയത്തിൽ ഷോൺ ഉന്നയിച്ച ആരോപണങ്ങൾക്കും തോമസ് ഐസക് മറുപടി നൽകി. മസാലബോണ്ട് മാർക്കറ്റ് എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന പ്രാഥമിക വിവരമുള്ള ഒരാൾ ഇങ്ങനെ പറയുമോയെന്ന് ഐസക് ചോദിച്ചു. റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം മസാലബോണ്ട് ഇറക്കുന്നതിന് അംഗീകൃത ബാങ്കുകളായ ഏജൻസികളെ ചുമതലപ്പെടുത്തണം. അവർ ടെൻഡർ വിളിച്ച് ഏറ്റവും താഴ്ന്ന നിരക്ക് ക്വോട്ട് ചെയ്യുന്നവരുടെ വിവരം കിഫ്ബിയെ അറിയിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് ബോണ്ട് വിൽക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.