ADVERTISEMENT

ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെല്ലാം അതിന്റെ മനഃസാക്ഷിയായി ഉയർന്ന ഒരു മലയാളിയുണ്ട്: ബാബു രാജേന്ദ്ര പ്രസാദ്  ഭാസ്കർ എന്ന ബിആർപി ഭാസ്കർ. ജോലിയിൽനിന്നൊക്കെ വിരമിച്ച് നാട്ടിലെത്തിയ അദ്ദേഹം സക്കറിയയുമായി ചേർന്ന് ഏഷ്യാനെറ്റിൽ ഒരുക്കിയ ‘പത്രവിശേഷം’ എന്ന താരതമ്യങ്ങളില്ലാത്ത പംക്തിയിലൂടെ മലയാള മാധ്യമങ്ങളുടെയെല്ലാം മനഃസാക്ഷിയായി. അതിൽ ഒരു പത്രത്തെപ്പറ്റിയുള്ള പരാമർശം അന്നത്തെ ചാനൽ ഉടമ വെട്ടിക്കളഞ്ഞപ്പോൾ അവിടെനിന്നു പടിയിറങ്ങിയ ബിആർപിയെ പിന്നെ നാം കണ്ടത്, കേരളത്തിന്റെ തന്നെ മനഃസാക്ഷിയായാണ്. 

‘നവഭാരതം’ പത്രാധിപരായിരുന്ന പിതാവ് എ.കെ.ഭാസ്കരൻ കണ്ടുപിടിക്കാതിരിക്കാൻ കള്ളപ്പേരുവച്ച് എഴുതി അയച്ച രാഷ്ട്രീയ ലേഖനം ആ പത്രം പ്രസിദ്ധീകരിച്ചതോടെ തുടങ്ങിയതാണ് മനഃസാക്ഷിക്കുത്ത്. പിന്നീട് ‘ഹിന്ദു’വിലും ‘പേട്രിയറ്റിലും’ ‘ഡക്കാൻ ഹെറൾഡി’ലും പത്രപ്രവർത്തകനായ അദ്ദേഹത്തിന്റെ തിളങ്ങുന്ന ഇതിഹാസം വാർത്താ ഏജൻസിയിലായിരുന്നു. അദ്ദേഹവും വി.പി.രാമചന്ദ്രനും കൂടിയാണ് യുഎൻ‍ഐയെ ചലനാത്മകതയുള്ള വാർത്താ ഏജൻസിയാക്കിയത്.

മനുഷ്യൻ ചന്ദ്രനിലിറങ്ങിയശേഷം വിശദവാർത്ത അയച്ചാൽ ഒരു പത്രത്തിലും കയറില്ലെന്നതിനാൽ വിശദാംശങ്ങൾ കഷ്ടപ്പെട്ടു ശേഖരിച്ച് ഒരു റിപ്പോർട്ട് മുൻകൂട്ടി തയാറാക്കി യുഎൻ‍‌‌ഐയിലൂടെ എത്തിച്ചതിന് ബിആർപിക്ക് ഇപ്പോഴും സ്തുതി പറയുന്ന എത്രയോ പത്രാധിപന്മാരുണ്ട്.

ചന്ദ്രയാത്രികർ കയറിയ പേടകം പുലർച്ചെ 1.47 നാണ് ചന്ദ്രനിൽ ഇറങ്ങിയത്. അതിന്റെ മുൻകൂർ വാർത്ത ‘ഫ്ളാഷ് വാർത്ത കിട്ടിയശേഷമേ അച്ചടി തുടങ്ങാവൂ’ എന്ന നിർദേശത്തോടെ ബിആർപി നൽകിയിരുന്നു. അന്ന് എല്ലാ പത്രങ്ങളും ഉപയോഗിച്ച ലീഡ് സ്റ്റോറി യുഎൻഐയുടേതായിരുന്നു, പിടി‌ഐയുടേതല്ല. 

