സർക്കാരിനെ വിമർശിച്ചും ലീഗിനെ അഭിനന്ദിച്ചും സമസ്ത മുഖപ്രസംഗം
Mail This Article
മലപ്പുറം ∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സർക്കാരിനെയും നിശിതമായി വിമർശിച്ചും മുസ്‌ലിം ലീഗിനെ അഭിനന്ദിച്ചും ‘സമസ്ത’ മുഖപത്രത്തിന്റെ മുഖപ്രസംഗം. ലീഗും സമസ്തയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ചൂണ്ടിക്കാട്ടുന്ന എസ്‌വൈഎസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ലേഖനവും പത്രത്തിന്റെ എഡിറ്റോറിയൽ പേജിലുണ്ട്. ലീഗ് വിരുദ്ധരെന്നു വിശേഷിപ്പിക്കപ്പെടുന്ന സമസ്തയിലെ ചെറുവിഭാഗം, പാർട്ടിയുമായി അനുരഞ്ജനം ആഗ്രഹിക്കുന്നതിന്റെ സൂചനയായി ഇതു വ്യാഖ്യാനിക്കപ്പെടുന്നു.
തിരഞ്ഞെടുപ്പു കാലത്തെ സമസ്ത മുഖപത്രത്തിന്റെ നിലപാട് വേദനിപ്പിച്ചുവെന്നു ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. സമസ്തയിലെ ചില നേതാക്കൾ ഇടതുപക്ഷത്തിന് അനുകൂലമായി പരസ്യ നിലപാട് സ്വീകരിക്കുകയും ചെയ്തു. സമസ്തയുമായി ചേർന്നു നിൽക്കുമ്പോഴും അതിലെ വിരുദ്ധരുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാട് ലീഗ് സ്വീകരിച്ചിരിക്കെയാണു മറുപക്ഷത്തിന്റെ അനുരഞ്ജന നീക്കം.
സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അതിരൂക്ഷമായ ഭാഷയിലാണു മുഖപ്രസംഗം വിമർശിക്കുന്നത്. പിണറായി വിജയന്റെ ധാർഷ്ട്യവും എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയവും തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമായി. തൊഴിലാളി പാർട്ടിയായ സിപിഎം ജനങ്ങളിൽനിന്ന് എത്രമാത്രം അകന്നുവെന്നതിന്റെ തെളിവാണു ഫലം.
അസഹിഷ്ണുതയുടെയും ധാർഷ്ട്യത്തിന്റെയും വക്താക്കളായി മാറിയ സിപിഎം നേതാക്കൾക്കു ജനമിട്ട മാർക്കാണു വിധിയെന്നും കുറ്റപ്പെടുത്തുന്നു. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാക്കുകയെന്നതു ലീഗിനു മാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണെന്നാണു ലീഗിനുള്ള പ്രശംസ.
ലീഗിനെയും സമസ്തയെയും അകറ്റാൻ ശ്രമിക്കുന്നതിനു പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയാണെന്നാണു ഹമീദ് ഫൈസിയുടെ ലേഖനത്തിൽ പറയുന്നത്. സമസ്തയിൽ സിപിഎം ഫ്രാക്‌ഷനോ ലീഗ് വിരുദ്ധരോ പാണക്കാട് വിരുദ്ധരോ ഇല്ലെന്നും വ്യക്തമാക്കുന്നു. ലീഗ് വിരുദ്ധ പക്ഷത്തെ പ്രമുഖനായി വിശേഷിപ്പിക്കപ്പെടുന്നയാളാണ് അബ്ദുൽ ഹമീദ് ഫൈസി.
രണ്ടാം പിണറായി സർക്കാരിനോടു സൗഹൃദ സമീപനമാണു സമസ്ത സ്വീകരിക്കുന്നത്. സമുദായ നേതൃത്വങ്ങളുമായി വ്യക്തിപരമായ അടുപ്പം സ്ഥാപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയും ഇതിനു കാരണമായി. ലീഗും സമസ്തയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തതോടെ, സമസ്തയ്ക്കു സർക്കാരിനോടുള്ള ബന്ധം രാഷ്ട്രീയ നിലപാടായി വിലയിരുത്തപ്പെട്ടു. തിരഞ്ഞെടുപ്പു കാലത്തു സമസ്തയിലെ ഒരു വിഭാഗം ഒളിഞ്ഞും തെളിഞ്ഞും ലീഗ് വിരുദ്ധ നിലപാട് സ്വീകരിച്ചെങ്കിലും ഏശിയില്ലെന്നു ഫലം തെളിയിക്കുന്നു.
ലീഗും സമസ്തയും തമ്മിൽ നേരത്തേയും അഭിപ്രായ ഭിന്നതയുണ്ടായിട്ടുണ്ട്. പാണക്കാട് കുടുംബത്തിന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പിലെത്തുന്നതായിരുന്നു രീതി. എന്നാൽ, പാണക്കാട് കുടുംബത്തിന്റെ നേതൃത്വത്തെ ചോദ്യംചെയ്യുന്ന രീതിയിലുള്ള നീക്കങ്ങൾ ചിലരിൽനിന്ന് ഉണ്ടായതാണു ലീഗിനെ ചൊടിപ്പിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെങ്കിലും കൂടുതൽ കടുത്ത പോരാട്ടം നടക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ചെറിയ എതിർപ്പുകൾ പോലും ഫലത്തെ ബാധിക്കുമെന്ന ബോധ്യം ലീഗിനുണ്ട്. ഇതുകൂടി മനസ്സിൽ വച്ചായിരിക്കും പുതിയ നീക്കങ്ങളോടുള്ള പ്രതികരണം.