ADVERTISEMENT

കൊച്ചി ∙ ഉദ്യോഗസ്ഥർ സഹാനുഭൂതിയോടെ പെരുമാറുകയും നല്ല രീതിയിൽ ആശയവിനിയമം നടത്തുകയും ചെയ്താൽ സർക്കാർ ഓഫിസുകളിലെത്തുന്നവരുടെ പരാതികളിലേറെയും പരിഹരിക്കപ്പെടുമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. അപമാനിതരായെന്ന തോന്നലും നിരാശയും നിസ്സഹായവസ്ഥയുമാണു ജനങ്ങളെ കടുത്ത നടപടികളെടുക്കാൻ പ്രേരിപ്പിക്കുന്നത്. 

ആധാർ രേഖയിലെ ജനനത്തീയതിയിൽ തെറ്റുണ്ടെന്ന പേരിൽ പിഎഫ് അക്കൗണ്ടിലെ നിക്ഷേപം 10 വർഷം കഴിഞ്ഞിട്ടും ലഭിക്കാതിരുന്നതിനെത്തുടർന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) കൊച്ചി റീജനൽ ഓഫിസിലെ ശുചിമുറിയിൽ പേരാമ്പ്ര സ്വദേശി പി.കെ.ശിവരാമൻ വിഷം കഴിച്ചു മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സർക്കാർ ഓഫിസുകളി‍ൽ എത്തുന്ന ഒട്ടേറെപേർക്ക് തങ്ങൾ അപമാനിതരായെന്നും ഉദ്യോഗസ്ഥർ ഉദാസീനമായാണു പെരുമാറിയതെന്നുമുള്ള തോന്നലുണ്ടാകുന്നതിന്റെ കാരണം ആശയവിനിമയത്തിന്റെ കുറവാണെന്നു കോടതി പറഞ്ഞു. ഹർജിയിലെ ആരോപണങ്ങൾ ശരിയാണെന്നു സമ്മതിച്ചു പറയുന്നതല്ല. എന്നാൽ ബുദ്ധിശൂന്യമെന്നു തോന്നുന്ന നടപടികൾ നിസ്സഹായരായ പൗരൻമാർ സ്വീകരിക്കുമെന്നത് ഇപിഎഫ്ഒയിലെയും പൊതുസ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെയും കണ്ണു തുറപ്പിക്കേണ്ട ഒന്നാണ്.

സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നു അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ അന്വേഷണ പുരോഗതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നു കോടതി പറഞ്ഞു. തുടർന്ന് കൊച്ചി പൊലീസ് കമ്മിഷണറെയും എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറെയും സ്വമേധയാ ഹൈക്കോടതി കക്ഷി ചേർത്തു. പൊലീസ് അന്വേഷണം സംബന്ധിച്ചു വിശദീകരണം നൽകാൻ സർക്കാർ സമയം തേടിയതിനെ തുടർന്ന് ഹർജി 28 ലേക്ക് മാറ്റി. 

English Summary:

Government officials should behave well says High court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com