∙ ഡൽഹിയിലെത്ര ഖുറാനമാർ 

മലയാളത്തിലെ ഏറ്റവും സ്വർഗധനരായ എഴുത്തുകാരിൽ മുൻപനായ എം.പി.നാരായണപിള്ളയ്ക്ക് എഴുതാൻ ധൈര്യം കൊടുത്തതും ദൂരദർശന്റെ പ്രതാപകാലത്ത് അതിന്റെ ദേശീയ പരിപാടിയിൽ തകഴിയുടെ ‘കയർ’ പരമ്പരയാക്കിയതും മതി ബിആർപിയെ ഓർക്കാൻ. വാർത്തയുടെ കാര്യത്തിൽ അടഞ്ഞ ഏതു വഴിയും തുറക്കാനുള്ള ഒരു വിരുത് ബിആർപിക്കുണ്ടായിരുന്നു. ഹർ ഗോബിന്ദ് ഖുറാന എന്നു പേരുള്ള, ഇവിടെയെങ്ങും അറിയപ്പെടാത്ത ഒരു ഇന്ത്യക്കാരന് നൊബേൽ സമ്മാനം ലഭിച്ചപ്പോൾ അദ്ദേഹത്തിന്റെ ഇന്ത്യാ ബന്ധം ബിആർപി കണ്ടുപിടിച്ചത് ഡൽഹി ടെലിഫോൺ ഡയറക്ടറിയിൽ പേരുള്ള എല്ലാ ഖുറാനമാരെയും വിളിച്ചാണ്. 

ബംഗ്ലദേശ് യുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പ്, പാക്കിസ്ഥാന്റെ നടപടികളോട് കിഴക്കൻ പാക്കിസ്ഥാൻ എങ്ങനെയാണു പ്രതികരിക്കുന്നതെന്നറിയാൻ ഡൽഹിയിലുള്ള ഇന്ത്യക്കാരും വിദേശികളുമായ പത്രക്കാരെല്ലാം ശ്രമിക്കുകയാണ്. ദിവസം മുഴുവൻ ശ്രമിച്ചിട്ടും ഡൽഹിയിൽനിന്നു ധാക്കയിലേക്കു ടെലിഫോൺ ലൈൻ കിട്ടുന്നില്ല. കൊൽക്കത്തയിൽനിന്നു ശ്രമിച്ചു നോക്കാൻ അവിടത്തെ ലേഖകനോടു ബിആർപി പറഞ്ഞു. അങ്ങനെ ബിആർപിക്കു മാത്രമാണ് മുജീബുർ റഹ്മാന്റെ പ്രശസ്തമായ പ്രസംഗം കിട്ടിയത്. അത് ഉദ്ധരിച്ചാണ് പിന്നീട് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 

∙ തടസ്സങ്ങളെ ചാമ്പലാക്കിയ‌ ചിന്ത 

ചമ്പൽ താഴ്‌വരയിൽ ഒരു വിമാനാപകടമുണ്ടായത് ഡൽഹി അറിയുന്നത് രാവിലെ 9 മണിക്കാണ്. പത്രങ്ങളെല്ലാം ഡൽഹിയിൽനിന്നു ഫൊട്ടോഗ്രഫർമാരെ അയച്ചു. പക്ഷേ, ബിആർപി വ്യത്യസ്തമായാണ് ചിന്തിച്ചത്. ഫൊട്ടോഗ്രഫർ ചമ്പലിലെത്തുമ്പോൾ വൈകും.

 കൊള്ളക്കാരുടെ താവളമായ ചമ്പൽ താഴ്‌വരയിലേക്കു പേടിച്ച് ആരും രാത്രിയിൽ പോവില്ല. അപ്പോൾ പിറ്റേന്നത്തെ പത്രത്തിൽ ചിത്രം കൊടുക്കാനാവില്ല. അദ്ദേഹം ആഗ്രയിലെ ലേഖകനെ വിളിച്ച്, നല്ല ഒരു ഫൊട്ടോഗ്രഫറുമായി ചമ്പലിലേക്കു പോകാൻ പറഞ്ഞു. പിറ്റേന്ന് ഡൽഹിയിൽ ബിആർപിയുടെ പത്രത്തിൽ മാത്രമാണു ചിത്രം വന്നത്. 

ഏതുതരം രചനയ്ക്കും ആശ്രയിക്കാവുന്നയാളായിരുന്നു ഈ അതുല്യ പത്രപ്രവർത്തകപ്രതിഭ. സമയമില്ലാഞ്ഞിട്ടാണ്, അല്ലെങ്കിൽ, ഇന്ത്യാ മഹാരാജ്യത്തെ തിരഞ്ഞെടുപ്പു ഫലം കൊടുത്തുതീർക്കാൻ പത്രത്തിൽ സ്ഥലം തികയാത്ത ദിവസം മരിക്കേണ്ടിവരുന്നതിന്റെ ദുർവിധിയെപ്പറ്റി ഒരു ലേഖനം തന്നിട്ടേ അദ്ദേഹം പോകുമായിരുന്നുള്ളൂ. 

English Summary:

Journalist BRP Bhaskaran passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com