പോസ്റ്റർ ഒട്ടിക്കാതെ മൂന്നാമതായി; ഇപ്പോൾ പോസ്റ്റർ പ്രളയം
Mail This Article
തൃശൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്നു തുടർച്ചയായ മുന്നാം ദിവസവും നഗരത്തിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന്റെ (ഡിസിസി) മതിലിൽ പ്രതിഷേധ പോസ്റ്ററുകൾ. യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്കു പിൻതള്ളപ്പെട്ടതോടെ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്.
യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി.വിൻസന്റ്, കെപിസിസി നിർവാഹക സമിതി അംഗവും മുൻ എംഎൽഎയുമായ അനിൽ അക്കര എന്നിവർക്കെതിരെയാണ് ഇന്നലെ പോസ്റ്ററുകൾ പതിച്ചത്. ഇരുവരെയും പാർട്ടിയിൽ നിന്നു പുറത്താക്കണമെന്നാണ് ‘കോൺഗ്രസ് ബ്രിഗേഡ്’ എന്ന പേരിൽ പതിപ്പിച്ച പോസ്റ്റുകളിലെ പ്രധാന ആവശ്യം.
കെ.മുരളീധരന്റെ പോസ്റ്ററുകൾ അനിൽ അക്കര കിണറ്റിൽ തള്ളിയെന്നും കൈപ്പത്തിക്കു പൈസ വാങ്ങി സ്ഥാനാർഥികളെ പ്രഖ്യാപിച്ച വിൻസന്റ് ഒറ്റുകാരനാണെന്നുമുള്ള ആരോപണങ്ങളും പോസ്റ്റുകളിൽ ഉന്നയിച്ചിട്ടുണ്ട്. യുഡിഎഫ് ചെയർമാനാണു തോൽവിയുടെ യഥാർഥ ഉത്തരവാദി എന്നും പോസ്റ്ററുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വന്നതിന്റെ പിറ്റേന്നു ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, മുൻ എംപി ടി.എൻ.പ്രതാപൻ എന്നിവർക്കെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രതാപന് വാർഡിൽ പോലും സീറ്റു നൽകരുതെന്നും ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ രാജിവയ്ക്കണമെന്നുമുള്ള പോസ്റ്ററുകളാണു പതിച്ചിരുന്നത്.
ഡിസിസി ഓഫിസിന്റെ മുന്നിലും പ്രധാന മതിലിലും തൃശൂർ പ്രസ് ക്ലബ്ബിനു മുന്നിലുമായിരുന്നു ഈ പോസ്റ്ററുകൾ. കോൺഗ്രസ് ലവേഴ്സ് എന്ന പേരിലുള്ള പോസ്റ്ററുകളാണ് പതിച്ചിരുന്നത്. പിന്നീടു രണ്ടാം നാൾ എഴുതിത്തയാറാക്കിയ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇവയെല്ലാം പിന്നീടു നീക്കിയെങ്കിലും ഫോട്ടോ അടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ് ലവേഴ്സ്, കോൺഗ്രസ് ബ്രിഗേഡ്, സേവ് കോൺഗ്രസ്, കോൺഗ്രസ് ഫോറം തുടങ്ങിയ പല പേരുകളിൽ നേതൃത്വത്തിനെതിരെ പ്രതിഷേധം തുടരുന്നുണ്ട്.
ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആവശ്യമെങ്കിൽ രാജിവയ്ക്കാമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണു ടി.എൻ.പ്രതാപന്റെയും അനിൽ അക്കരയുടെയും നിലപാട്.